കേന്ദ്രം കടുപ്പിച്ചു, ട്വിറ്റര്‍ വഴങ്ങി; ആവശ്യപ്പെട്ടതില്‍ 97% അക്കൗണ്ടുകള്‍ റദ്ദാക്കി
Mail This Article
ന്യൂഡൽഹി ∙ കർഷക സമരവുമായി ബന്ധപ്പെട്ടു തീവ്രവികാരമുണർത്തുന്ന ട്വീറ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് കേന്ദ്ര മുന്നറിയിപ്പിനു തൊട്ടുപിന്നാലെ നടപടി ആവശ്യപ്പെട്ടതില്‍ 97% അക്കൗണ്ടുകള്‍ ട്വിറ്റര്‍ റദ്ദാക്കി. 1,435 അക്കൗണ്ടുകള്‍ക്കെതിരെ ആണ് കേന്ദ്രം നടപടിയാവശ്യപ്പെട്ടത്. ഇതില്‍ 1398 എണ്ണം റദ്ദാക്കി.
ഇന്ത്യയിലെ നയരൂപീകരണസംഘം ട്വിറ്റര്‍ പുനഃസംഘടിപ്പിക്കും. ട്വീറ്റുകൾ നീക്കം ചെയ്തില്ലെങ്കിൽ ട്വിറ്റർ ഇന്ത്യയുടെ ഉയർന്ന ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തേക്കുമെന്നു കേന്ദ്ര ഐടി മന്ത്രാലയം മുന്നറിയിപ്പു നൽകിയെന്ന സൂചനകൾ പുറത്തു വന്നിരുന്നു. ഇന്ത്യന്‍ നിയമങ്ങൾ പാലിച്ച് പ്രവര്‍ത്തിക്കണമെന്ന് ട്വിറ്ററിന് കേന്ദ്ര െഎടി മന്ത്രി രവിശങ്കര്‍ പ്രസാദ് മുന്നറിയിപ്പ് നൽകിയിരുന്നു.
അമേരിക്കയിലും ഇന്ത്യയിലും വ്യത്യസ്ത നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയില്ല. യുഎസ് ക്യാപ്പിറ്റല്‍ മന്ദിരത്തിൽ നടന്ന കലാപത്തിൽ ട്വിറ്റര്‍ നടത്തിയ കര്‍ശന ഇടപെടല്‍ ചെങ്കോട്ടയിലെ അതിക്രമത്തില്‍ ഉണ്ടായില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തിയിരുന്നു. കേന്ദ്രസർക്കാർ നിർദേശിച്ച അക്കൗണ്ടുകളിൽ പകുതിയോളം ബ്ലോക്ക് ചെയ്തതായാണു ട്വിറ്റർ നേരത്തെ അറിയിച്ചിരുന്നത്. വിലക്ക് ഇന്ത്യയിൽ മാത്രം ബാധകമാക്കിയതും സർക്കാരിനെ ചൊടിപ്പിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാകുമെന്നതിനാൽ മാധ്യമങ്ങളുടെയും മാധ്യമപ്രവർത്തകർ, രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ എന്നിവരുടെയും അക്കൗണ്ടുകൾ വിലക്കില്ലെന്നും ട്വിറ്റർ നേരത്തെ വ്യക്തമാക്കിയിരുന്നു.
English Summary: Twitter complies with govt request, blocks 97% handles