ബിജെപിയിൽ ചേരുന്നത് തെറ്റല്ല; പ്രത്യേക ക്ഷണം ആവശ്യമില്ല: മുൻപേ എറിഞ്ഞ് ത്രിവേദി
Mail This Article
കൊൽക്കത്ത ∙ ബിജെപിയിൽ ചേരുന്നത് തെറ്റല്ലെന്നും പ്രത്യേക ക്ഷണം ആവശ്യമില്ലെന്നും മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ കോൺഗ്രസ് എംപിയുമായിരുന്ന ദിനേശ് ത്രിവേദി. ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തൃണമൂലിനെ ഞെട്ടിച്ചു കൊണ്ട് കഴിഞ്ഞ ദിവസമായിരുന്നു രാജ്യസഭ അംഗമായ ത്രിവേദി രാജിപ്രഖ്യാപനം നടത്തിയത്. രാജിക്കു പിന്നാലെ ബിജെപിയിലേക്കു ചേക്കേറുമെന്ന അഭ്യൂഹങ്ങൾ ശക്തമായപ്പോൾ പ്രതികരണവുമായി ത്രിവേദി രംഗത്തു വന്നത്.
എനിക്കു നേരത്തെ തന്നെ പോകാമായിരുന്നു. പ്രത്യേക ക്ഷണത്തിന്റെ കാര്യമുണ്ടെന്നു തോന്നുന്നില്ല. അവരെല്ലാവരും തന്നെ എന്റെ സുഹൃത്തുക്കളാണ്. ഇന്നും ഇന്നലെയും തുടങ്ങിയ ബന്ധം ഒന്നുമല്ല അത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നല്ല സുഹൃത്തുക്കളാണ്. നാളെ ഞാൻ ബിജെപിയിൽ ചേർന്നാലും അതിൽ യാതൊരു തെറ്റുമില്ല– ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ ത്രിവേദി പറഞ്ഞു.
ബിജെപി എന്നെ സ്വാഗതം ചെയ്യുകയാണെങ്കിൽ സന്തോഷം, എല്ലായിടത്തും ജനങ്ങൾ അവരെ അംഗീകരിച്ചു കഴിഞ്ഞു. രാജ്യത്തിനു വേണ്ടി നിലകൊള്ളുന്നവരാണവർ. തൃണമൂൽ കോർപ്പറേറ്റുകൾക്കു വേണ്ടിയാണ് നിലകൊള്ളുന്നത്. മമത ബാനർജി,അജിത് പഞ്ച, മുകുൾ റോയി എന്നിവർക്കൊപ്പം ഞാനും ചേർന്നു സ്ഥാപിച്ച പാർട്ടിയാണ് തൃണമൂൽ കോൺഗ്രസ്. 5000 രൂപ ഡൽഹിയിലേക്കുള്ള ടിക്കറ്റിനു കണ്ടെത്താൻ വിഷമിച്ചിരുന്ന കാലമുണ്ടായിരുന്നു പാർട്ടിക്ക്. ഇന്ന് പാർട്ടിയുടെ ആത്മാവ് നഷ്ടമായിരിക്കുന്നു. ഇന്ന് തൃണമൂൽ കോർപ്പറേറ്റുകളുടെ ദല്ലാളായി മാറിയിരിക്കുന്നു. കോടികൾ ദുർവ്യയം ചെയ്തിട്ട് സാധാരണക്കാരുടെ പാർട്ടിയെന്ന് അഭിമാനിക്കുന്നത് ശരിയല്ലെന്നും ത്രിവേദി പറഞ്ഞു.
നിരവധി ജനപ്രതിനിധികളും നേതാക്കളും തൃണമൂലിൽനിന്നു ബിജെപിയിലേക്കു ചേക്കേറിയതിനു തൊട്ടുപിന്നാലെ ബംഗാളിലെ രാഷ്ട്രീയ അതിക്രമങ്ങളിൽ നിസ്സഹായത ചൂണ്ടിക്കാട്ടിയായിരുന്നു ത്രിവേദിയുടെ രാജിപ്രഖ്യാപനം. ത്രിവേദിയുടെ പ്രഖ്യാപനം തൃണമൂലിനെ അമ്പരപ്പിച്ചുവെങ്കിലും സൂചന നേരത്തെ കിട്ടിയിരുന്നതായി പാർട്ടിവൃത്തങ്ങൾ പറഞ്ഞു. പാർലമെന്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ബാരക്പുരിൽനിന്നുള്ള ലോക്സഭാ എംപി ആയിരുന്ന ഇദ്ദേഹം 2019 ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. തുടർന്നാണു രാജ്യസഭയിലേക്ക് പാർട്ടി നിർദേശിച്ചത്.
English Summary: Nothing Wrong In Joining BJP": Dinesh Trivedi, Trinamool's Latest Rebel