നാല് ബാങ്കുകൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്രം; നടപടി ഏപ്രിൽ മുതൽ: റിപ്പോർട്ട്
Mail This Article
ന്യൂഡൽഹി∙ രാജ്യത്തെ നാല് പൊതുമേഖലാ ബാങ്കുകൾ സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കുന്നതായി റിപ്പോർട്ട്. ബാങ്ക് ഓഫ് മഹാരാഷ്ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സ്വകാര്യവൽക്കരണത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉള്ളതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. ഇതിൽ രണ്ടു ബാങ്കിന്റെ സ്വകാര്യവൽക്കരണം ഏപ്രിലിൽ തുടങ്ങുന്ന അടുത്ത സാമ്പത്തിക വർഷം മുതൽ തന്നെ ആരംഭിക്കുമെന്നാണ് സൂചന.
‘പരീക്ഷണ’ അടിസ്ഥാനത്തിലാണ് ഇടത്തരം ബങ്കുകളെ ആദ്യം സ്വകാര്യവൽക്കരിക്കുന്നതെന്നും വരുവർഷങ്ങളിൽ വലിയ ബാങ്കുകളുടെ സ്വകാര്യവൽക്കരണവും നടപ്പാക്കുകയാണെന്ന് ലക്ഷ്യമെന്നും ധനമന്ത്രാലയത്തിന്റെ അടുത്തവൃത്തങ്ങൾ വ്യക്തമാക്കിയതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്തു. അടുത്ത സാമ്പത്തിക വർഷം തന്നെ നാല് ബാങ്കുകളും സ്വകാര്യവൽക്കരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസ് നിർദേശം നൽകിയിരുന്നെങ്കിലും ജീവനക്കാരുടെ യൂണിയനുകളിൽനിന്നുള്ള കടുത്ത എതിർപ്പിനെ തുടർന്നു തീരുമാനം തൽക്കാലം മരവിപ്പിക്കുകയായിരുന്നു
യൂണിയനുകളുടെ കണക്കുപ്രകാരം, ബാങ്ക് ഓഫ് ഇന്ത്യ – 50,000, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ– 30,000, ഇന്ത്യൻ ഓവർസീസ് ബാങ്ക്– 26,000, ബാങ്ക് ഓഫ് മഹാരാഷ്ട്ര– 13,000 എന്നിങ്ങനെയാണ് ജീവനക്കാരുടെ എണ്ണം. ജീവനക്കാർ കുറവുള്ള ബാങ്ക് ഓഫ് മഹാരാഷ്ട്ര ആദ്യം സ്വകാര്യവൽക്കരിക്കാനാണ് സാധ്യത. ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനും ഓഹരികൾ വിൽക്കാനുമുള്ള സർക്കാരിന്റെ നീക്കത്തെ എതിർത്ത് തൊഴിലാളികൾ രണ്ടു ദിവസത്തെ പണിമുടക്ക് ആരംഭിച്ചിട്ടുണ്ട്. എന്നാൽ ആറ് മാസത്തിനുശേഷമെ നടപടികൾ ആരംഭിക്കൂ എന്നാണ് സർക്കാർവൃത്തങ്ങൾ അറിയിച്ചത്.
English Summary: 4 Mid-Sized Government Banks Shortlisted For Privatisation: Report