ADVERTISEMENT

ദുബായ് ∙ പ്രവാസി വ്യവസായി ബി.ആര്‍ ഷെട്ടിയുടെ ലോകമാകെയുള്ള ആസ്തികളും മരവിപ്പിക്കാന്‍ ഉത്തരവിട്ട് യുകെ കോടതി. എന്‍എംസി ഹെല്‍ത്ത് മുന്‍ സിഇഒയും മലയാളിയുമായ പ്രശാന്ത് മങ്കാട്ടിന്റെയും മറ്റു ചില ഉദ്യോഗസ്ഥരുടെയും സ്വത്ത് മരവിപ്പിക്കാനും ഉത്തരവുണ്ട്. അബുദാബി കൊമേഴ്‌സ്യല്‍ ബാങ്കിന്റെ അപേക്ഷ പ്രകാരമാണ് കോടതി വിധി.

എല്ലാം തകർത്ത ഒരു പ്രവചനം

ഷെട്ടിയുടെ സാമ്രാജ്യത്തിനു മുകളിൽ കോർപ്പറേറ്റ് ലോകം ഭീതിയോടെ കാണുന്ന ഷോർട് സെല്ലെർ കാഴ്സൺ ബ്ലോക്കിന്റെ ഒരു പ്രവചനം പെട്ടെന്നാണ് കാർമേഘമായി ഉരുണ്ടുകൂടിയത്. അത് മേഘവിസ്ഫോടനമായി പെയ്തിറങ്ങി, അതിൽ ഷെട്ടിയുടെ സാമ്രാജ്യം മുങ്ങിത്താണു.

2019 ഡിസംബർ 17 നു ബ്ലോക്കിന്റെ ഷോർട് സെല്ലിങ് സംരംഭമായ മഡ്‌ഡി വാട്ടേഴ്സ് ക്യാപിറ്റൽ എൻഎംസി ഹെൽത്ത്കെയർ അതിന്റെ കടം കുറച്ചാണ് കാണിച്ചിരിക്കുന്നതെന്നും നീക്കിയിരുപ്പ് പെരുപ്പിച്ചു കാണിച്ചിരിക്കുകയാണെന്നും വാങ്ങിയ ആസ്തികളുടെ വില കൂട്ടി കാണിച്ചിരിക്കുകയാണെന്നും ആരോപിച്ചു.

എൻഎംസി ഇത് നിഷേധിച്ചെങ്കിലും, മഡ്‌ഡി വാട്ടർ പറഞ്ഞാൽ പറഞ്ഞതാണെന്ന് നിക്ഷേപർക്ക് അറിയാവുന്നതു കൊണ്ട് എൻഎംസിയുടേയും ഫിനാബ്ലറിന്റെയും ഓഹരികൾ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ തലകുത്തി വീണു. ആദ്യ ദിവസങ്ങളിൽ തന്നെ എൻഎംസി ഹെൽത്ത്കെയറിന്റെ മാത്രം വിപണി മൂല്യം 48 ശതമാനം കുറഞ്ഞു 3.7 ശത കോടി ഡോളറായി. ഇതിൽനിന്ന് മാത്രം ഷെട്ടി കുടുംബത്തിനുണ്ടായ നഷ്ടം 1.5 ശതകോടി ഡോളറാണ്. ഫിനാബ്ലർ ഓഹരി വില 44 ശതമാനമാണ് ഇടിഞ്ഞത്. ഷെട്ടിയെ കൂടുതൽ കയ്പ്പുനീർ കുടിപ്പിച്ച് സൈബർ ആക്രമണംമൂലം ട്രാവെൽക്സിന്റെ പ്രവർത്തനം നിർത്തിവയ്ക്കേണ്ടതായും വന്നു.ഓഹരി വിപണിയിലെ തുടർച്ചയായ തകർച്ചയും ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതരുടെയും ബാങ്കുകളുടെയും മറ്റു വായ്‌പ്പാദായകരുടെയും സമ്മർദവും കൊണ്ട് ഷെട്ടിക്ക് സത്യം പറയേണ്ടി വന്നു. എൻഎംസി ഹെൽത്ത്കെയറിന്റെ 2.7 ശതകോടി ഡോളറിന്റെ വായ്പ ബാലൻസ്‌ഷീറ്റിൽ കാണിക്കുകയോ അത് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് കമ്പനി അവസാനം വെളിപ്പെടുത്തി. ഫിനാബ്ലർ അവരുടെ കടം നേരത്തെ പറഞ്ഞ 333.1 ദശ ലക്ഷം ഡോളർ അല്ലെന്നും അത് യാഥാർത്ഥത്തിൽ 1.3 ശതകോടി ഡോളറാണെന്നു സമ്മതിക്കേണ്ടി വന്നു.

ഇതോടെ ഷെട്ടിയുടെ സാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ തകർന്നു വീണു. ഷെട്ടി എൻഎംസി ഹെൽത്ത്കെയറിന്റെയും, ഫിനാബ്ലറിന്റെയും ബോർഡുകളിൽനിന്ന് രാജി വച്ചു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് രണ്ട്‌ കമ്പനികളെയും കരിമ്പട്ടികയിൽ പെടുത്തി. രണ്ട്‌ ഓഹരികളുടെയും വ്യാപാരം നിർത്തിവച്ചു. ഫിനാബ്ലറിന്റെ സിഇഒ പ്രമോദ് മങ്കാട്ടും അദ്ദേഹത്തിന്റെ സഹോദരനും എൻഎംസി ഹെൽത്ത്കെയറിന്റെ സിഇഒ ആയ പ്രശാന്ത് മങ്കാട്ടും രാജിവച്ചു.

English Summary: BR Shetty, other NMC former executives face asset freeze by court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com