സമരത്തിനൊപ്പം കൂട്ടസ്ഥിരപ്പെടുത്തല്‍ തുടരുന്നു; ഇന്ന് സ്ഥിരപ്പെടുത്തിയത് 221 പേരെ
Mail This Article
തിരുവനന്തപുരം∙ പിഎസ്‌സി റാങ്കഹോള്‍ഡേഴ്‌സിന്റെ സമരം ശക്തമായി തുടരുമ്പോഴും സ്ഥിരമാക്കല്‍ പ്രക്രിയ അവസാനിപ്പിക്കാതെ സര്‍ക്കാര്‍. വിവിധ വകുപ്പുകളിലായി 10 വർഷത്തിലധികം ജോലി ചെയ്യുന്ന 221 താൽകാലികക്കാരെ സ്ഥിരപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം. പിഎസ്‌സിക്ക് വിടാത്ത തസ്തികകളില്‍ മാത്രമേ സ്ഥിരപ്പെടുത്തല്‍ ബാധകമാകൂ.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ 37 പേരെയും കോ-ഓപറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷനല്‍ എഡ്യൂക്കേഷനില്‍ 14 ജീവനക്കാരെയും കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോര്‍പറേഷനില്‍ 100 കരാര്‍ ജീവനക്കാരെയും നിർമിതി കേന്ദ്രത്തിൽ 16 പേരെയും സ്ഥിരപ്പെടുത്താനാണ് തീരുമാനിച്ചത്.
പിഎസ്‌സിക്ക് വിടാത്ത തസ്തികകളില്‍ മാത്രമേ സ്ഥിരപ്പെടുത്തല്‍ ബാധകമാകൂവെന്നാണ് സര്‍ക്കാര്‍ വാദം. സ്‌കോള്‍ കേരളയില്‍ സ്ഥിരപ്പെടുത്താനുള്ള ഫയല്‍ ചില സാങ്കേതിക കാരണത്താല്‍ നേരെ മുഖ്യമന്ത്രി തിരിച്ചയച്ചിരുന്നു. നിയമവകുപ്പ് കണ്ട ശേഷം വീണ്ടും മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് എത്തുകയായിരുന്നു.
തസ്തികകള്‍ സൃഷ്ടിക്കുന്നു
വയനാട് മെഡിക്കൽ കോളേജിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിന് 115 അധ്യാപക തസ്തികകള്‍ ഉള്‍പ്പെടെ 140 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്. കേരള കയര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ 16 യുഡിസി, 17 എല്‍ഡിസി ഉള്‍പ്പടെ 55 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡില്‍ 6 എന്‍ട്രി കേഡര്‍ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. അഡ്വക്കേറ്റ് ജനറല്‍ ഓഫിസില്‍ വിവിധ വിഭാഗങ്ങളിലായി 60 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 23 തസ്തികകള്‍ അസിസ്റ്റന്റിന്റേതാണ്.
English Summary: Cabinet Decision to stabilize those who have been working for more than 10 years