സ്ഥിരപ്പെടുത്തൽ: തസ്തിക പിഎസ്‌സിക്കു വിട്ടതല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം∙ താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുമ്പോൾ ആ തസ്തികകൾ പിഎസ്‌സിക്കു വിട്ടതല്ലെന്ന് ഉറപ്പ് വരുത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തിയതിൽ പിഎസ്‌സി നിയമനം നടത്തേണ്ട തസ്തിക ഉണ്ടോയെന്നു പരിശോധിക്കും. റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളിൽ നികത്താത്ത ഒഴിവുകളുണ്ടോയെന്നു പരിശോധിക്കാനും മുഖ്യമന്ത്രി വകുപ്പുകൾക്കു നിർദേശം നൽകി. ടൂറിസം വകുപ്പിലടക്കം താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു.
അതേസമയം, ഇന്ന് മന്ത്രിസഭാ യോഗത്തിലെത്തിയ പകുതി അജണ്ടകൾ അടുത്ത ബുധനാഴ്ച ചേരുന്ന യോഗത്തിൽ പരിഗണിക്കാനായി മാറ്റി. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള അപേക്ഷകൾ കൂട്ടത്തോടെ എത്തിയതോടെയാണ് മുഖ്യമന്ത്രി നിയന്ത്രണം ഏർപ്പെടുത്തിയത്. ചട്ടങ്ങൾ പാലിക്കുന്നവ മാത്രം പരിഗണിച്ചാല്‍ മതിയെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മുഖ്യമന്ത്രിയുടെ കീഴിലെ ചില സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തൽ അപേക്ഷകൾ അദ്ദേഹത്തിന്റെ നിര്‍ദേശത്തെത്തുടർന്ന് മാറ്റിവച്ചു. വിവിധ വകുപ്പുകളിൽനിന്നു നൂറിലേറെ തസ്തികകള്‍ സ്ഥിരപ്പെടുത്താനുള്ള അപേക്ഷകളാണ് ഇന്നലെ സർക്കാരിനു ലഭിച്ചത്.
അതേസമയം, ഉദ്യോഗാർഥികളുടെ ആവശ്യം മന്ത്രിസഭയുടെ പരിഗണനക്ക് വന്നില്ല.
Content Highlights: Regularisation Of Government Employees, PSC Rank List, Contract Employees, Cabinet Decisions