ഇന്ധന വില വീണ്ടും കൂട്ടി; തിവെട്ടിക്കൊള്ള തുടർച്ചയായ എട്ടാം ദിനം: പാചകവാതകവും പൊള്ളും
Mail This Article
ന്യൂഡൽഹി / കൊച്ചി ∙ തുടർച്ചയായ പെട്രോൾ, ഡീസൽ വിലവർധനയ്ക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ ഇന്ധനവില തുടര്‍ച്ചയായ എട്ടാം ദിവസവും കൂട്ടി. പെട്രോള്‍ ലീറ്ററിന് 26 പൈസയും ഡീസലിന് 31 പൈസയും ആണ് ഇന്ന് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 89 രൂപ 15 പൈസയിലെത്തി. തിരുവനന്തപുരത്ത് 90 രൂപ 94 പൈസയാണ്. ഡീസലിന് ലീറ്ററിന് കൊച്ചിയില്‍ 83 രൂപ 74 പൈസയും തിരുവനന്തപുരത്ത് 85 രൂപ 14പൈസയുമാണ്.
എൽപിജി വിലയും വർധിപ്പിച്ചു. 50 രൂപയാണ് കൂട്ടിയത്. വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് ഇന്നുമുതൽ കൊച്ചിയിൽ 776 രൂപയും തിരുവനന്തപുരത്ത് 778.50 രൂപയും നൽകണം. ഡിസംബറിൽ രണ്ടു തവണയായി 100 രൂപയും ഈ മാസം ആദ്യം 25 രൂപയും കൂട്ടിയതു ചേർത്താൽ സമീപകാല വർധന 175 രൂപ. രാജസ്ഥാനിലെ ശ്രീഗംഗാനഗറിൽ പെട്രോൾ വില 100 രൂപയെന്ന പൊള്ളുന്ന വിലയ്ക്കു തൊട്ടടുത്തെത്തി. ഇന്നത്തെ വില ലീറ്ററിനു 99.50 രൂപ. പ്രീമിയം പെട്രോളിന്റെ വില 102.34 രൂപയായി. മഹാരാഷ്ട്രയിലെ പർഭണിയിൽ സ്പീഡ്, എക്സ്ട്രാ പ്രീമിയം പെട്രോളിന് 100.16 രൂപയായി. ഡീസലിന് ഒഡീഷയിലെ മൽക്കാൻഗിരിയിലാണ് ഏറ്റവും കൂടിയ വില– 90.96 രൂപ.
English Summary: Fuel prices reach a new high in State: Cooking LPG To Cost ₹ 50 More