ADVERTISEMENT

തലസ്ഥാനത്തെ ടൈറ്റാനിയം ഫാക്ടറിയിൽ ഫർണസ് ഓയിൽ ചോർന്നതും എൻസിപിയും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമില്ലെങ്കിലും ടൈറ്റാനിയം ഫാക്ടറിയുടെ തൊട്ടടുത്തുള്ള വേളി കായലും എൻസിപിയുമായി രാഷ്ട്രീയ പരമ്പരകളുടെ കണ്ണിയിൽ ഒരു വലിയ ബന്ധമുണ്ട്. പാലാ സീറ്റിന്റെ പേരിൽ എൻസിപിയിൽനിന്ന് മാണി സി. കാപ്പനും അനുയായികളും ചോരുമ്പോൾ എൻസിപിയും അവരുടെ പൂർവികരും കടന്നുവന്ന വഴികളിലെ അധികാരത്തർക്കങ്ങളും പിളർപ്പുകളുമാണ് ഓർമയിലെത്തുന്നത്.

ഇന്ദിരാഗാന്ധി കോൺഗ്രസ് നേതൃത്വവുമായി കലഹിച്ചു കോൺഗ്രസ് (ഐ) എന്ന സ്വന്തം പാർട്ടി രൂപീകരിക്കുന്നത് 1978 ജനുവരിയിലാണ്. നരസിംഹറാവു കേന്ദ്രത്തിലും കെ.കരുണാകരൻ കേരളത്തിലും ഇന്ദിരയോടൊപ്പം ഉറച്ചു നിന്നു. ഔദ്യോഗിക വിഭാഗം പിന്നീട് കോൺഗ്രസ് (യു) ആയി. 1979 ൽ എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ ഇടതുപക്ഷത്ത് എത്തിയ കോൺഗ്രസ് (യു) 1980 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. 4 മന്ത്രിമാർ പാർട്ടിക്കുണ്ടായി.

ആന്റണി, ഉമ്മൻചാണ്ടി, പി.സി.ചാക്കോ, എ.കെ. ശശീന്ദ്രൻ, എ.സി.ഷൺമുഖദാസ്, ടി.പി.പീതാംബരൻ തുടങ്ങിയവരായിരുന്നു നേതൃനിരയിൽ. തുടക്കത്തിൽ പ്രശ്നങ്ങളില്ലായിരുന്നെങ്കിലും ഇടതുമുന്നണിയും കോൺഗ്രസും തമ്മിലുള്ള തർക്കം രൂക്ഷമായി. ‘ബംഗാളിലെ മുന്നണിയല്ല’ കേരളത്തിലേതെന്ന് എ.കെ.ആന്റണി ഓർമിപ്പിച്ചപ്പോൾ ‘പണ്ടത്തെ കോണ്‍ഗ്രസല്ല ഇന്നത്തെ കോൺഗ്രസെന്ന്’ ആന്റണി ഓർക്കണമെന്ന് ഇഎംഎസ് തിരിച്ചടിച്ചു.

1200-ramesh-chennithala-pala
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് പാലായിൽ നൽകിയ സ്വീകരണം.ചിത്രം:ഗിബി സാം . മനോരമ

വേളി കായൽത്തീരത്ത് 1981 ഒക്ടോബറിൽ ചേർന്ന കോൺഗ്രസ് (യു) നേതൃയോഗത്തിൽ ഇടതു മുന്നണി സർക്കാർ വിടാനുള്ള തീരുമാനം ആന്റണി പ്രഖ്യാപിച്ചു. ഇന്ദിരാ കോൺഗ്രസിന്റെ സഹകരണത്തോടെ ബദൽ സർക്കാരുണ്ടാക്കണമെന്നായിരുന്നു ഭൂരിപക്ഷ അഭിപ്രായം. മന്ത്രിസഭ വിടേണ്ടെന്ന അഭിപ്രായമുള്ളവരും കൂട്ടത്തിലുണ്ടായിരുന്നു. ഇടതുപക്ഷത്തോടു ചേർന്നു നിൽക്കണം എന്ന് അഭിപ്രായമുള്ളവരായിരുന്നു പി.സി.ചാക്കോ, എ.സി.ഷൺമുഖദാസ്, ടി.പി.പീതാംബരൻ, എ.കെ.ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി.സി. കബീർ, കെ.പി. ഉണ്ണികൃഷ്ണൻ തുടങ്ങിയവർ. ഇവർ ശരദ് പവാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ് (എസ്) ആയി മാറി. ആന്റണിയുടെ നേതൃത്വത്തിലുള്ളവർ ആദ്യം എയും പിന്നെ ഐയുമായി കോൺഗ്രസിലേക്കെത്തി. പി.സി.ചാക്കോയും പിന്നാലെ കോൺഗ്രസിലെത്തി.

1200-pala-congress
ഐശ്വര്യ കേരള യാത്രയ്ക്കായി പാലാ ഒരുങ്ങിയപ്പോൾ. ചിത്രം: ഗിബി സാം∙മനോരമ

1999 ലെ ലോക്സഭാ തിര‍ഞ്ഞടുപ്പിനു മുമ്പ്‍, സോണിയ ഗാന്ധിയെ ഉന്നം വച്ച്, കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഇന്ത്യക്കാർ തന്നെ വേണമെന്നും വിദേശീയർ പാടില്ലെന്നും ശരദ് പവാർ, താരിഖ് അൻവർ, പി.എ.സാങ്മ എന്നിവർ നേതൃത്വത്തിനു കത്തെഴുതിയതും അവരെ പുറത്താക്കിയതുമാണ് നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) യുടെ ജനനത്തിന് ഇടയാക്കിയത്.

1200-karnakaran-congress
കെ.കരുണാകരൻ (ഫയൽ ചിത്രം∙ മനോരമ)

പിന്നാലെ, കോൺഗ്രസ് (എസ്) നേതാവ് ശരത്ചന്ദ്ര സിൻഹ പാർട്ടിയെ എൻസിപിയിലെത്തിച്ചതോടെ ദേശീയതലത്തിൽ കോൺഗ്രസ് (എസ്) ഇല്ലാതായെങ്കിലും കടന്നപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (എസ്) എന്ന പാർട്ടിയുണ്ടാക്കി സംസ്ഥാന രാഷ്ട്രീയത്തിൽ സ്വന്തം ഇടം ഉറപ്പിച്ചു. ഷൺമുഖദാസ്,  ശശീന്ദ്രൻ, പീതാംബരൻ എന്നിവർ ശരദ് പവാറിനൊപ്പം എൻസിപിയിൽ തുടർന്നു. കെ.പി.ഉണ്ണികൃഷ്ണൻ, വി.സി.കബീർ തുടങ്ങിയവർ പിന്നീട് പവാർ ക്യാംപിൽനിന്നു കോൺഗ്രസിലെത്തി. 

1200-ak-antony-congress
എ.കെ. ആന്റണി (ഫയൽ ചിത്രം∙ മനോരമ)

കോൺഗ്രസുമായി തെറ്റിപ്പിരിഞ്ഞ കെ.കരുണാകരൻ 2005 ൽ ഡിഐസി എന്ന പാർട്ടി പ്രഖ്യാപിച്ചു. ആദ്യം ഇടതു മുന്നണിയുമായി സഹകരിച്ചെങ്കിലും 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫുമായി ധാരണയുണ്ടാക്കി മൽസരത്തിനിറങ്ങി. പക്ഷേ തിരഞ്ഞെടുപ്പിൽ ഡിഐസിയിൽനിന്ന് തോമസ് ചാണ്ടി മാത്രമാണ് വിജയിച്ചത്. സംസ്ഥാന അധ്യക്ഷൻ കെ.മുരളീധരൻ കൊടുവള്ളിയിൽ പരാജയപ്പെട്ടു. തുടർന്ന് 2007 ൽ പാർട്ടിയെ എൻസിപിയില്‍ ലയിപ്പിച്ചു. എൻസിപിയെ ഇതോടെ ഇടതുമുന്നണിയിൽനിന്ന് പുറത്താക്കി. ഇടതുമുന്നണി തീരുമാനം അറിയാതെ യോഗത്തിനെത്തിയ എ.സി.ഷൺമുഖദാസ്, ശശീന്ദ്രൻ, സിറിയക് ജോണ്‍ എന്നിവരെ എൽഡിഎഫ് യോഗം നടക്കുന്ന ഹാളിൽനിന്ന് പുറത്താക്കുകയായിരുന്നു. 

2008 ൽ കെ. കരുണാകരൻ എൻസിപി വിട്ട് കോൺഗ്രസിലേക്കെത്തിയെങ്കിലും മുരളി എൻസിപി വിട്ടില്ല. മുരളീധരനും പിന്നീട് അധ്യക്ഷ സ്ഥാനം രാജിവച്ച് കോൺഗ്രസിലെത്തിയെങ്കിലും തോമസ് ചാണ്ടി എൻസിപിയിൽ തുടർന്നു. പിന്നാലെ എൻസിപിയെ എൽഡിഎഫിൽ തിരിച്ചെടുക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ ജയിച്ച എൻസിപിക്ക് 2 അംഗങ്ങളായി. എ.കെ.ശശീന്ദ്രൻ ആദ്യം മന്ത്രിയായി. ഒരു ചാനലിന്റെ ഹണിട്രാപ് വിവാദത്തെത്തുടർന്ന് ശശീന്ദ്രൻ രാജിവച്ചപ്പോൾ പകരം തോമസ് ചാണ്ടി മന്ത്രിയായെങ്കിലും ഭൂമിവിവാദത്തെത്തുടർന്ന് അദ്ദേഹവും രാജിവച്ചു. തുടർന്ന് എ.കെ.ശശീന്ദ്രൻ വീണ്ടും മന്ത്രിയായി. തോമസ് ചാണ്ടി 2019 ൽ നിര്യാതനായി.

1200-sharad-pawar-mp
ശരദ് പവാർ (ഫയൽ ചിത്രം)

മാണി സി. കാപ്പൻ എൻസിപി വിടുമ്പോൾ എൽഡിഎഫ് നേതൃത്വം ഓർമിപ്പിക്കുന്ന രണ്ടു പരാജയങ്ങളുണ്ട്. പവാർ ഗ്രൂപ്പിൽനിന്ന് ഇടതുപക്ഷ പിന്തുണയോടെ ലോക്സഭയിലേക്കു വിജയിച്ചിരുന്ന കെ.പി. ഉണ്ണികൃഷ്ണൻ 1996 ൽ പാർട്ടിവിട്ടു കോൺഗ്രസ് ടിക്കറ്റില്‍ വടകരയിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എൻസിപിയിൽനിന്ന് എൽഡിഎഫ് പിന്തുണയോടെ മന്ത്രിയായ വി.സി.കബീറും കോൺഗ്രസിലേക്കു മടങ്ങിയെത്തി 2006ൽ ഒറ്റപ്പാലത്തുനിന്ന് മത്സരിച്ചു പരാജയപ്പെട്ടു. കാപ്പൻ പാലായിൽ ചരിത്രം സൃഷ്ടിക്കുമോ, അതോ പിളർന്നില്ലാതെയാകുമോയെന്നറിയാൻ ഏതാനും മാസങ്ങൾ ബാക്കി.

1200-ak-saseendran-k-muralidharan
എ.കെ.ശശീന്ദ്രൻ, കെ.മുരളീധരൻ ( ഫയൽ‌ ചിത്രം)

English Summary: NCP faction quits LDF coalition to join UDF, A glimpse in to the history of NCP: Kerala Vote Charittham- Part 4

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com