ADVERTISEMENT

ന്യൂഡല്‍ഹി∙ 'എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയാം. ഈ ഘട്ടത്തില്‍ മാധ്യമങ്ങളോടു സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല' - കര്‍ഷകപ്രക്ഷോഭത്തെ പിന്തുണച്ചുള്ള 'ടൂള്‍കിറ്റ്' സമൂഹമാധ്യമ പ്രചാരണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്ത യുവ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയുടെ അമ്മ മഞ്ജുള രവിയുടെ പ്രതികരണമാണിത്. ബെംഗളൂരുവിലെ ചിക്കബനവാരയ്ക്കു സമീപത്തെ അബിഗെരെയുള്ള ദിശയുടെ വീട്ടില്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ കുടുംബം പ്രതികരിച്ചിരുന്നില്ല. പിന്നീട് ദേശീയ മാധ്യമങ്ങള്‍ ഫോണില്‍ മഞ്ജുള രവിയുടെ പ്രതികരണം തേടുകയായിരുന്നു. 

അഞ്ചു വര്‍ഷം മുമ്പാണ് ദിശയുടെ കുടുംബം ഇവിടെ വീട് പണിത് താമസമാക്കിയത്. രാവിലെയും വൈകിട്ടും നായയെയും കൊണ്ടു ദിശ പുറത്തു പോകുന്നത് കാണാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. ശനിയാഴ്ച വൈകിട്ട് മൂന്നരയ്ക്ക് പൊലീസ് സ്റ്റിക്കര്‍ പതിച്ച രണ്ടു കാറുകള്‍ അവരുടെ വീടിനു പുറത്തു കണ്ടു. അസാധാരണമായി ഒന്നും തോന്നിയില്ല. ആറു മണിയോടെ ഒരു കാറില്‍ ദിശയെ കയറ്റി കൊണ്ടുപോയി. ഡല്‍ഹി പൊലീസ് അവരെ അറസ്റ്റ് ചെയ്തതാണെന്ന് അറിയാന്‍ കഴിഞ്ഞില്ലെന്നും അയല്‍വാസികള്‍ പറഞ്ഞു. 

സ്വീഡിഷ് പരിസ്ഥിതിപ്രവര്‍ത്തക ഗ്രേറ്റ ട്യുന്‍ബെര്‍ഗ് കര്‍ഷകപ്രക്ഷോഭത്തിന് അനുകൂലമായ സമൂഹമാധ്യമ പ്രചാരണത്തിന്റെ നടപടിക്രമങ്ങള്‍ 'ടൂള്‍കിറ്റ്' എന്ന പേരില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ദിശ ഇത് എഡിറ്റ് ചെയ്യുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണു കേസ്. രാജ്യദ്രോഹം, മതസ്പര്‍ധ വളര്‍ത്തല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ഖലിസ്ഥാന്‍ ബന്ധം ആരോപിച്ചാണു കേസില്‍ പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട ദിശയെയാണ് ആദ്യമായി അറസ്റ്റ് ചെയ്തത്. 2 പേരെ കൂടി തിരയുന്നതായി പൊലീസ് പറഞ്ഞു. 

അതിനിടെ ദിശയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടതില്‍ മജിസ്‌ട്രേറ്റ് കൃത്യവിലോപം നടത്തിയെന്ന ആരോപണവുമായി നിയമ വിദഗ്ധര്‍ രംഗത്തെത്തി. ദിശയെ ഡല്‍ഹി പൊലീസിന്റെ സൈബര്‍ സെല്ലാണ് ബെംഗളൂരുവിലെ വീട്ടില്‍നിന്നു ശനിയാഴ്ച അറസ്റ്റ് ചെയ്തത്. ഏഴു ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും ഡല്‍ഹി കോടതി മജിസ്‌ട്രേറ്റ് ദോവ് സഹോ അഞ്ചു ദിവസം അനുവദിക്കുകയായിരുന്നു.

ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ദിശ രവിക്കു വേണ്ടി അഭിഭാഷകര്‍ ആരും ഹാജരായിരുന്നില്ല. അഭിഭാഷകരുടെ അസാന്നിധ്യത്തില്‍ ദിശ രവിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നതിന് പകരം പൊലീസ് കസ്റ്റഡിയില്‍ വിട്ട മജിസ്‌ട്രേറ്റിന്റെ നടപടി തെറ്റാണെന്ന് മുതിര്‍ന്ന അഭിഭാഷക റബേക്ക ജോണ്‍ പറഞ്ഞു. ബെംഗളൂരുവില്‍നിന്ന് കസ്റ്റഡിയിലെടുത്ത ദിശയെ ട്രാന്‍സിറ്റ് റിമാന്‍ഡ് ഇല്ലാതെ ഡല്‍ഹിയിലേക്ക് കൊണ്ടുവന്നത് എങ്ങനെയെന്നും റബേക്ക ജോണ്‍ ചോദിച്ചു. 

ബെംഗളൂരു മൗണ്ട് കാര്‍മല്‍ കോളജില്‍ ബിബിഎ പൂര്‍ത്തിയാക്കിയ ദിശ ഭക്ഷ്യോല്‍പന്ന കമ്പനിയില്‍ കളിനറി എക്‌സ്പീരിയന്‍സ് മാനേജരായി ജോലി ചെയ്യുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തുന്ന 'ഫ്രൈഡേയ്‌സ് ഫോര്‍ ഫ്യൂച്ചര്‍ ഇന്ത്യ' എന്ന പരിസ്ഥിതി കൂട്ടായ്മയുടെ സ്ഥാപകരിലൊരാളാണ്.

English Summary: We know what’s happening, don’t want to talk now: Disha Ravi’s mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com