ADVERTISEMENT

ചെന്നൈ∙ നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പുതുച്ചേരി കോൺഗ്രസിൽ വൻ പ്രതിസന്ധി. ഫെബ്രുവരി 17 ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുതുച്ചേരി സന്ദർശിക്കാനിരിക്കെ രാജിവച്ച കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം നാലായി. വി. നാരായണ സ്വാമി മന്ത്രിസഭയിൽ ആരോഗ്യമന്ത്രിയായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് എം.കെ റാവു തിങ്കളാഴ്ചയും കാമരാജ് നഗർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ എ. ജോൺ കുമാർ ചൊവ്വാഴ്ചയും രാജി സമർപ്പിച്ചു. രാജി വച്ച എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെ നാരായണസ്വാമി സർക്കാരിന് കേവല ഭൂരിപക്ഷം നഷ്ടമായി.

മാറിയ സാഹചര്യത്തിൽ മുഖ്യമന്ത്രി നാരായണസ്വാമി മന്ത്രിമാരുടെ യോഗം വിളിച്ചു. ഭൂരിപക്ഷം നഷ്ടമായ സർക്കാർ രാജിവയ്ക്കുമെന്നാണ് സൂചന. കേവല ഭൂരിപക്ഷത്തിന് 16 സീറ്റുകൾ വേണമെന്നിരിക്കെ നിലവിൽ കോൺഗ്രസ്– ഡിഎംകെ സഖ്യത്തിന് 14 സീറ്റേ ഉള്ളു. 30 അംഗ നിയമസഭയില്‍ 15 സീറ്റ് നേടിയാണ് കോൺഗ്രസ് 2016 ൽ അധികാരത്തിൽ വന്നത്.

ഒറ്റയ്ക്കു മത്സരിച്ച് കഴിഞ്ഞ തവണ 3% മാത്രം വോട്ടു നേടിയ പുതുച്ചേരിയിൽ ഭരണം പിടിക്കാനുള്ള ബിജെപി നീക്കത്തിൽ സഖ്യകക്ഷികൾ അസ്വസ്ഥരായിരുന്നു. 3 നോമിനേറ്റഡ് അംഗങ്ങളുൾപ്പെടെ 33 അംഗങ്ങളാണു നിയമസഭയിൽ. നിലവിൽ കോൺഗ്രസ്–11, ഡിഎംകെ – 3, മാഹിയിൽ നിന്നുള്ള ഇടതു സ്വതന്ത്രൻ – 1 എന്നിങ്ങനെയാണു ഭരണ മുന്നണിയുടെനില. എൻആർ കോൺഗ്രസ് – 7, അണ്ണാഡിഎംകെ– 4, ബിജെപി– 3 (നോമിനേ‌റ്റഡ്) സഖ്യമാണു പ്രതിപക്ഷത്ത്. 3 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു.

പുതുച്ചേരി പൊതുമരാമത്ത് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ നമശിവായം, ഒസുഡു മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ ദീപാഞ്ജ്ജൻ എന്നിവർ ആഴ്ചകൾക്കു മുൻപ് പാർട്ടി വിട്ടിരുന്നു. പുതുച്ചേരി വില്യന്നൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ നമശിവായം മുന്‍ പിസിസി പ്രസിഡന്റ് കൂടിയാണ്. നമശിവായത്തിന്റെ രാജിക്കു പിന്നാലെ പാർട്ടി പ്രവർത്തകർക്കെതിരെ കോൺഗ്രസ് അച്ചടക്കവാൾ എടുത്തതാണ് പാർട്ടിയിൽ പ്രതിസന്ധി രൂക്ഷമാകാൻ കാരണം. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരടക്കമുള്ള 13 നേതാക്കളെ പാർട്ടി വിരുദ്ധ നടപടികളുടെ പേരിൽ സസ്പെൻഡ് ചെയ്ത നടപടി തിരിച്ചടിയായി. സസ്പെൻഡ് ചെയ്യപ്പെട്ട മുഴുവൻ നേതാക്കളും കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു.

English Summary: Congress' Puducherry Govt in Crisis; Exodus Likely Before Rahul Arrives As 4th MLA Resigns

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com