ADVERTISEMENT

കൊച്ചി∙ ഡോളർ കടത്തു കേസിൽ യുണിടാക് എംഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റു ചെയ്തു. ലൈഫ് മിഷനിലെ കോഴപ്പണം ഡോളറാക്കി മാറ്റിയത് സന്തോഷ് ഈപ്പന്റെ നേതൃത്വത്തിലാണെന്ന കസ്റ്റംസ് കണ്ടെത്തലിനെ തുടർന്നാണ് അറസ്റ്റ്. ഡോളർ കടത്തു കേസിൽ അഞ്ചാം പ്രതി സന്തോഷ് ഈപ്പനോട് ഇന്നു രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യൽ തുടങ്ങി അധികം വൈകാതെ തന്നെ അറസ്റ്റ് നടപടിയിലേയ്ക്കു പോകുകയായിരുന്നു. മൂന്നു പ്രതികളെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സന്തോഷ് ഈപ്പന് വിചാരണക്കോടതി ജാമ്യം അനുവിദിച്ചു. കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിക്കാമെന്നു കസ്റ്റംസ് അറിയിച്ചിരുന്നു.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ നിർമാണ കരാർ നേടിയെടുത്തത് യുണിടാക്കായിരുന്നു. ഈ ഇടപാടിലെ കമ്മിഷൻ തുകയിൽ ഒരു കോടി 90 ലക്ഷം രൂപ വിദേശത്തേയ്ക്ക് കടത്തുന്നതിന് മുഖ്യ പങ്കുവഹിച്ചത് സന്തോഷ് ഈപ്പനാണ് എന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. ഇന്ത്യൻ കറൻസി കരിഞ്ചന്തയിൽ എത്തിച്ച് ഡോളറാക്കി മാറ്റിയതിൽ മുഖ്യ പങ്കുവഹിച്ചത് ഇദ്ദേഹമാണ് എന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് നേരത്തേ അറസ്റ്റിലായ സ്വപ്ന സുരേഷ് ഉൾപ്പടെയുള്ളവരിൽ നിന്ന് കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. സ്വപ്നയും സരിത്തും കോടതിക്കു നൽകിയ രഹസ്യ മൊഴിയിലും സന്തോഷ് ഈപ്പന്റെ പങ്ക് വ്യക്തമാക്കിയിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സ്വപ്ന സുരേഷ്, സരിത്ത്, ഈജിപ്ത് പൗരൻ ഖാലിദ്, മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പിൽ സെക്രട്ടറി എം. ശിവശങ്കർ തുടങ്ങിയവരാണ് കേസിലെ പ്രതികൾ.

കഴി‍ഞ്ഞ ഡിസംബർ അഞ്ചിന് സന്തോഷ് ഈപ്പനെ ചോദ്യം ചെയ്തിരുന്നെങ്കിലും അറസ്റ്റിലേയ്ക്ക് കാര്യങ്ങൾ എത്തിയിരുന്നില്ല. എന്നാൽ നിർണായകമായ തെളിവുകൾ ശേഖരിച്ച ശേഷമായിരുന്നു ഇന്ന് ചോദ്യം ചെയ്യലിന് എത്താൻ ആവശ്യപ്പെട്ടത്. യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റ് ജനറൽ ആയിരുന്ന ഖാലിദിന് സന്തോഷ് ഈപ്പൻ ഈ തുക ഡോളറാക്കി കൈമാറുകയായിരുന്നു. ഖാലിദ് ഈ തുക ഒമാനിലേയ്ക്ക് കടത്തുകയും ചെയ്തു. തുടർന്ന് കേസ് ഉയർന്നു വന്നതോടെ ഖാലിദ് ഈജിപ്തിലേയ്ക്ക് കടക്കുകയായിരുന്നു. ഖാലിദിനെ അറസ്റ്റു ചെയ്യാൻ കസ്റ്റംസ് അനുമതി തേടിയിരുന്നെങ്കിലും തുടർ നടപടി ഉണ്ടായിട്ടില്ല.

English Summary: Customs arrest Santhosh Eappen in dollar smuggling case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com