ടെന്റും ബങ്കറും പൊളിച്ച് ട്രക്കുകളിലേക്ക് ചുമന്ന് ചൈനീസ് സൈന്യം– വിഡിയോ
Mail This Article
ന്യൂഡൽഹി∙ ഇന്ത്യ–ചൈന അതിർത്തിയിൽ കിഴക്കൻ ലഡാക്കിലെ പാംഗോങ് തടാകത്തിന്റെ വടക്ക്, തെക്കുഭാഗത്തുനിന്ന് ചൈനീസ് സൈന്യം പിന്മാറ്റം നടത്തുന്നതിന്റെ വിഡിയോയും ചിത്രങ്ങളും പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. ഇരു സൈന്യങ്ങളും പിന്മാറ്റ നടപടികൾ തുടങ്ങിയെന്ന് കഴിഞ്ഞ ആഴ്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പാർലമെന്റിൽ അറിയിച്ചിരുന്നു.
അതിർത്തിയിൽ സ്ഥാപിച്ചിരുന്ന ടെന്റുകളും ബങ്കറുകളും ചൈനീസ് സൈന്യം പൊളിച്ചുമാറ്റുന്നതും ഇവ ചുമന്നുകൊണ്ടുപോകുന്നതുമാണ് വിഡിയോയിൽ ഉള്ളത്. ധാരാളം ചൈനീസ് സൈനികർ ഒരു കുന്നിൻ മുകളിലൂടെ ട്രക്കുകളിലേക്ക് നടന്നുനീങ്ങുന്നതും ദൃശ്യങ്ങളിൽ കാണാം. എന്നാൽ ഇവ പാംഗോങ് തടാകത്തിന്റെ തെക്കുഭാഗത്താണോ വടക്കുഭാഗത്തോണോ എന്നു വിഡിയോയിൽ വ്യക്തമാക്കിയിട്ടില്ല.
പാംഗോങ് തടാകത്തിന്റെ വടക്കൻ ഭാഗത്തായി, ഫിംഗർ 8ന്റെ കിഴക്കൻ മേഖയിലേക്കാണ് ചൈനീസ് സൈന്യം പിന്മാറുന്നത്. ഇന്ത്യ പട്രോളിങ് നടത്തിയിരുന്ന ഫിംഗർ 4 ലേക്ക് ചൈനീസ് സൈന്യം അതിക്രമിച്ചു കയറിയതാണ് കഴിഞ്ഞ വർഷം മേയിൽ സംഘർഷത്തിനു തുടക്കമിട്ടത്. ജൂൺ 14ന് ഗൽവാൻ താഴ്‌വരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ 20 സൈനികൾ വീരമൃത്യു വരിച്ചിരുന്നു.
ഇനി തീരുമാനമുണ്ടാകുംവരെ തടാകത്തിന്റെ വടക്കുഭാഗത്ത് ഫിംഗർ 3 മുതൽ 8 വരെയുള്ള പ്രദേശത്ത് ഇരുസൈന്യങ്ങളുടെയും പട്രോളിങ് ഉണ്ടാകില്ല. ഈ മേഖലയിൽ പട്രോളിങ് ഉൾപ്പെടെയുള്ള സൈനിക നടപടികൾക്ക് ഇരുരാജ്യങ്ങളും താൽക്കാലിക മൊറട്ടോറിയം പ്രഖ്യാപിച്ചു.
English Summary: In New Ladakh Videos, Chinese Troops Remove Tents, Walk To Waiting Trucks