പതിനൊന്നാം അങ്കത്തിന് പടയൊരുക്കവുമായി പി.ജെ.ജോസഫ്; അഭിമാന പോരാട്ടം
Mail This Article
തൊടുപുഴ∙ ഇത്തവണ തൊടുപുഴയിൽ പി.ജെ.ജോസഫിന് പകരം മകന്‍ അപു ജോസഫ് മല്‍സരിച്ചേക്കുമെന്ന അഭ്യൂഹങ്ങളെല്ലാം തള്ളിക്കളയുകയാണ് ജോസഫ് ക്യാംപ്. പി.ജെ.ജോസഫ് പതിനൊന്നാം അങ്കത്തിന് തയാറെടുത്ത് കഴിഞ്ഞു. മാണി വിഭാഗത്തിന്റെ പിന്തുണയോടെ ജോസഫിനെ അട്ടിമറിക്കാനുള്ള സ്ഥാനാര്‍ഥിക്കായി ആലോചനയിലാണ് ഇടത് ക്യാംപ്.
1970ൽ തുടങ്ങിയതാണ് പി.ജെ.ജോസഫിന്റെ ജൈത്രയാത്ര. സിപിഎമ്മും കോൺഗ്രസും ലീഗും ഒന്നിച്ച് ചേര്‍ന്നൊരുക്കിയ വെല്ലുവിളി മറികടന്നാണ് കേരള കോൺഗ്രസ് എംഎൽഎ ആയി പി.ജെ. ജോസഫ് നിയമസഭയിൽ എത്തിയത്. പിന്നീട് പിളർന്ന് പിളര്‍ന്ന് കേരള കോണ്‍ഗ്രസ് വളര്‍ന്നപ്പോഴും മുന്നണി മാറി ഇടതും വലതുമെത്തിയപ്പോഴും ജോസഫ് ജയിച്ചു കൊണ്ടേയിരുന്നു. 2001ൽ പി.ടി. തോമസ് മാത്രമാണ് അതിന് തടയിട്ടത്. കഴിഞ്ഞ തവണ റെക്കോഡ് ഭൂരിപക്ഷം. കേരള കോൺഗ്രസ് പിളര്‍ന്ന ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായതിനാല്‍ ഇത്തവണ വീറും വാശിയും നിറയുന്ന അഭിമാനപോരാട്ടമാണ് ജോസഫിന്.
സീറ്റ് കേരള കോണ്‍ഗ്രസിനാണെങ്കില്‍ കേരള കോൺഗ്രസ് (എം) നേതാവായ പ്രൊഫസർ കെ.ഐ. ആന്റണിക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. കോളേജ് അധ്യാപകനായിരുന്ന കെ.ഐ ആന്റണിയുടെ തൊടുപുഴയിലെ ശിഷ്യസമ്പത്തും പൊതു ജനങ്ങളോടുള്ള അടുപ്പവും വോട്ടായി മാറും എന്നാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ പ്രതീക്ഷ. തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലം പി.ജെ.ജോസഫിന്റെ തട്ടകത്തിന് ഇളക്കം ഉണ്ടാക്കുമെന്നാണ് ജോസ് കെ. മാണി വിഭാഗത്തിന്റെ കണക്കുകൂട്ടൽ.
English Summary: PJ Joseph to contest in thodupuzha constituency again