ടൂൾകിറ്റ് കേസ്: അറസ്റ്റിൽനിന്ന് രക്ഷതേടി നികിത ജേക്കബ് കോടതിയിൽ
Mail This Article
മുംബൈ∙ ടൂൾകിറ്റ് വിഷയത്തിൽ ആക്ടിവിസ്റ്റുകളായ നികിത ജേക്കബിനും ശന്തനു മുളുകിനും ഡൽഹി പൊലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതിനു പിന്നാലെ നികിത ബോംബെ ഹൈക്കോടതിയിൽ ഹർജി നൽകി. അറസ്റ്റിൽനിന്ന് നാലാഴ്ച സംരക്ഷണം നൽകണമെന്നാണ് നികിതയുടെ ആവശ്യം. നികിതയും ശന്തനുവും ദിശയും ചേർന്നാണ് ഗൂഗിൾ ഡോക്കുമെന്റ് തയാറാക്കി മറ്റുള്ളവർക്കു നൽകിയതെന്നാണ് ഡൽഹി പൊലീസിന്റെ ആരോപണം. അറസ്റ്റിൽനിന്ന് സംരക്ഷണം തേടി ശന്തനുവും ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്. ഇരുവർക്കുമെതിരെ ജാമ്യമില്ലാ വാറന്റാണ് ഡൽഹി പൊലീസ് പുറപ്പെടുവിച്ചിരിക്കുന്നത്.
റിപ്പബ്ലിക് ദിനത്തിനു മുൻപ് ദിശയും മറ്റു രണ്ടുപേരും ചേർന്ന് കർഷകരുടെ ട്രാക്ടർ റാലിയെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നതിനായി സൂമിൽ യോഗം ചേർന്നിരുന്നെന്നാണ് പൊലീസിന്റെ വിശദീകരണം. കാനഡയിലുള്ള പുനിത് എന്ന സ്ത്രീയാണ് ഇവരെ ഖലിസ്ഥാന്‍ അനുകൂല സംഘടനയായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി ബന്ധപ്പെടുത്തിയത്. ജനുവരി 11ന് നികിതയും ശന്തനുവും ഈ സംഘടന വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സൂം വഴി പങ്കെടുത്തിരുന്നു. ഈ യോഗത്തിലാണ് പരിപാടികള്‍ ആസൂത്രണം ചെയ്തതെന്നും പൊലീസ് പറഞ്ഞു.
ഫെബ്രുവരി 11ന് ഡല്‍ഹി പൊലീസ് സംഘം മുംബൈയിലെത്തി നികിതയുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയിരുന്നു. നികിതയും ശന്തനവും ദിശയും ചേര്‍ന്നാണ് ടൂള്‍കിറ്റ് തയാറാക്കിയത്. ഇമെയില്‍ അക്കൗണ്ട് ഉണ്ടാക്കിയത് ശന്തനുവാണ് എന്നും ഡൽഹി പൊലീസ് പറയുന്നു.
അതേസമയം, ഹർജിയിൽ തനിക്കെതിരായ എഫ്ഐആറിന്റെ ഒരു കോപ്പിയും നികിത ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹി പൊലീസ് വീട്ടിലെത്തി പരിശോധിച്ചെന്നും തന്റെ രേഖകളും ഗാഡ്ജറ്റുകളും പിടിച്ചെടുത്തെന്നും അവർ ഹർജിയിൽ പറയുന്നു.
English Summary: 'Toolkit' Case: Facing Arrest, Lawyer Nikita Jacob In Court Today