ടൂൾകിറ്റ് കേസ്: നികിത ജേക്കബിന് ഇടക്കാല സംരക്ഷണം നൽകി കോടതി
Mail This Article
മുംബൈ∙ ടൂൾകിറ്റ് കേസിൽ മലയാളി അഭിഭാഷക നികിത േജക്കബിന് അറസ്റ്റിൽ നിന്ന് 3 ആഴ്ച സംരക്ഷണം നൽകി ബോംബെ ഹൈക്കോടതി ഉത്തരവ്. മൂന്നാഴ്ചത്തേക്ക് അറസ്റ്റു പാടില്ല, 25,000 രൂപ കെട്ടിവയ്ക്കണമെന്ന നിബന്ധന കോടതി മുന്നോട്ടുവച്ചു.
സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ ട്യൂൻബെർഗ് പോസ്റ്റ് ചെയ്ത ‘ടൂൾകിറ്റ്’ മാർഗരേഖയുമായി ബന്ധപ്പെട്ട നടപടികൾ ദിശ, നികിത, ശാന്തനു എന്നിവർ ഏകോപിപ്പിച്ചെന്നാണു പൊലീസിന്റെ വാദം. ഈ മാസം 11നു മുംബൈ ഗോരേഗാവിലെ നികിതയുടെ ഫ്ലാറ്റിൽ തിരച്ചിൽ നടത്തിയ പൊലീസ് ലാപ്ടോപ്പും മൊബൈൽ ഫോണും മറ്റും പിടിച്ചെടുത്തിരുന്നു.
മുംബൈ ഹൈക്കോടതിയാണ് നികിതയ്ക്ക് മൂന്നാഴ്ചത്തെ ട്രാൻസിറ്റ് മുൻകൂർ ജാമ്യം അനുവദിച്ചത്. മുംബൈ സ്വദേശിയാണ് നികിത. അവർക്കെതിരെ ഡൽഹി ഹൈക്കോടതി കഴിഞ്ഞ ദിവസം ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഇതിനെത്തുടർന്നാണ് ബോംബെ ഹൈക്കോടതിയെ മുൻകൂർ ജാമ്യത്തിനായി സമീപിച്ചത്.
ട്രാൻസിറ്റ് ജാമ്യം പ്രകാരം അടുത്ത മൂന്നാഴ്ചത്തേക്ക് നികിതയെ അറസ്റ്റ് ചെയ്യാൻ ഡൽഹി പൊലീസിനു സാധിക്കില്ല. ഈ സമയത്തിനകം ഡൽഹിയിലെ നിശ്ചിത കോടതിയിൽ അവർക്കു ജാമ്യാപേക്ഷ സമർപ്പിക്കുകയും ചെയ്യാം. രണ്ട് അധികാരപരിധിയിലുള്ള സംസ്ഥാനങ്ങളിലുള്ളവർക്ക് നിയമപരിരക്ഷ ഉറപ്പു വരുത്തുന്നതാണ് ട്രാൻസിറ്റ് ജാമ്യം. ഇതു ലഭിച്ചില്ലെങ്കിൽ ഡൽഹി പൊലീസിനു മുംബൈയിലെത്തി നികിതയെ അറസ്റ്റ് ചെയ്യാനാകും. ഇതു തടയാനാണ് മുൻകൂർ ട്രാൻസിറ്റ് ജാമ്യത്തിന് അപേക്ഷിച്ചത്. എഫ്ഐആറിന്റെ പകർപ്പും നികിത ആവശ്യപ്പെട്ടിട്ടുണ്ട്.
ബോംബെ ഹൈക്കോടതിയിലെ ജാമ്യാപേക്ഷയുടെ പകർപ്പ് നികിതയുടെ വീടിരിക്കുന്ന ഗോരെഗാവിന്റെ പരിധിയിലുള്ള പൊലീസ് സ്റ്റേഷനിൽ നൽകും. തുടർന്നാണ് ഇനി ഡൽഹി കോടതിയിൽ പ്രത്യേക ജാമ്യാപേക്ഷ നൽകുക. ട്രാൻസിറ്റ് ജാമ്യത്തിന് അവസരം നൽകാതെ, ടൂൾകിറ്റ് കേസിലെ മറ്റൊരു പ്രതിയായ ദിശ രവിയെ ബെംഗളൂരുവിലെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തത് വിവാദമായിരുന്നു.
ടൂൾകിറ്റ് കേസിൽ ഡൽഹി പൊലീസ് അന്വേഷിക്കുന്ന ശാന്തനു മുളുകിന് ബോംബെ ഹൈക്കോടതി ഇന്നലെ ട്രാൻസിറ്റ് ജാമ്യം അനുവദിച്ചിരുന്നു. വാദം കേട്ട ശേഷം ബോംബെ ഹൈക്കോടതിയുടെ ഔറഗംബാദ് ബെഞ്ചാണ് ശാന്തനുവിന് 10 ദിവസത്തെ ട്രാൻസിറ്റ് ജാമ്യം അനുവദിച്ചത്. ബെംഗളൂരുവിൽനിന്ന് കഴിഞ്ഞ ദിവസം പിടിയിലായ ദിശ രവിയാണ് ശാന്തനു, നികിത എന്നിവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു നൽകിയത്. കർഷക പ്രതിഷേധത്തെ പിന്തുണച്ച് മൂന്നു പേരും ചേർന്നാണു ടൂൾ കിറ്റ് നിർമിച്ചതെന്ന് ഡൽഹി പൊലീസിന്റെ സൈബർ സെൽ കണ്ടെത്തിയിരുന്നു.
English Summary : Bombay HC grants transit pre-arrest bail to Nikita Jacob in ‘toolkit’ case