താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവയ്ക്കാൻ മന്ത്രിസഭാ തീരുമാനം
Mail This Article
തിരുവനന്തപുരം∙ പിഎസ്‌സി ഉദ്യോഗാർഥികളുടെ സമരം ശക്തമാകുന്നതിനിടെ മുട്ടുമടക്കി സർക്കാർ. താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവയ്ക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുവരെ സ്ഥിരപ്പെടുത്തൽ നടക്കാത്ത വകുപ്പുകളിലാകും ഇന്നത്തെ തീരുമാനം ബാധകമാകുക.
സ്ഥിരപ്പെടുത്തൽ സുതാര്യമാണെങ്കിലും പ്രതിപക്ഷം തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് യോഗം വിലയിരുത്തി. സ്ഥിരപ്പെടുത്തൽ പ്രതിപക്ഷം ആയുധമാക്കിയതോടെയാണ് തീരുമാനത്തിൽനിന്ന് പിന്നോട്ടുമാറാൻ സർക്കാർ തീരുമാനിക്കുന്നത്. ആരോഗ്യം, റവന്യു വകുപ്പുകളിൽ പുതിയ തസ്തികകൾ സൃഷ്ടിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.
അതേസമയം, സെക്രട്ടേറിയറ്റിനു മുന്നിലെ സമരം തുടരുമെന്ന് എൽജിഎസ് ഉദ്യോഗാർഥികൾ പറഞ്ഞു. മുഖ്യമന്ത്രി ചർച്ചയ്ക്കു തയറാകണം. യഥാർഥ പ്രശ്നം മുഖ്യമന്ത്രിക്കു ബോധ്യപ്പെട്ടിട്ടില്ലെന്നും ഇവർ വ്യക്തമാക്കി.
പുതിയതായി സൃഷ്ടിക്കുന്ന തസ്തികകൾ
ഹയർ സെക്കൻഡറി - 151 (35 സ്കൂളുകളിലാണ് തസ്തിക. അധ്യാപക - അനധ്യാപക തസ്തികകൾ സൃഷ്ടിക്കും)
ആരോഗ്യ വകുപ്പ് – 3000
പരിയാരം മെഡിക്കൽ കോളേജ് - 772
ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് - 1200
ആയുഷ് വകുപ്പ്- 300
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് - 728
മണ്ണ് സംരക്ഷണ വകുപ്പ് – 111
മന്ത്രിസഭാ യോഗത്തിലെ മറ്റു തീരുമാനങ്ങൾ
∙ അട്ടപ്പാടി താലൂക്ക് സൃഷ്ടിക്കും. ഇവിടെ ആവശ്യത്തിനു തസ്തികകളും.
∙ ലൈഫ്: 1500 കോടി ഹഡ്കോയിൽനിന്നും വായ്പ എടുക്കും
∙ ലൈഫ് ഗുണഭോക്താക്കൾക്ക് ഇൻഷുറൻസ് പരിരക്ഷ
∙ പുതുശേരി മദ്യ ദുരന്തത്തിൽ മരണപ്പെട്ടവരുടെ മക്കൾക്ക് 5 ലക്ഷം വീതം ധനസഹായം
∙ കോവിഡ് കാലത്ത് ടാക്സികൾക്ക് 15 വർഷത്തെ ടാക്സ് ഇളവ് നൽകും
English Summary: Cabinet decides to stop confirmation of contract staff in public sector