ADVERTISEMENT

ആലപ്പുഴ∙ ആലപ്പുഴ ബസ് സ്റ്റാൻഡിൽ കിഫ്ബി ധനസഹായത്താൽ നിർമിക്കുന്ന മൊബൈലിറ്റി ഹബ്ബിന്റെ ശിലാസ്ഥാപനം നിർവ്വഹിച്ചു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ധനകാര്യമന്ത്രി ടി.എം. തോമസ് ഐസക് ആണ് ശിലാസ്ഥാപനം നിർവഹിച്ചത്. ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ മുഖ്യാതിഥിയായി പങ്കെടുത്തു. 129 കോടി രൂപയാണ് കിഫ്ബി ഇതിനായി മുതൽ മുടക്കുന്നത്. 1.75 ലക്ഷം ചതുരശ്ര അടിയിലാണ് നിർമാണം. ഇതിന്റെ നിർമാണ പ്രവർത്തനം നടക്കുമ്പോൾ താൽക്കാലികമായി ബസ്റ്റാൻഡ് ദേശീയപാതയോരത്ത് വളവനാട് ഹൗസിങ് ബോർഡിന്റെ സ്ഥലത്ത് ജൂൺ മുതൽ പ്രവർത്തനം ആരംഭിക്കും.  മൊബൈലിറ്റിയുടെ നിർമാണ ചുമതല ഇൻകലിനാണ്. 

ആലപ്പുഴയുടെ ഗതാഗത നവീകരണത്തിലെ സുപ്രധാന മാറ്റമാണ് കെഎസ്ആർടിസി മൊബിലിറ്റി ഹബ്ബിലൂടെ സാക്ഷാത്കാരമാകുന്നതെന്ന് ശിലാസ്ഥാപനം നിർവഹിച്ച ധനകാര്യമന്ത്രി ടി.എം. തോമസ് ഐസക് പറഞ്ഞു. കെഎസ്ആർടിസിയുടെ 4 ഏക്കർ ഭൂമിയോടൊപ്പം ഇറിഗേഷൻ, വാട്ടർ ട്രാൻസ്പോർട്ട് എന്നിവയുടെ സ്ഥലം ഉപയോഗിച്ചാണ് നിർമാണം പൂർത്തിയാക്കുന്നത്. ചുണ്ടൻ വള്ളത്തിന്റെ ആകൃതിയിലാണ് മൊബിലിറ്റി ഹബ്ബിന്റെ നിർമാണമെന്നും മന്ത്രി പറഞ്ഞു. 

കൊച്ചി വാട്ടർ മെട്രോ പ്രവർത്തിക്കുന്ന പോലെയുള്ള സംവിധാനമാണ് ആലപ്പുഴയിൽ ഒരുക്കുക. ജലഗതാഗതവും, റോഡും ഒരുമിച്ച് വരികയാണ്. ഇത് റെയിൽവെയുമായി ബന്ധിപ്പിക്കുന്നതിനുള്ള ശ്രമവും നടത്തും, 400 കോടി രൂപയുടെ ബൃഹത് പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ നിർമാണത്തിനാണ് ഭരണാനുമതി നൽകിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇത് വരുന്നതോടു കൂടി ആലപ്പുഴയുടെ ഗതാഗത സൗകര്യം കൂടുതൽ മെച്ചമാകുമെന്നും അദ്ദേഹം പറഞ്ഞു. 

ആലപ്പുഴ പരമ്പരാഗത വികസനത്തിന്റെ ഉയർന്ന നിലയിലാണ് ഇപ്പോൾ നിൽക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ പറഞ്ഞു. ആലപ്പുഴയെ സംബന്ധിച്ചുള്ള ചരിത്ര മുഹൂർത്തമാണിത്. ആലപ്പുഴയെ പുതുക്കിപ്പണിയുന്നതിനുള്ള കാൽവയ്പാണെന്നും മന്ത്രി പറഞ്ഞു. ആലപ്പുഴയുടെ ഒരു പുതിയ മുഖമാണ് ഈ മൊബിലിറ്റി ഹബ്ബ് എന്ന് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.  

വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കുമായി കാഴ്ച വയ്ക്കുന്ന മൊബിലിറ്റി ഹബ്ബിന്റെ അനിവാര്യത വളരെ വലുതാണ്. ദേശത്ത് നിന്നും വിദേശത്ത് നിന്നും സന്ദർശകർ എത്തുന്ന ഇവിടെ ഇത്തരം സംവിധാനം ഒരുക്കുന്നത് വിനോദ സഞ്ചാരികൾക്കും വളരെ ഉപകാരപ്പെടും. ഇത് ആലപ്പുഴയുടെ പൈതൃകത്തെ വിളിച്ചോതുന്നതായിരിക്കുമെന്നും മന്ത്രി പറഞ്ഞു. 

മൾട്ടിപ്ലക്സ് തിയറ്റർ, പ്രെട്രോൾ- ഡീസൽ പമ്പ്, മൾട്ടി ലെവൽ കാർ പാർക്കിങ്, സ്ത്രീകൾക്കും കുട്ടികൾക്കും താമസിക്കാൻ സൗകര്യമുള്ള സേഫ് സ്റ്റേ ഹോട്ടൽ, സൂപ്പർ മാർക്കറ്റ്, ഫോർ സ്റ്റാർ ഹോട്ടൽ, ജീവനക്കാരുടെ താമസ സൗകര്യം എന്നിവ ചേർന്ന ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സാണ് വിഭാവനം ചെയ്തിരിക്കുന്നത്. 

കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ ഐഎഎസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ  എ.എം. ആരിഫ് എംപി മുഖ്യപ്രഭാഷണം നടത്തി. ചെയർപഴ്സൺ സൗമ്യ രാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, കൗൺസിലർ എം.ജി. സതീ ദേവി, പി. ആർ അജിത് കുമാർ (സെക്രട്ടറി, കെഎസ്ആർടിഇ, സിഐടിയു), എ ചന്ദ്രൻ( സെക്രട്ടറി ടിഡിഎഫ്), കെ.എസ് രണദേവ് (സെക്രട്ടറി കെഎസ്ടിഇഎസ്, ബിഎംഎസ്), എ.റ്റി.ഒ വി. അശോക് കുമാർ‌, സോണൽ ഓഫിസർ വി.എം. താജൂദ്ദീൻ സാഹിബ് തുടങ്ങിയവരും സംസാരിച്ചു

English Summary: G Sudhakaran lay foundation stone for Alappuzha mobility hub

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com