ADVERTISEMENT

ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷം ലഘൂകരിക്കുന്നതിനൊപ്പം, തകർന്നുപോയ വ്യാപാര–വാണിജ്യ ഇടപാടുകളും പുനരുജ്‍ജീവിപ്പിക്കാൻ ഇന്ത്യയും ചൈനയും ഒരുങ്ങുന്നതായി റിപ്പോർട്ട്. വരും ആഴ്ചകളിൽ ചൈനയിൽനിന്നുള്ള പുതിയ നിക്ഷേപ നിർദേശങ്ങൾ അംഗീകരിക്കാൻ ഇന്ത്യ തയാറാകുമെന്ന് ഇക്കാര്യത്തിൽ അറിവുള്ള മൂന്നു സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

മാസങ്ങളായി സംഘർഷം പുകഞ്ഞുനിന്ന പാംഗോങ് തടാകതീരത്തുനിന്നുള്ള ചൈനീസ് സേനാ പിന്മാറ്റത്തിന്റെ ദൃശ്യങ്ങൾ ഇന്ത്യൻ സൈന്യം പുറത്തുവിട്ടിരുന്നു. മേഖലയിലെ ടെന്റുകളും ബങ്കറുകളും മണ്ണുമാന്തി യന്ത്രമുപയോഗിച്ചു നീക്കം ചെയ്യുന്നതു വിഡിയോയിൽ കാണാം. ചൈനീസ് സൈനികർ വാഹനങ്ങളിൽ സ്ഥലം വിടുന്നതും ടാങ്കുകൾ നീക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സമാന രീതിയിലുള്ള പിൻമാറ്റം ഇന്ത്യയും നടത്തുകയാണ്. പിന്മാറ്റത്തിന്റെ പുരോഗതി ഇരു സേനകളും പരിശോധിക്കുന്നുമുണ്ട്. 

സംഘർഷത്തിന്റെ മൂർധന്യത്തിൽ, ചൈനയെ ലക്ഷ്യമിട്ടുള്ള വിവിധ നയപരിപാടികൾ ഇന്ത്യ നടപ്പാക്കിയിരുന്നു. സർക്കാർ ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽനിന്നു തടയുക, ഇന്ത്യയിൽ നിക്ഷേപം നടത്തുന്ന ഏതൊരു ചൈനീസ് കമ്പനിയെയും അനുമതി തേടാൻ നിർബന്ധിക്കുക, ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കുക തുടങ്ങിയവ അവയിൽ ചിലതാണ്.

ലഡാക്കിലേക്കുള്ള വഴിയിൽ ബൽത്താലിൽ ക്യാംപ് ചെയ്തിരിക്കുന്ന ഇന്ത്യൻ സൈന്യം (ഫയൽ ചിത്രം)
ഇന്ത്യ– ചൈന

ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യത്തുനിന്നുള്ള നിക്ഷേപങ്ങൾക്കു സർക്കാർ അനുമതി ആവശ്യമാണെന്ന തീരുമാനം ചൈനയിൽനിന്നുള്ള നിക്ഷേപപ്രവാഹം മന്ദഗതിയിലാക്കി. നിയമം മാറ്റിയതു രണ്ടു ബില്യൻ ഡോളറിലധികം വിലമതിക്കുന്ന നൂറ്റിയൻപതിലധികം നിക്ഷേപ നിർ‌ദേശങ്ങൾക്കും അവയുമായി ബന്ധപ്പെട്ട കമ്പനികൾക്കും ക്ഷീണമായി. ചൈനയുടെ ഗ്രേറ്റ് വാൾ മോട്ടോഴ്‌സിന് ഇന്ത്യയിലെ ഒരു ജനറൽ മോട്ടോഴ്‌സ് പ്ലാന്റ് ഏറ്റെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കാലതാമസമുണ്ടായി.

‘ചൈനയുടെ ചില ഗ്രീൻ‌ഫീൽഡ് നിക്ഷേപ നിർദേശങ്ങൾക്ക് അനുമതി നൽകാൻ തുടങ്ങും, ദേശീയ സുരക്ഷയെ ബാധിക്കാത്ത മേഖലകളെ മാത്രമെ പരിഗണിക്കൂ’– കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു. പുതിയ നിക്ഷേപങ്ങളുടെ ആദ്യഘട്ട ക്ലിയറൻസിനുശേഷം ദേശീയ സുരക്ഷയ്ക്ക് അപകടകരമല്ലാത്ത നിലവിലെ പ്രോജക്ടുകളിലെ പുതിയ നിക്ഷേപങ്ങൾക്ക് അനുവാദം നൽകുന്നതും പരിഗണനയിലുണ്ട്.

ചില മേഖലകളിൽ ചൈനീസ് സ്ഥാപനങ്ങളിൽനിന്നു സർക്കാർ പരിശോധനയില്ലാതെ ‘ഓട്ടമാറ്റിക്’ ആയി നിക്ഷേപം അനുവദിക്കുന്നതിനെക്കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ചൈനീസ് നിക്ഷേപം സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഓഫിസുകൾ പ്രതികരിച്ചില്ല. 

English Summary: India to Clear Investment Proposals from China in Coming Weeks as Border Tension Eases: Report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com