ADVERTISEMENT

തിരുവനന്തപുരം∙ കാർഷിക മേഖലയായ നെടുമങ്ങാട് രാഷ്ട്രീയ വിത്തെറിയലിനു മുന്നോടിയായുള്ള നിലമൊരുക്കലിന്റെ തിരക്കിലാണ്. ഏപ്രിലിൽ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് സൂചന ലഭിച്ചതോടെ സ്ഥാനാർഥി ചർച്ചകൾ തകൃതി. അടിസ്ഥാനപരമായി ഇടതുമേൽക്കൈയുള്ള മണ്ഡലമാണെങ്കിലും ഒത്തുപിടിച്ചാൽ മണ്ഡലം ഒപ്പം പോരുമെന്ന് വിശ്വസിക്കുകയാണ് കോൺഗ്രസ്. 85 വോട്ടുകളുടെ വ്യത്യാസത്തിൽ വിജയിയെ നിശ്ചയിച്ച ചരിത്രമുണ്ട് മണ്ഡലത്തിന്.

കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥിയും നെടുമങ്ങാടുകാരനുമായ വി.വി. രാജേഷ് 35,139 വോട്ട് നേടിയതോടെ ബിജെപിയും പ്രതീക്ഷയിലാണ്. കോണ്‍ഗ്രസിലെ പാലോട് രവിയെ 3,621 വോട്ടിന്റെ ഭൂരിപക്ഷത്തിനു പരാജയപ്പെടുത്തി സിപിഐ നേതാവ് സി. ദിവാകരനാണ് നിയമസഭയിലെത്തിയത്.

അണ്ടൂർകോണം, പോത്തൻകോട്, മാണിക്കൽ, വെമ്പായം, കരകുളം പഞ്ചായത്തുകളും നെടുമങ്ങാട് നഗരസഭയും ഉൾപ്പെടുന്നതാണ് മണ്ഡലം. വെമ്പായമൊഴികെയുള്ള പഞ്ചായത്തുകളിൽ എൽഡിഎഫ് ഭരണം. ബ്ലോക്കിലും ജില്ലാ പഞ്ചായത്തിലും എൽഡിഎഫിനുതന്നെ മേൽകൈ. മുനിസിപ്പാലിറ്റിയും എൽഡിഎഫ് ഭരിക്കുന്നു. സർക്കാരിന്റെ വികസന നേട്ടങ്ങൾ വോട്ടായി മാറുമെന്ന് എൽഡിഎഫ് നേതൃത്വം പറയുന്നു. മണ്ഡലത്തിന്റെ ഇടതു മുഖവും അവർ ചൂണ്ടിക്കാട്ടുന്നു. ചരിത്രം ചികഞ്ഞാൽ കോൺഗ്രസ് ബാനറിൽ ആകെ ജയിച്ചതു രണ്ടുപേർ മാത്രമാണ് – 1965ൽ കെ. വരദരാജൻനായരും ശേഷം മൂന്നുതവണ പാലോട് രവിയും. 

ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയം കോൺഗ്രസിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. പാർട്ടിക്കുള്ളിൽ ഗ്രൂപ്പ് തർക്കങ്ങൾ കുറഞ്ഞു. 30 വർഷത്തിനു ശേഷമാണ് നെടുമങ്ങാട് ഉൾപ്പെടുന്ന ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം അടൂർ പ്രകാശിലൂടെ കോൺഗ്രസ് പിടിച്ചെടുത്തത്. 7 നിയമസഭാ മണ്ഡലങ്ങളിൽ ആറിടത്തും കോൺഗ്രസ് ലീഡ് നേടിയപ്പോൾ നെടുമങ്ങാട് മാത്രം സമ്പത്തിനു 759 വോട്ടിന്റെ ലീഡ് ലഭിച്ചു. 54,506 വോട്ടുകൾ യുഡിഎഫും 55265 വോട്ടുകൾ എൽഡിഎഫും 36417 വോട്ടുകൾ ബിജെപിയും നേടി.

എൽഡിഎഫിൽനിന്ന് സിപിഐയാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. സിപിഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ, സിപിഐ സംസ്ഥാന കൗൺസിൽ അംഗവും എഐടിയുസി സംസ്ഥാന സെക്രട്ടറിയും ട്രാൻസ്പോർട്ട് എംപ്ലോയിസ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ എം.ജി.രാഹുൽ എന്നിവരെയാണ് പാർട്ടി പരിഗണിക്കുന്നത്. മണ്ഡലത്തിലുൾപ്പെട്ട വെമ്പായം സ്വദേശിയാണ് രാഹുൽ. അതിനാൽതന്നെ രാഹുലിന്റെ പേരിനു പ്രഥമ പരിഗണന നൽകുന്നുണ്ട്. സ്ഥാനാർഥിയായാൽ സിപിഐ മാനദണ്ഡം അനുസരിച്ച് ജി.ആർ. അനിലിനു സെക്രട്ടറി സ്ഥാനം രാജിവയ്ക്കേണ്ടിവരും. 

കെപിസിസി സെക്രട്ടറിയായ പി.എസ്. പ്രശാന്തിനെയാണ് യുഡിഎഫ് പരിഗണിക്കുന്നത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായിരുന്നപ്പോൾ 2011ൽ നെടുമങ്ങാട്ടേക്കു പരിഗണിച്ചിരുന്നു. യൂത്ത് വെൽഫെയർ ബോർഡ് വൈസ് ചെയർമാനും എഐസിസി പ്രഖ്യാപിച്ച ലോക്സഭാ പബ്ലിസിറ്റി കമ്മിറ്റിയുടെ കൺവീനറുമായിരുന്നു. ചെറുപ്പക്കാരനായ പ്രശാന്തിലൂടെ മണ്ഡലം പിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതൃത്വം. മുതിർന്ന നേതാക്കൾ മത്സരിക്കണമെന്ന തീരുമാനത്തിലെത്തിയാൽ പാലോട് രവിയെ പരിഗണിച്ചേക്കും. 

ബിജെപിയിൽ ജെ.ആർ. പത്മകുമാറിന്റെ പേരാണ് ചർച്ചകളിൽ നിറയുന്നത്. എന്നാൽ, പത്മകുമാറിനെ മത്സരിപ്പിക്കുന്നതിനോട് നേതൃത്വത്തിൽ ഒരു വിഭാഗത്തിനു എതിർപ്പുണ്ട്. മണ്ഡലത്തിൽ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ കഴിയുന്നവരെ പരിഗണിക്കണമെന്നാണ് അവരുടെ വാദം.

∙ മണ്ഡല ചരിത്രം

1957ലെ തിരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിയായ എൻ.എൻ. പണ്ടാരത്തിലാണ് വിജയിച്ചത്. പിഎസ്‍പി സ്ഥാനാർഥി സോമശേഖരൻ നായരെയാണ് പരാജയപ്പെടുത്തിയത്. 1960ലെ തിരഞ്ഞെടുപ്പിലും പണ്ടാരത്തിൽ വിജയിച്ചു. 1965ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വരദരാജൻ നായർ പണ്ടാരത്തിലിനെ തോൽപിച്ചു. 1967ൽ സിപിഐയിലെ കുഞ്ഞുകൃഷ്ണപിള്ള വിജയിച്ചു. 1970ലും  കുഞ്ഞുകൃഷ്ണപിള്ള ജയം ആവർത്തിച്ചു. 

1977ൽ നടന്ന തിരഞ്ഞെടുപ്പിൽ സിപിഐ നേതാവ് കണിയാപുരം രാമചന്ദ്രൻ വിജയിച്ചു. 1980ൽ സിപിഐ നേതാവ് കെ.വി സുരേന്ദ്രനാഥാണ് വിജയിച്ചത്. 1982ലെ തിരഞ്ഞെടുപ്പിലും കെ.വി. സുരേന്ദ്രനാഥ് 3341 വോട്ടുകൾക്കു വിജയിച്ചു. കോൺഗ്രസിലെ വരദരാജൻ നായരായിരുന്നു എതിരാളി. 1987ലെ തിരഞ്ഞെടുപ്പിൽ കെ.വി. സുരേന്ദ്രനാഥ് കോൺഗ്രസിലെ പാലാട് രവിയെ 5543 വോട്ടുകൾക്കു പരാജയപ്പെടുത്തി. 

1991ൽ പാലോട് രവി സിപിഐയിലെ ഗോവിന്ദപിള്ളയെ 939 വോട്ടിനു പരാജയപ്പെടുത്തി. 1996ൽ പാലോട് രവി സിപിഐയിലെ മാങ്കോട് രാധാകൃഷ്ണനെ  4264 വോട്ടിനു തോൽപിച്ചു. 2001ൽ മാങ്കോട് രാധാകൃഷ്ണൻ പാലോട് രവിയെ 156 വോട്ടിനു അട്ടിമറിച്ചു. 2006ൽ മാങ്കോട് രാധാകൃഷ്ണൻ പാലോട് രവിയെ തോൽപിച്ചത് 85 വോട്ടുകൾക്ക്. 2011ൽ പാലോട് രവി 5030 വോട്ടുകൾക്ക് പി. രാമചന്ദ്രൻനായരെ പരാജയപ്പെടുത്തി. 2016ൽ സിപിഐയിലെ സി. ദിവാകരൻ 3621 വോട്ടുകൾക്ക് പാലോട് രവിയെ തോൽപിച്ചു.

∙ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ടുനില

സി.ദിവാകരൻ (സിപിഐ): 57,745

ഭൂരിപക്ഷം: 3,621

പാലോട് രവി (കോൺ): 54,124

 വി.വി. രാജേഷ് (ബിജെപി): 35,139

Content Highlights : Nedumangad Constituency, Kerala Assembly Elections 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com