പഞ്ചാബ് തൂത്തുവാരി കോൺഗ്രസ്; ബിജെപിക്ക് തദ്ദേശ ‘കൃഷിനാശം’
Mail This Article
ചണ്ഡിഗഡ് ∙ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക പ്രതിഷേധം അലയടിക്കുന്നതിനിടെ പഞ്ചാബിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിനു വൻ മുന്നേറ്റം. ബിജെപിക്കു കനത്ത തിരിച്ചടിയാണു സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.
ഏഴു മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ ആറെണ്ണവും കോണ്‍ഗ്രസ് നേടി. ഭട്ടിൻഡ, കപുർത്തല, ഹോഷിയാപുർ, പഠാൻകോട്ട്, ബട്ടാല, അബോഹര്‍ കോർപ്പറേഷനുകളിൽ കോൺഗ്രസ് ജയിച്ചു. ഒടുവിലെ വിവരമനുസരിച്ചു മോഗയിൽ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാണ്, 6 വാർഡ് കൂടി കിട്ടിയാൽ ജയിക്കാം. 50 വർഷത്തിനു ശേഷമാണു ഭട്ടിൻഡ കോൺഗ്രസ് നേടുന്നത്.
കോൺഗ്രസ് 2037, ശിരോമണി അകാലിദൾ (എസ്എഡി) 1569, ബിജെപി 1003, എഎപി 1606, ബിഎസ്‍പി 160 പേരെയുമാണു സ്ഥാനാർഥികളാക്കിയത്. 2832 സ്വതന്ത്രരും ജനവിധി തേടി. കാർഷിക നിയമങ്ങളെ ചൊല്ലി എൻഡിഎയിൽനിന്നു പുറത്തുവന്ന അകാലിദളും ബിജെപിയും വെവ്വേറെയാണു മത്സരിച്ചത്.
ഫെബ്രുവരി 14ന് നടന്ന തിരഞ്ഞെടുപ്പിൽ 70 ശതമാനത്തിലേറെ പോളിങ് രേഖപ്പെടുത്തി. അകാലിദളിനും എഎപിക്കും ബിജെപിക്കും ശോഭിക്കാനായില്ല. ബിജെപി, എസ്എഡി, എഎപി എന്നിവരുടെ ‘നെഗറ്റീവ് രാഷ്ട്രീയത്തെ’ ജനം തള്ളിക്കളഞ്ഞതായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജഖാർ പ്രതികരിച്ചു. മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെ കോൺഗ്രസ് നേതാവ് ദീപേന്ദർ ഹൂഡ അഭിനന്ദിച്ചു.
മജീതിയ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ 13 സീറ്റില്‍ പത്തെണ്ണം അകാലിദള്‍ നേടി. രാജ്പുര മുനിസിപ്പല്‍ കൗണ്‍സിലിലെ 31 സീറ്റുകളില്‍ 27 എണ്ണം കോണ്‍ഗ്രസിനാണ്. ബിജെപി രണ്ട് സീറ്റും അകാലിദളും എഎപിയും ഓരോ സീറ്റിലും വിജയിച്ചു. ദേരാബസി മുനിസിപ്പല്‍ കൗണ്‍സിലില്‍ കോണ്‍ഗ്രസ് എട്ടിടത്തു ജയിച്ചു.
സിരാക്പുര്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ അഞ്ചിടത്ത് കോണ്‍ഗ്രസ് ജയിച്ചു. ഫിറോസ്പുരില്‍ 12 വാര്‍ഡുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി. ജണ്ഡ്യാലയില്‍ 10 സീറ്റില്‍ കോണ്‍ഗ്രസും മുന്നിടത്ത് അകാലിദളും ജയിച്ചു. ലല്‍റുവില്‍ അഞ്ച് വാര്‍ഡുകള്‍ കോണ്‍ഗ്രസ് സ്വന്തമാക്കി.
നംഗലില്‍ 15 വാര്‍ഡുകളില്‍ കോണ്‍ഗ്രസും രണ്ടിടത്തു ബിജെപിയും ജയിച്ചു. ശ്രീ അനന്ത്പുര്‍ സാഹിബില്‍ 13 വാര്‍ഡിലും സ്വതന്ത്രരാണ് ജയിച്ചത്. കിർത്താര്‍പുര്‍ സാഹിബില്‍ അകാലിദളിന് ഒരു സീറ്റാണ് ലഭിച്ചത്. പത്തിടത്ത് സ്വതന്ത്രര്‍ ജയിച്ചു. അമൃത്സര്‍ ജില്ലയില്‍ രയ്യ, ജണ്ഡ്യാല, അജ്‌നാല, രാംദാസ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ജയിച്ചു. മജീതിയയില്‍ അകാലിദളിനാണു ജയം.
അമൃത്സര്‍ കോര്‍പ്പേറഷനിലെ 37ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചു. ഹോഷിയാപുരില്‍ ബിജെപി മുന്‍മന്ത്രി ത്രിക്ഷാന്‍ സൂദിന്റെ ഭാര്യ പരാജയപ്പെട്ടു. ഫസില്‍കയില്‍ കോണ്‍ഗ്രസ് 19 സീറ്റില്‍ ജയിച്ചു. ബിജെപി നാലിടത്തും എഎപി രണ്ടിടത്തും ജയിച്ചു. അബോഹറില്‍ ആകെയുള്ള 50 വാര്‍ഡുകളില്‍ 49 ഇടത്തും കോണ്‍ഗ്രസ് ജയിച്ചു. മോഗയില്‍ കോണ്‍ഗ്രസ് 20 വാര്‍ഡുകള്‍ നേടിയപ്പോള്‍ അകാലിദള്‍ 15 ഇടത്തും ബിജെപി ഒരിടത്തും എഎപി നാലിടത്തും ജയിച്ചു. പത്തിടത്ത് സ്വതന്ത്രര്‍ക്കാണു ജയം.
ഗുര്‍ദാസ്പുരില്‍ ആകെയുള്ള 29 വാര്‍ഡുകളും കോണ്‍ഗ്രസ് തൂത്തുവാരി. ജലന്ധറിലെ ഫിലാപുര്‍ മുനിസിപ്പല്‍ കൗണ്‍സിലില്‍ 15 സീറ്റില്‍ 11 എണ്ണവും കോണ്‍ഗ്രസ് നേടി. ബിജെപിക്കും അകാലിദളിനും സീറ്റില്ല. മൂന്നിടത്ത് സ്വതന്ത്രരും ഒരു സീറ്റ് ബിഎസ്പിയും നേടി. ബദ്‌നി കലനില്‍ ഒൻപത് സീറ്റില്‍ കോണ്‍ഗ്രസ് ജയിച്ചു. എഎപി മൂന്നും അകാലിദള്‍ ഒരു സീറ്റും സ്വന്തമാക്കി. ഗിഡ്ഡെര്‍ബഹയില്‍ കോണ്‍ഗ്രസ് 18 സീറ്റ് നേടി.
2,302 വാര്‍ഡുകള്‍, എട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, 190 മുനിസിപ്പല്‍ കൗണ്‍സില്‍-നഗരപഞ്ചായത്ത് എന്നിവിടങ്ങളിലേക്കുമാണു തിരഞ്ഞെടുപ്പ് നടന്നത്. ഒക്ടോബറിലായിരുന്നു തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. കോവിഡ് കാരണം നീട്ടിവയ്ക്കുകയായിരുന്നു. കര്‍ഷക പ്രതിഷേധം ആരംഭിച്ചശേഷം നടക്കുന്ന ആദ്യ തദ്ദേശ തിരഞ്ഞെടുപ്പായതിനാല്‍ ബിജെപിക്ക്് ഏറെ നിര്‍ണായകമാണ് ജനവിധി.
എട്ടില്‍ അഞ്ച് കോര്‍പ്പറേഷനുകളും കര്‍ഷക മേഖലയായ മല്‍വാ മേഖലയിലാണ്. നഗര മേഖലയാണെങ്കിലും ഇവിടെ ശക്തമായ കര്‍ഷക സ്വാധീനവും ബന്ധങ്ങളുമുണ്ട്. ഭൂരിപക്ഷ വോട്ടര്‍മാരും കൃഷിയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടു കിടക്കുകയാണ്.
English Summary: Punjab Municipal Election Results 2021 Updates