സൂക്ഷിക്കാനിടമില്ല; രാമക്ഷേത്രത്തിനായി വെള്ളിശില അയയ്ക്കരുതെന്ന് അഭ്യർഥന
Mail This Article
അയോധ്യ ∙ രാമക്ഷേത്രത്തിനായി ഇനിയും വെള്ളിശിലകൾ സംഭാവന ചെയ്യരുതെന്നു വിശ്വാസികളോട് അഭ്യർഥിച്ച് ശ്രീറാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് അംഗങ്ങൾ. ബാങ്ക് ലോക്കറുകളിൽ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാലാണ് അഭ്യർഥന നടത്തിയതെന്നു ക്ഷേത്രത്തിനായി സംഭാവന സ്വരൂപിക്കുന്ന ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
400 കിലോഗ്രാമിൽ കൂടുതൽ വെള്ളിശിലകൾ ഇതുവരെ സംഭാവന കിട്ടിയെന്നു റിപ്പോർട്ടിൽ പറയുന്നു. ‘ക്ഷേത്ര നിർമാണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ആളുകൾ വെള്ളിശിലകൾ അയയ്ക്കുന്നുണ്ട്. ഇപ്പോൾ വളരെയധികം വെള്ളിയായി. അവ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം എന്ന ആലോചനയിലാണ്. ഇനിയും വെള്ളിശില ദാനം ചെയ്യരുതെന്ന് അഭ്യർഥിക്കുകയാണ്. എല്ലാ ബാങ്ക് ലോക്കറുകളും നിറഞ്ഞിരിക്കുന്നു’– ട്രസ്റ്റ് അംഗം ഡോ. അനിൽ മിശ്ര പറഞ്ഞു.
‘ശ്രീരാമ ഭക്തരുടെ വികാരത്തെ പൂർണമായി മാനിക്കുന്നു, പക്ഷേ അവർ കൂടുതൽ വെള്ളി അയയ്ക്കരുതെന്ന് എളിയ അഭ്യർഥനയാണ്. അവ സുരക്ഷിതമായി സൂക്ഷിക്കാൻ ധാരാളം പണം ചെലവഴിക്കണം. നിർമാണ വേളയിൽ കൂടുതൽ വെള്ളി ആവശ്യമുണ്ടെങ്കിൽ ആവശ്യപ്പെടാം’– മിശ്ര പറഞ്ഞു. ഇതുവരെ 1,600 കോടി രൂപ സംഭാവനയായി ലഭിച്ചെന്ന് ട്രസ്റ്റ് വൃത്തങ്ങൾ അറിയിച്ചു. 1,50,000 സംഘങ്ങളാണു ധനസമാഹരണ യജ്ഞത്തിൽ ഏർപ്പെട്ടിട്ടുള്ളത്. 39 മാസത്തിനുള്ളിൽ ക്ഷേത്രം പൂർത്തിയാകുമെന്നു ട്രസ്റ്റ് വ്യക്തമാക്കി.
English Summary: Ram Temple Trust Requests Donors to Not Send Silver Bricks, Says Bank Lockers Out of Space: Report