പുതുച്ചേരിയിൽ അട്ടിമറിക്ക് ബിജെപി: തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ്
Mail This Article
പുതുച്ചേരി∙ പുതുച്ചേരിയിൽ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തുമെന്ന് ലഫ്. ഗവർണർ അറിയിച്ചു. രണ്ടാഴ്ചയ്ക്കിടെ 4 എംഎൽഎമാർ രാജിവച്ചതോടെ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിലായിരുന്നു. നിയമസഭ വിളിച്ചുകൂട്ടി നാരായണ സാമി സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷം ലഫ്.ഗവർണർക്കു കത്തു നൽകിയിരുന്നു.
14 എംഎൽഎമാർ കത്തിൽ ഒപ്പിട്ടു. കിരൺ ബേദിക്കു പകരം ലഫ്.ഗവർണറായി നിയമിതയായ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ ഇന്നലെയാണ് ചുമതലയേറ്റത്. ബിജെപി തമിഴ്നാട് ഘടകം മുൻ അധ്യക്ഷയാണ് തമിഴിസൈ സൗന്ദരരാജൻ.
നാമനിർദേശം ചെയ്യപ്പെട്ട 3 ബിജെപി എംഎൽഎമാരുൾപ്പെടെ 33 അംഗങ്ങളാണു പുതുച്ചേരി നിയമസഭയിൽ. ഇതിൽ 2 മന്ത്രിമാരുൾപ്പെടെ 4 കോൺഗ്രസ് എംഎൽഎമാർ രാജിവച്ചു. ഒരാളെ അച്ചടക്ക ലംഘനത്തിന്റെ പേരിൽ അയോഗ്യനാക്കി.
നിലവിൽ സഭയുടെ അംഗബലം 28. കോൺഗ്രസിന്റെ 10 ഉൾപ്പെടെ ഭരണ പക്ഷത്ത് 14, എൻആർ കോൺഗ്രസ് 7, അണ്ണാഡിഎംകെ 4, ബിജെപി 3 എന്നിങ്ങനെയായി പ്രതിപക്ഷത്തും 14.
Content Highlights: Puducherry Floor Test on Monday