അഫ്ഗാനിസ്ഥാൻ-ഇറാൻ അതിർത്തിയിൽ 500 ഓയിൽ ടാങ്കറുകൾ കത്തിനശിച്ചു- വിഡിയോ
Mail This Article
ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാൻ-ഇറാൻ അതിർത്തിയിൽ 500 ഓയിൽ ടാങ്കറുകൾക്ക് തീപിടിച്ചതിന്റെ സാറ്റലൈറ്റ് ചിത്രങ്ങൾ പുറത്ത്. ഫെബ്രുവരി 13 ന് ഇറാൻ അതിർത്തിയിയായ, ഇസ്‌ലാം ക്വാലയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തിൽ 60 പേർക്ക് പരുക്കേറ്റതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
മാക്‌സറിന്റെ വേൾഡ് വ്യൂ -3 ഉപഗ്രഹത്തിൽ നിന്നുള്ള ബുധനാഴ്ച എടുത്ത ചിത്രങ്ങളിൽ സ്ഫോടനത്തിന് ശേഷവും അവശിഷ്ടങ്ങളിൽനിന്ന് പുകയുയരുന്നത് കാണാം. പ്രകൃതിവാതകവും ഇന്ധനവും വഹിച്ചിരുന്ന അഞ്ഞൂറിലധികം ട്രക്കുകളാണ് നശിച്ചത്.
പ്രത്യേക ഇളവിന്റെ ഭാഗമായി ഇറാനിൽ നിന്ന് ഇന്ധനവും എണ്ണയും ഇറക്കുമതി ചെയ്യാൻ യുഎസ് അഫ്ഗാനിസ്ഥാനെ അനുവദിച്ചിരുന്നു. തീയുടെ ആഘാതം രൂക്ഷമായതിനാൽ അഫ്ഗാനിസ്ഥാന് ഇറാനിൽ നിന്നുള്ള വൈദ്യുതി വിതരണം നിർത്തേണ്ടിവന്നു. ഇതേത്തുടർന്ന് പടിഞ്ഞാറൻ നഗരമായ ഹെറാത്ത് ഇരുട്ടിലായി.
തീപിടിത്തത്തിൽ ഏകദേശം 50 മില്യൺ ഡോളറിന്റെ നാശനഷ്ടമുണ്ടായി. വരും ദിവസങ്ങളിൽ കൂടുതൽ കൃത്യമായ കണക്ക് ലഭ്യമാകുമെന്ന് ഹെറാത്ത് ചേംബർ ഓഫ് കൊമേഴ്‌സ് മേധാവി യൂനസ് ഖാസി സാദ പറഞ്ഞു. ദുരന്തം സങ്കൽപ്പിച്ചതിലും വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.
ഹെറാത്തിന് 120 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഹൈവേയിലാണ് താലിബാൻ ഭീകരരുടെ പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഇസ്‌ലാം ക്വാല അതിർത്തി. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോകളിൽ തീ ഉയരത്തില്‍ ആളിപ്പടരുന്നതും കറുത്ത പുക ആകാശം മൂടുന്നതും കാണാം.
English Summary: Satellite Pics Show 500 Oil Tankers Destroyed On Afghanistan-Iran Border