ഗല്‍വാൻ താഴ്വരയിലെ സംഘർഷം; ദൃശ്യം പുറത്തുവിട്ട് ചൈനീസ് മാധ്യമം
Mail This Article
ന്യൂഡൽഹി ∙ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘർഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന. കഴിഞ്ഞ ജൂണിലുണ്ടായ സംഘര്‍ഷത്തിന്റെ വിഡിയോ ആണ് ചൈനീസ് മാധ്യമമായ ഷെയ്ൻ ഷിവേയിൽ പ്രത്യക്ഷപ്പെട്ടത്. സംഘർഷത്തിൽ 5 സൈനികർ കൊല്ലപ്പെട്ടതായി ചൈന സമ്മതിച്ചതിന് തൊട്ടുപിന്നാലെയാണ് വിഡിയോ പുറത്തുവന്നത്.
സംഘര്‍ഷമുണ്ടായി എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് റെജിമെന്‍റല്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട സൈനികരെ മരണാനന്തര ബഹുമതികള്‍ നല്‍കി പ്രസിഡന്‍റ് ഷി ചിന്‍പിങ് അധ്യക്ഷനായ ചൈനീസ് മിലിട്ടറി കമ്മിഷന്‍ ആദരിച്ചതായി ചൈനീസ് സൈന്യത്തിന്‍റെ ഔദ്യോഗിക മാധ്യമമായ പിഎല്‍എ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോർട്ടിൽ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങളുമുണ്ട്.
സംഘര്‍ഷത്തില്‍ എത്ര സൈനികര്‍ക്ക് പരുക്കേറ്റു എന്നതില്‍ ചൈന മൗനം തുടരുകയാണ്. ഗല്‍വാന്‍, പാംഗോങ് തടാകം, ഹോട്സ്പ്രിങ് തുടങ്ങിയ മേഖലകളിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായിരുന്ന സംഘര്‍ഷാവസ്ഥയ്ക്ക് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ അയവ് വന്നിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം പാംഗോങ് തടാകത്തില്‍നിന്നുള്ള സൈനിക പിന്മാറ്റം പൂര്‍ത്തിയായി. ഗല്‍വാനിലുള്‍പ്പെടെ നിലനില്‍ക്കുന്ന പ്രശ്നങ്ങളില്‍ കമാന്‍ഡര്‍ തല ചര്‍ച്ച ശനിയാഴ്ച പത്ത് മണിക്ക് ആരംഭിക്കും.
English Summary: Chinese media Releases Galwan Clash Video