ADVERTISEMENT

ന്യൂഡല്‍ഹി∙ കാര്‍ഷിക മേഖലയിലെ ഇടനിലക്കാരെ ലക്ഷ്യമിട്ട് വീണ്ടും കേന്ദ്രസര്‍ക്കാര്‍. മിനിമം താങ്ങുവിലയ്ക്ക് (എംഎസ്പി) കര്‍ഷകരില്‍നിന്നു വിളകള്‍ ശേഖരിച്ചതിന്റെ പണം ഓണ്‍ലൈനില്‍ നേരിട്ടു കര്‍ഷകരുടെ അക്കൗണ്ടിലേക്കു തന്നെ നല്‍കുന്നുവെന്ന് ഉറപ്പാക്കണമെന്ന് പഞ്ചാബ്, ഹരിയാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കു പിന്തുണ നല്‍കുന്നത് ഇടനിലക്കാരാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി പണം മുഴുവന്‍ നേരിട്ടു കര്‍ഷകര്‍ക്കു ലഭിക്കുന്ന നടപടികള്‍ ഉറപ്പാക്കണമെന്ന് ഇരുസര്‍ക്കാരുകളോടും കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. ഗോതമ്പ് സംഭരണം അടുത്തയാഴ്ച ആരംഭിക്കാനിരിക്കുകയാണ്. 

ഇരുസംസ്ഥാനങ്ങളിലും അരിയും ഗോതമ്പും സംഭരിക്കുമ്പോള്‍ സര്‍ക്കാര്‍ ഇടനിലക്കാര്‍ക്കു പണം നല്‍കുകയും അവര്‍ കര്‍ഷകര്‍ക്കു നല്‍കുകയും ചെയ്യുന്ന രീതിയാണു നിലനില്‍ക്കുന്നത്. കര്‍ഷകര്‍ക്കു മേല്‍ കനത്ത സ്വാധീനം ചെലുത്താന്‍ ഇടനിലക്കാര്‍ക്കു കഴിയുന്ന സംവിധാനമാണിത്. മണ്ഡി ഫീസ്, കമ്മിഷന്‍ എന്നീ ഇനങ്ങളില്‍ ഇടനിലക്കാര്‍ തുക ഈടാക്കുകയും ചെയ്യുന്നുണ്ട്. 

ഇത്തരത്തില്‍ പണം തട്ടുന്ന ഇടനിലക്കാര്‍ പിന്നീട് ആ പണം കര്‍ഷകര്‍ക്കു പലിശയ്ക്കു കടം നല്‍കുകയാണ് ചെയ്യുന്നതെന്ന് അധികൃതര്‍ പറയുന്നു. മണ്ഡികള്‍ക്കു പുറത്ത് ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്കു സ്വാതന്ത്ര്യം ലഭിച്ചാല്‍ വന്‍തുക നഷ്ടമാകുമെന്ന ആശങ്കയില്‍ ഇടനിലക്കാരാണ് കര്‍ഷക പ്രതിഷേധം ഇളക്കിവിടുന്നതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആരോപണം. 

ഇടനിലക്കാരെ ഒഴിവാക്കാനായി ഉത്തര്‍പ്രദേശില്‍ കര്‍ഷകര്‍ക്കായി ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്തി. മിനിമം താങ്ങുവിലയ്ക്കു ഉല്‍പ്പന്നം വിറ്റു കഴിഞ്ഞാല്‍ അതിവേഗം പണം നേരിട്ട് അക്കൗണ്ടിലെത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ വിജയകരമായ ബയോമെട്രിക് മാതൃക ഒഡിഷ, ഛത്തിസ്ഗഢ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും നടപ്പാക്കാനുള്ള നീക്കത്തിലാണ്. എംഎസ്പി ഉറപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി പീയുഷ് ഗോയല്‍ പറഞ്ഞു. മിനിമം താങ്ങുവില നല്‍കിയുള്ള ധാന്യസംഭരണം മോദി സര്‍ക്കാരിന്റെ കാലത്ത് വര്‍ധിച്ചുവെന്നും മന്ത്രി പറഞ്ഞു.

English Summary: Eye on arhtiyas, Middle Men Centre prods Punjab & Haryana for online MSP

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com