പാംഗോങ്ങിലെ സേനാ പിന്മാറ്റം പൂർത്തിയായി: കൂടുതൽ മേഖലകളിൽ നിന്ന് ചൈന പിൻമാറിയേക്കും
Mail This Article
ന്യൂഡൽഹി∙ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ സംഘർഷമൊഴിവാക്കുന്നതിന്റെ ഭാഗമായി പാംഗോങ് തടാകതീരത്തു നിന്നുള്ള ചൈനീസ് സേനാ പിന്മാറ്റം പൂർത്തിയായതായി റിപ്പോർട്ടുകൾ. അതിർത്തിയിൽ സംഘർഷ സാധ്യത കുറയ്ക്കുന്നതിന് കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ശനിയാഴ്ച പത്താംവട്ട ഉഭയകക്ഷി ചർച്ച നടത്താനും തീരുമാനമായി.
കിഴക്കൻ ലഡാക്കിലെ ഗോഗ്ര, ഹോട് സ്പ്രിങ്സ്, ഡെപ്സാങ് എന്നിവിടങ്ങളിലെ സേനാ പിൻമാറ്റമാകും ശനിയാഴ്ചയിലെ ഇരുപക്ഷത്തെയും ഉന്നത ഉദ്യോഗസ്ഥരുടെ പത്താംവട്ട കൂടിക്കാഴ്ചയില്‍ ചർച്ചയാകുക. ഈ പ്രദേശങ്ങളിലെ സേനാ പിൻമാറ്റം തന്നെയാകും ഇന്ത്യ–ചൈന സൈനിക ചർച്ചയിൽ പ്രധാനവിഷയമാകുകയെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
പാംഗോങ് തടാകത്തിന്റെ വടക്കൻ തീരത്തെ എട്ടാം മലനിരയ്ക്കപ്പുറത്തേക്കു (ഫിംഗർ 8) ചൈനീസ് സേനയും മൂന്നാം മലനിരയ്ക്കു സമീപമുള്ള ധാൻ സിങ് ഥാപ്പാ പോസ്റ്റിലേക്ക് ഇന്ത്യൻ സേനയും പിന്മാറണമെന്ന് കഴിഞ്ഞ ദിവസം ധാരണയായതിനു പിന്നാലെയാണ് ചൈനീസ് പിൻമാറ്റം അതിവേഗമായത്.
പാംഗോങ് തടാകത്തിന്റെ വടക്കൻ തീരത്തു സ്ഥിതി ചെയ്തിരുന്ന ചൈനീസ് സൈനിക ക്യാംപുകൾ നീക്കം ചെയ്തതായി പുതിയതായി പുറത്തു വന്ന സാറ്റലൈറ്റ് ചിത്രത്തിൽ ദൃശ്യമായിരുന്നു. മേഖലയിൽ നിന്ന് നൂറുകണക്കിനു ടെന്റുകളും ബങ്കറുകളും നീക്കം ചെയ്തായി സാറ്റലൈറ്റ് ചിത്രത്തിൽ വ്യക്തമാണ്. കിഴക്കൻ ലഡാക്ക് അതിർത്തിയിൽ കഴിഞ്ഞ 10 മാസങ്ങൾക്കിടെ ചൈന നിർമ്മിച്ചവയാണ് വ്യാപകമായി പൊളിച്ചു മാറ്റിയത്. ഇതിന്റെ ദൃശ്യങ്ങളും സൈന്യം ബുധനാഴ്ച പുറത്തുവിട്ടിരുന്നു.
English Summary: India, China Disengagement At Both Banks Of Pangong Completed: Sources