ADVERTISEMENT

ന്യൂഡൽഹി∙ തന്നെ അറസ്റ്റ് ചെയ്യാൻ കാരണമായ ഓൺലൈൻ ‘ടൂൾകിറ്റ്’ എന്നത് കേവലമൊരു ‘മാര്‍ഗരേഖ’ (റിസോഴ്സ് ഡോക്യുമെന്റ്) മാത്രമാണെന്ന് പരിസ്ഥിതി പ്രവർത്തക ദിശ രവി. ഡൽഹി കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിലാണ് ദിശയുടെ വാദം. എന്നാല്‍ ഈ വാദത്തെ ഡൽഹി പൊലീസ് എതിർത്തു.

ഇന്ത്യയെയും സൈന്യത്തെയും അപകീർത്തിപ്പെടുത്താൻ വിവിധ വെബ്സൈറ്റുകൾ ഈ രേഖകൾ ഉപയോഗിച്ചുവെന്നാണ് പൊലീസ് വാദിച്ചത്. ഖലിസ്ഥാൻ അനുകൂല പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷൻ (പിജെഎഫ്) സംഘടനയുമായി ദിശയ്ക്കു ബന്ധമുണ്ടെന്നും പൊലീസ് വാദിച്ചു.

‘കുറ്റാരോപിതൻ തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചാൽ ജാമ്യം നിഷേധിക്കാം. ദിശ അന്വേഷണവുമായി സഹകരിക്കുന്നില്ല. അവരുടെ കൈവശമുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളെല്ലാം ഫൊറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനകളിൽ അതിലുള്ളവ നീക്കം ചെയ്തതായാണ് വ്യക്തമാകുന്നത്. അന്വേഷണം പ്രാരംഭ ദിശയിലാണ്. അതിനാൽ തെളിവുകൾ നശിപ്പിക്കപ്പെട്ടു’ – പ്രോസിക്യൂഷൻ വാദിച്ചു.

ദിശയുടെ ഹർജി കേൾക്കുന്നതിനിടെ, എന്താണ് ടൂൾകിറ്റ്, ജാമ്യം ലഭിക്കുന്നതിന് ദിശയ്ക്കുള്ള നിയമപരമായ തടസ്സം എന്ത്, പ്രോസിക്യൂഷന്റെ ഭാഗമെന്താണ്, ദിശയ്ക്കെതിരെയുള്ള ആരോപണങ്ങൾ എന്ത്, അവർക്കെതിരെയുള്ള തെളിവുകൾ എന്ത് തുടങ്ങിയ ചോദ്യങ്ങൾ കോടതി ഉയർത്തി.

കാനഡ ആസ്ഥാനമായ പിജെഎഫാണ് ട്വീറ്റുകൾക്കു പിന്നിലെന്നും അവർക്ക് കർഷകസമരം മുൻനിർത്തി കാര്യങ്ങൾ നീക്കണമായിരുന്നുവെന്നും ഡൽഹി പൊലീസ് മറുപടി നൽകി. ‘ഇന്ത്യയ്ക്കെതിരായ പോരാട്ടത്തിൽ അവർക്ക് ഒരു ഇന്ത്യൻ മുഖം വേണമായിരുന്നു. ദിശയെപ്പോലുള്ള കുറച്ചുപേരുമായി അവർ ബന്ധപ്പെട്ടു. ഈ ടൂൾകിറ്റ് ഗൂഢാലോചനതന്നെ ഇവരുമായി ബന്ധപ്പെട്ടതാണ്’ – പൊലീസ് വാദിച്ചു.

‘ഈ ഗൂഢാലോചനയുടെ ഭാഗമായി ദിശ ‘ഇന്റർനാഷനൽ ഫാർമേർസ് സ്ട്രൈക്ക്’ എന്നൊരു വാട്സാപ് ഗ്രൂപ്പ് ഡിസംബർ ആറിന് ഉണ്ടാക്കി. പിജെഎഫുമായി ബന്ധപ്പെടാനുള്ള നീക്കമായിരുന്നു അത്. ജനുവരി 11ന് പിജെഎഫ് സ്ഥാപകൻ എം.ഒ.ധാലിവാലും ദിശയുമായി സൂം വഴി ബന്ധപ്പെട്ടു. പിന്നാലെ നിരവധി യോഗങ്ങളും നടന്നു.

ജനുവരി 20നാണ് ടൂൾകിറ്റിന്റെ കരട് തയാറാക്കിയത്. മൂന്നു ദിവസത്തിനുശേഷം അന്തിമ ടൂൾകിറ്റ് ഷെയർ ചെയ്യപ്പെട്ടു. പിജെഎഫുമായി ഈ ടൂൾകിറ്റ് ഷെയർ ചെയ്യേണ്ട കാര്യമില്ല. ഇതു കർഷക സമരവുമായി ബന്ധപ്പെട്ടതല്ല. ഗൂഢമായ തരത്തിലാണ് കൈകാര്യം ചെയ്തത്. ഇതൊരു കുടിലമായ പ്രവൃത്തിയാണ്.

ഈ ടൂൾകിറ്റിൽ ഒരു ലിങ്ക് കൊടുത്തിരുന്നു. അത് തുറക്കുന്നത് ഒരു വെബ്സൈറ്റിലേക്കാണ്. ഇന്ത്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ചാണ് ആ വെബ്സൈറ്റിൽ പറയുന്നത്. ഈ ടൂൾകിറ്റ് ഇന്ത്യയെയും സൈന്യത്തെയും അപകീർത്തിപ്പെടുത്താൻ കൃത്യമായി തയാറാക്കിയതാണ്’ – പൊലീസ് പറഞ്ഞു. ഫെബ്രുവരി 13ന് ബെംഗളൂരുവിൽനിന്നാണ് ദിശയെ അറസ്റ്റ് ചെയ്തത്.

English Summary: "Bail Can Be Denied If...": Delhi Police In Court On Activist Disha Ravi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com