നിർണായകമായി നോമിനേറ്റഡ് എംഎൽഎമാർ; പുതുച്ചേരി പിടിക്കുമോ ബിജെപി?
Mail This Article
ചെന്നൈ∙ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന പുതുച്ചേരിയിൽ തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ്. നാമനിർദേശത്തിലൂടെ നിയമസഭാ അംഗങ്ങളായ മൂന്ന് എംഎൽഎമാർ വോട്ട് ചെയ്യുമോ എന്നകാര്യത്തിൽ അനിശ്ചിതത്വമുണ്ട്. പുതുച്ചേരി ബിജെപി അധ്യക്ഷൻ വി.സാമിനാഥൻ, കെ.ജി.ശങ്കർ, എസ്. സെൽവഗണപതി എന്നിവരാണ് നാമനിർദേശത്തിലൂടെ എംഎൽഎമാരായത്.
കേന്ദ്ര ഭരണ പ്രദേശങ്ങളിൽ കേന്ദ്ര സർക്കാരിനു മൂന്ന് എംഎൽഎമാരെ നാമനിർദേശം ചെയ്യാമെന്നാണു 2018ലെ സുപ്രീംകോടതി വിധി. എന്നാൽ ഇവരെ ബിജെപി അംഗങ്ങളായി കണക്കാക്കരുതെന്നും വിധിയിലുണ്ട്. വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ടാൽ കോൺഗ്രസ് കോടതിയെ സമീപിച്ചേക്കുമെന്നാണു സൂചന.
വിശ്വാസ വോട്ടെടുപ്പിൽ പങ്കെടുത്താൽ ഇവർ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കപ്പെടുമെന്നാണ് കോൺഗ്രസ് വാദം. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെടുന്ന ലഫ്.ഗവർണർ തമിഴിസൈ സൗന്ദർരാജന്റെ ഉത്തരവിൽ നാമനിർദേശം ചെയ്യപ്പെട്ട എംഎൽഎമാരെ ബിജെപി എംഎൽഎമാരായാണ് പ്രതിപാദിച്ചിരിക്കുന്നത്.
ഇതു ചട്ടവിരുദ്ധമാണെന്ന് കോൺഗ്രസ് വിപ്പ് ആർ.കെ.ആർ. അനന്ദരാമൻ പറഞ്ഞു. എംഎൽഎമാർക്ക് വോട്ട് ചെയ്യാൻ സുപ്രീംകോടതി അനുമതി നൽകിയെന്നാണ് ബിജെപിയുടെ വാദം. തിരഞ്ഞെടുപ്പിൽ മത്സരിച്ച് അംഗങ്ങളാവാത്തവർക്ക് വോട്ടവകാശം നൽകുന്നതു ഭരണഘടനാ വിരുദ്ധമാണെന്നു കോൺഗ്രസ് ആരോപിക്കുന്നു.
നാമനിർദേശം ചെയ്ത 3 പേർ ഉൾപ്പെടെ മൊത്തം സീറ്റ് 5 സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു. ബാക്കിയുള്ള 28 ൽ 14 എണ്ണം ഭരണ കക്ഷിക്കും, നാമനിർദേശം ചെയ്യപ്പെട്ട എംഎൽഎമാർ ഉൾപ്പെടെ 14 പേർ പ്രതിപക്ഷത്തിനുമുണ്ട്. 28 സീറ്റുകളിൽ 15 സീറ്റുകൾ എങ്കിലും നേടിയാൽ മാത്രമേ വിശ്വാസ വോട്ടെടുപ്പിൽ സർക്കാർ വിജയിക്കൂ. നോമിനേറ്റഡ് എംഎൽഎമാർ വോട്ട് ചെയ്താൽ സർക്കാർ താഴെ വീഴും. എന്നാൽ ഇവരെ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കിയാൽ മുഖ്യമന്ത്രി വി. നാരായണസാമിക്കു ഭരണം നിലനിർത്താം.
സാധ്യതകൾ:
∙ നാമനിർദേശം ചെയ്യപ്പെട്ട മൂന്ന് എംഎൽഎമാരെ സ്പീക്കർ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് അയോഗ്യരാക്കിയാൽ കോൺഗ്രസിന് ഭരണം നിലനിർത്താം.
∙ എൻആർ കോൺഗ്രസിലും, അണ്ണാ ഡിഎംകെയിലുമുള്ള 2 എംഎൽഎമാർ കോൺഗ്രസ് അംഗങ്ങളെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചെന്ന നേരത്തേയുള്ള പരാതിയിൽ സ്പീക്കർക്ക് അയോഗ്യരാക്കാം. അങ്ങനെ വന്നാൽ നാരായണസാമിക്ക് ഭൂരിപക്ഷം തെളിയിക്കാം.
∙ ഒന്നോ അതിൽ അധികമോ കോൺഗ്രസ് എംഎൽഎമാർ സഭയിൽ എത്തിയില്ലെങ്കിൽ സർക്കാരിനു ഭൂരിപക്ഷം നഷ്ടപ്പെടും. ഒന്നോ അതിൽ അധികമോ പ്രതിപക്ഷ എംഎൽഎമാർ എത്തിയില്ലെങ്കിൽ സർക്കാരിനു ഭൂരിപക്ഷം ലഭിക്കും.
English Summary: Amid Congress Crisis Puducherry Floor Test on Monday