‘ഭതിജ ബച്ചാവോ ഭതിജ കല്യാണ്’; മമതയുടെ അനന്തരവനെ ബിജെപി ലക്ഷ്യമിടുന്നതെന്ത്?
Mail This Article
കൊൽക്കത്ത ∙ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ അനന്തരവനും തൃണമൂൽ കോൺഗ്രസ് നേതാവുമായ അഭിഷേക് ബാനർജിയാണ് ബിജെപി ഉന്നമിടുന്ന പ്രധാന നേതാക്കളിലൊരാളാൾ. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാർബറിൽനിന്ന് രണ്ടാം തവണ എംപിയായ ഈ മുപ്പത്തിമൂന്നുകാരനെ തൃണമൂലിന്റെ ഭാവി നേതാവായാണ് രാഷ്ട്രീയ നിരീക്ഷകരടക്കം വിലയിരുത്തുന്നത്.
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ, പാർട്ടിയിലെ അഭിഷേകിന്റെ സ്വാധീനവും നേതാവെന്ന നിലയിലുള്ള മികവും വളർന്നിട്ടുണ്ട്. ബംഗാളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തിയ അവസാന രണ്ടു പ്രചാരണ പര്യടനങ്ങളിലും അഭിഷേക് ബാനർജിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ‘മോദി സർക്കാർ ഗരിബ് കല്യാണിനു (ദരിദ്രരുടെ ക്ഷേമം) വേണ്ടിയാണ്. പക്ഷേ, മമത സർക്കാർ ഭതിജ കല്യാണിനു (മരുമകന്റെ ക്ഷേമം) വേണ്ടിയാണ്. തന്റെ മരുമകനെ മുഖ്യമന്ത്രിയാക്കേണ്ടത് എപ്പോഴാണെന്നാണ് മമതയുടെ ചിന്ത.’– അദ്ദേഹം പറഞ്ഞു.
അഭിഷേക് ബാനർജിയുടെ ലോക്സഭാ മണ്ഡലത്തോടു ചേർന്നുള്ള കാക്ദ്വീപ് നഗരത്തിൽ വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ അമിത് ഷാ പറഞ്ഞു: ‘തൃണമൂൽ കോൺഗ്രസിന് ഒരു മുദ്രാവാക്യം മാത്രമേയുള്ളൂ. ഭതിജ ബച്ചാവോ ഭതിജ കല്യാൺ (മരുമകനെ രക്ഷിക്കുക. മരുമകന്റെ ക്ഷേമം). ബംഗാളിന്റെ വികസനത്തിനായി മോദിജി പണം അയച്ചെങ്കിലും ആ പണം മുഴുവൻ ദീദിയുടെ സിൻഡിക്കേറ്റിനായി ബലിയർപ്പിക്കപ്പെട്ടു. പണം എവിടെപ്പോയി? അനന്തരവന്റെയും അദ്ദേഹത്തിന്റെ ഗുണ്ടകളുടെയും ക്ഷേമത്തിനായി അത് ബലിയർപ്പിക്കപ്പെട്ടു. ബിജെപി അധികാരത്തിൽ വരുമ്പോൾ, ബംഗാളിന്റെ പണം ഉപയോഗിക്കുകയും ഉത്തരവാദിത്തപ്പെട്ടവര്‍ക്കെതിരെ നിയമനടപടി ഉറപ്പാക്കുകയും ചെയ്യും’– ഷാ പറഞ്ഞു.
ഷായുടെ പ്രസ്താവനയ്ക്കു മറുപടിയുമായി മമതയും രംഗത്തെത്തി. ‘അവർക്ക് ദീദി-ഭതിജ (മൂത്ത സഹോദരി, മരുമകൻ) എങ്ങനെ പറയണമെന്ന് മാത്രമേ അറിയൂ. ആദ്യം ഭതിജയോട് യുദ്ധം ചെയ്യുക. പിന്നെ ദീദിയോട് പോരാടുന്നതിനെക്കുറിച്ച് ചിന്തിക്കുക. അഭിഷേക് ബാനർജിക്കെതിരെ മത്സരിക്കാൻ ഞാൻ അമിത് ഷായെ വെല്ലുവിളിക്കുന്നു. ഓർക്കുക, നിങ്ങളുടെ മകൻ അഴിമതി ആരോപണങ്ങളിൽനിന്ന് മുക്തനല്ല. നിങ്ങൾ നിങ്ങളുടെ സ്വന്തം മകനെ മറയ്ക്കുകയും മറ്റുള്ളവരെ ദുരുപയോഗം ചെയ്യുകയും ചെയ്യുന്നു. ഇത് സ്വീകാര്യമല്ല.
ഞാൻ മര്യാദ പാലിക്കുന്നു, പക്ഷേ ഇത് എന്റെ ബലഹീനതയായി കണക്കാക്കരുത്. ഓരോ ദിവസവും നിങ്ങൾ ഭൈപ്പോ-ഭതിജയെക്കുറിച്ച് (അനന്തരവൻ) പറയുകയും തുടരുകയും ചെയ്യുന്നു. നിങ്ങളുടെ മകനും എന്റെ ഭതിജയാണ്. അവൻ എങ്ങനെയാണ് ക്രിക്കറ്റ് ബോഡി ചീഫ് ആകുക? അദ്ദേഹം എങ്ങനെയാണ് ഇത്രയധികം കോടി രൂപ സമ്പാദിച്ചത്? നമ്മൾ ഇതിനെക്കുറിച്ച് സംസാരിക്കണോ?’– മമത ചോദിച്ചു.
തൃണമൂൽ കോൺഗ്രസിൽ അഭിഷേക് ബാനർജിയുടെ സ്വാധീനം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗണ്യമായി ഉയർന്നിട്ടുണ്ട്. 2019 ൽ വിജയിച്ച ഡയമണ്ട് ഹാർബറിൽനിന്ന് ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതു മുതൽ തൃണമൂലിന്റെ പ്രധാന തന്ത്രജ്ഞരിൽ ഒരാളായി അദ്ദേഹം മാറി. തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിനെ കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചതും അഭിഷേകാണ്.
മമത കഴിഞ്ഞാൽ, തൃണമൂലിൽ യാത്രകൾക്കായി ഹെലികോപ്ടർ ഉപയോഗിക്കുന്ന നേതാവുകൂടിയാണ് അഭിഷേക്. എന്നാൽ അഭിഷേക് ബാനർജിയെ ബിജെപി തുടർച്ചയായി ആക്ഷേപിക്കുന്നു. ‘തോലാബാജ് ഭൈപ്പോ’ (കൊള്ളയടിക്കുന്ന മരുമകൻ) എന്ന് വിളിച്ച് പരിഹസിക്കുന്നു. ബിജെപി തന്നെ ലക്ഷ്യമിടുകയാണെന്ന് അഭിഷേക് പറയുന്നു. സംസ്ഥാനത്തെ പശു, കൽക്കരി കള്ളക്കടത്ത് റാക്കറ്റുകളുമായി തന്നെ ബന്ധിപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും തനിക്കെതിരെ ഒരു കേസുമില്ലെന്നുമാണ് അഭിഷേകിന്റെ വാദം.
സൗത്ത് 24 പർഗാനയിൽ നടന്ന ഒരു റാലിയിൽ ബാനർജി പറഞ്ഞു, ‘അവർ എന്നെ ആക്രമിക്കുകയാണ്. അത് നല്ലതാണ്. രാഷ്ട്രീയ യുദ്ധക്കളത്തിൽ മമതയെ നേരിടുന്നതിനുമുൻപു പത്തു ഗോളുകൾക്ക് ഞാൻ അവരെ പരാജയപ്പെടുത്തും. ചിലർ ഭൈപ്പോ (അനന്തരവൻ) യെന്നും ചിലർ തോലാബാസ് ഭൈപ്പോ (കൊള്ളയടിക്കുന്ന മരുമകൻ) എന്നും പറയുന്നു. പേരുകൾ എടുത്ത് പറയാൻ നിങ്ങൾക്ക് ധൈര്യമില്ല, പക്ഷേ ഞാൻ പേരുകൾ എടുത്ത് പറയുന്നു.
ദിലീപ് ഘോഷ് ഒരു ഗുണ്ടയാണ്. അമിത് ഷാ പുറംനാട്ടുകാരനാണ്. കൈലാഷ് വിജയവർഗിയ പുറംനാട്ടുകാരനാണ്. സുവേന്ദു അധികാരി കോഴ വാങ്ങുന്നയാളാണ്. നിങ്ങൾക്ക് കഴിയുന്നതെല്ലാം ചെയ്യുക. നിങ്ങൾക്ക് ധൈര്യമുണ്ടെങ്കിൽ ഒരു കേസ് ഉണ്ടാക്കി എന്നെ ജയിലിലടയ്‌ക്കുക. അവർ എന്നെ നാടുവാഴി രാഷ്ട്രീയത്തിന്റെ പേരിൽ ആക്ഷേപിക്കുന്നു.’– അഭിഷേക് പറഞ്ഞു.
അഭിഷേക് ബാനർജിയെപ്പറ്റി തനിക്കുള്ള കണക്കുകൂട്ടലുകൾ എന്താണെന്ന് മമത ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അഭിഷേകിന്റെ പ്രസംഗങ്ങൾ ആൾക്കൂട്ടത്തെ ആകർഷിക്കുന്നുണ്ട്. യുവജന സംഘടനയെ നയിക്കുന്ന അഭിഷേകിന്റെ റാലികൾക്ക് ചെറുപ്പക്കാരടക്കം എത്തുന്നത് തൃണമൂൽ പ്രതീക്ഷയോടെ കാണുന്നു.
പ്രതിപക്ഷ പാർട്ടികളുടെ യുവ നേതാക്കൾക്കെതിരെ ബിജെപി നടത്തുന്നത് കടുത്ത ആക്രമണങ്ങളാണ്. മഹാരാഷ്ട്രയിൽ ആദിത്യ താക്കറെ, ബിഹാറിൽ തേജസ്വി യാദവ്, ബംഗാളിൽ അഭിഷേക് ബാനർജി എന്നിവരെ ബിജെപി കടുത്ത ഭാഷയിലാണ് നേരിട്ടിട്ടുള്ളത്. ബിജെപിയെപ്പോലെ കരുത്തുറ്റ ഒരു എതിരാളിയോട് പോരാടാൻ തനിക്കു കഴിയുമെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്തം അഭിഷേക് ബാനർജിക്കാണ്. അതുകൊണ്ടുതന്നെ 2021 ലെ തിരഞ്ഞെടുപ്പ് അദ്ദേഹത്തിന്റെ രാഷ്ട്രീയ ഭാവിയിൽ നിർണായകമാകും.
English Summary: Why Mamata Banerjee's Nephew Has Emerged As BJP's Favourite Target