13 സീറ്റ് ചോദിച്ച് ജോസ് കെ.മാണി; വിട്ടുവീഴ്ച വേണമെന്ന് സിപിഎം
Mail This Article
കോട്ടയം∙ നിയമസഭ തിരഞ്ഞെടുപ്പിനുള്ള സീറ്റുവിഭജന ചര്‍ച്ചയുടെ രണ്ടാം ഘട്ടത്തിന് ഇടതുമുന്നണി ഇന്നു തുടക്കമിടുന്നു. സിപിഐയുമായി നടത്തിയ ആദ്യഘട്ട ചര്‍ച്ചയ്ക്ക് ശേഷം ജനാതാദള്‍ ഒഴികെയുള്ള മറ്റ് പാര്‍ട്ടികളുമായിട്ടാണ് ചര്‍ച്ച. 13 സീറ്റു വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസും മത്സരിക്കുന്ന സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന നിലപാട് ജനാധിപത്യ കേരള കോണ്‍ഗ്രസും ചര്‍ച്ചയില്‍ ഉന്നയിക്കും.
സിപിഐയുമായും കേരള കോണ്‍ഗ്രസുമായും നടത്തിയ അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഔദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയത്. പത്തുസീറ്റ് ജോസ് കെ.മാണിക്ക് നല്‍കാമെന്ന് അനൗദ്യോഗിക ധാരണയായിട്ടുണ്ട്. എന്നാല്‍ 13 സീറ്റെന്ന ആവശ്യം ജോസ് ചര്‍ച്ചയില്‍ ഉന്നയിക്കും.
മറ്റു കക്ഷികളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം വീണ്ടും സിപിഐയുമായി സിപിഎം അടുത്ത ദിവസം ചര്‍ച്ച നടത്തും. വൈകിട്ട് നടക്കുന്ന ചര്‍ച്ചയില്‍ ഓരോ കക്ഷികളെയും പ്രത്യേകം പ്രത്യേകമാണ് കാണുന്നത്. കേരള കോണ്‍ഗ്രസിന് നല്‍കാവുന്ന സീറ്റുകള്‍ സിപിഎം അവരെ അറിയിക്കും. കാഞ്ഞിരപ്പള്ളി, ഇരിക്കൂര്‍ എന്നീ സീറ്റുകള്‍ സിപിഐയില്‍നിന്ന് ഏറ്റെടുത്തു നല്‍കാമെന്നാണ് സിപിഎം വാഗ്ദാനം. ഇതു വിട്ടുകൊടുക്കാന്‍ സിപിഐ സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.
എട്ടു സ്വതന്ത്രര്‍ ഉള്‍പ്പടെ 92 സീറ്റുകളിലാണ് സിപിഎം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. സിപിഐ 27 സീറ്റുകളിലും ജനാതാദള്‍ എസ് അഞ്ചു സീറ്റുകളിലും എന്‍സിപിയും ജനാധിപത്യ കേരള കോണ്‍ഗ്രസും നാലിടത്തുമാണ് മത്സരിച്ചത്. ഒരു സീറ്റുപോലും വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ്.
ഫ്രാന്‍സിസ് ജോര്‍ജ് ഉള്‍പ്പെടെ വിട്ടുപോയതിനാല്‍ സീറ്റു പകുതിയാക്കുമെന്നാണ് സിപിഎം നിലപാട്. മാണി സി.കാപ്പന്‍ വിട്ടുപോയതിനാല്‍ പാലായുടെ തര്‍ക്കം അവസാനിച്ചു. എന്നാല്‍ എ.കെ.ശശീന്ദ്രന്‍ മത്സരിക്കുന്ന ഏലത്തൂര്‍ സിപിഎം ഏറ്റെടുക്കുമോ എന്നതില്‍ എന്‍സിപിക്ക് ആശങ്കയുണ്ട്.
വികസന മുന്നേറ്റ യാത്ര ഇന്ന് തിരുവല്ലയിലായതിനാല്‍ ജനതാദള്‍ എസുമായുള്ള ചര്‍ച്ച മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ മാത്യു ടി.തോമസ് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇന്നത്തെ ചര്‍ച്ചയ്ക്ക് ശേഷം സിപിഐയുമായി സിപിഎം വീണ്ടും ചര്‍ച്ച നടത്തും. പുതിയ പാര്‍ട്ടികള്‍ക്കായി എല്ലാവരും വിട്ടുവീഴ്ച ചെയ്യേണ്ടി വരുമെന്ന് സിപിഎം അറിയിച്ചിട്ടുണ്ട്.
English Summary: Jose K Mani likely to demand 13 seats In assembly poll