ആർച്ച്ബിഷപ്പ് സൂസപാക്യം സ്ഥാനമൊഴിയുന്നു; താൽക്കാലിക ചുമതല ആർ. ക്രിസ്തുദാസിന്
Mail This Article
തിരുവനന്തപുരം∙ആർച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തിന് അടുത്ത മാസം 11ന് 75 വയസ് പൂർത്തിയാകുന്ന സാഹചര്യത്തിൽ അദ്ദേഹത്തിനു വേണ്ടി സാമ്പത്തിക കാര്യങ്ങളിൽ ഉൾപ്പെടെ തീരുമാനം എടുക്കുന്ന ചുമതല താൽക്കാലികമായി സഹായ മെത്രാൻ ഡോ.ആർ.ക്രിസ്തുദാസിനു കൈമാറി. അതിരൂപതയിലെ വൈദികർക്ക് അയച്ച കത്തിൽ ആർച്ച് ബിഷപ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാർച്ച് 10 മുതൽ താൻ അതിരൂപതാ മന്ദിരത്തിൽനിന്ന് അതിരൂപതാ സെമിനാരിയിലേക്കു താമസം മാറ്റുകയാണെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കോവിഡ് മുക്തനായി വിശ്രമിക്കുന്ന സാഹചര്യത്തിലാണ് ആർച്ച് ബിഷപ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് അതിരൂപതാ അധികൃതർ അറിയിച്ചു. ആർച്ച് ബിഷപ്പിന് 75 വയസ് പൂർത്തിയാകുമ്പോൾ അതിരൂപതയിലെ തുടർഭരണ സംവിധാനം എന്തായിരിക്കണമെന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതു മാർപ്പാപ്പയാണ്.
എത്രയും വേഗം വ്യക്തമായ പ്രഖ്യാപനം ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായി ആർച്ച് ബിഷപ്പിന്റെ കത്തിൽ പറയുന്നു. ആർച്ച് ബിഷപ്പിന്റെ ചുമതലയിൽ നിന്നു പരിശുദ്ധ സിംഹാസനം തന്നെ ഒഴിവാക്കുന്നതു വരെ സഹായ മെത്രാൻ എടുക്കുന്ന തീരുമാനങ്ങളുടെയെല്ലാം ഉത്തരവാദിത്തം തനിക്കായിരിക്കും. വികാരി ജനറലും മറ്റ് ഉത്തരവാദിത്തപ്പെട്ടവരും കൂടെയുള്ളപ്പോൾഎല്ലാം മുറ പോലെ നടക്കുമെന്നു പ്രതീക്ഷിക്കുന്നു. തനിക്ക് 75 വയസ് ആകുമ്പോൾ തുടർ സംവിധാനം എന്തെന്നുള്ള ആകാംക്ഷ സ്വാഭാവികമാണ്. ഇക്കാര്യം താൻ പലവട്ടം മേലധികാരികളെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ സഭാധികാരികളെ നിർബന്ധിക്കാനാവില്ല. ദീർഘമായ കാലയളവിനെയും തുടർച്ചയായ ചികിത്സയെയും കണക്കിലെടുക്കേണ്ടതു തന്റെ കടമയാണ്. ആരോടും മനഃപൂർവം അന്യായമായി പെരുമാറിയിട്ടില്ല. എല്ലാവരെയും പ്രീതിപ്പെടുത്താനും സാധിക്കില്ല. നിയമാനുസൃത പരിധിയിൽ നിന്നു പ്രവർത്തിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. ഇന്നത്തെസാഹചര്യത്തിൽ കാര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനാണ് സഹായ മെത്രാനെ ചുമതല ഏൽപ്പിക്കുന്നതെന്നും ആർച്ച് ബിഷപ്പിന്റെ കത്തിൽ പറയുന്നു.
English Summary : ArchBishop Soosa Pakiam to retire