2 മണിക്കൂറിൽ വീട്ടിലെത്താം; എയർഫോഴ്സ് വണ്ണിൽ കിമ്മിന് ട്രംപിന്റെ ലിഫ്റ്റ് വാഗ്ദാനം
Mail This Article
വാഷിങ്ടൻ ∙ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ രണ്ടുവർഷം മുൻപു ഹാനോയിയിൽ നടന്ന ഉച്ചകോടിക്കുശേഷം ഡോണൾഡ് ട്രംപ് ഉത്തരകൊറിയൻ പരമാധികാരി കിം ജോങ് ഉന്നിനെ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയർഫോഴ്‌സ് വണ്ണിൽ കയറാൻ ക്ഷണിച്ചെന്നു ബിബിസി ഡോക്യുമെന്ററി. കിമ്മും ട്രംപും പരസ്പരം ഭീഷണികൾ മുഴക്കി ലോകത്തെ ആശങ്കയിലാക്കിയ ശേഷം നടന്ന ഉച്ചകോടിയിലാണു മുൻ യുഎസ് പ്രസിഡന്റിന്റെ സ്നേഹപ്രകടനം.
2019ൽ വിയറ്റ്നാമിൽ നടന്ന ഉച്ചകോടിക്കുശേഷം എയർഫോഴ്സ് വണ്ണിൽ കിമ്മിന് ‘ലിഫ്റ്റ്’ വാഗ്ദാനം ചെയ്ത ട്രംപ്, ഏറ്റവും പരിചയസമ്പന്നരായ നയതന്ത്രജ്ഞരെ പോലും അമ്പരപ്പിച്ചെന്നു ഡോക്യുമെന്ററി പറയുന്നു. ട്രംപിന്റെ വാഗ്ദാനം സ്വീകരിച്ചിരുന്നെങ്കിൽ, കിമ്മും അദ്ദേഹത്തിന്റെ ചില പരിചാരകരും അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനത്തിൽ കയറുകയും, വിമാനം ഉത്തരകൊറിയൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുകയും ചെയ്യും. ഇതു പല സുരക്ഷാ പ്രശ്‌നങ്ങൾക്കു കാരണമാകുമായിരുന്നു.
‘പ്രസിഡന്റ് ട്രംപ് കിമ്മിന് എയർഫോഴ്സ് വണ്ണിൽ ഒരു ലിഫ്റ്റ് വാഗ്ദാനം ചെയ്തു’– ട്രംപിന്റെ ദേശീയ സുരക്ഷാ കൗൺസിലിനെപ്പറ്റി നന്നായി അറിയുന്ന മാത്യു പോട്ടിങ്ങർ ബിബിസിയോട് പറഞ്ഞു. ഒന്നിലേറെ ദിവസം ട്രെയിൻ മാർഗം ചൈനയിലൂടെ സഞ്ചരിച്ചാണു ഹാനോയിയിലേക്കു കിം എത്തിയതെന്നു ട്രംപിന് അറിയാമായിരുന്നു. ‘വേണമെങ്കിൽ രണ്ടു മണിക്കൂറിനുള്ളിൽ നിങ്ങളെ വീട്ടിലെത്തിക്കാം’ എന്നായിരുന്നു കിമ്മിനോടു ട്രംപ് പറഞ്ഞത്.
എന്തായാലും ഓഫർ കിം നിരസിച്ചു. ഹാനോയിയിൽ നടന്ന കൂടിക്കാഴ്ചയിൽ കാര്യമായ പുരോഗതിയുമുണ്ടായില്ല. ഉപരോധങ്ങൾ നീക്കുന്നതിനുള്ള ഉപാധികൾ പൂർണമായി അംഗീകരിക്കാൻ ഉത്തര കൊറിയ തയാറാകാതിരുന്നതായിരുന്നു കാരണം. കഴിഞ്ഞ മാസം അമേരിക്ക ഏറ്റവും വലിയ ശത്രുവാണെന്ന് പറഞ്ഞ കിം, വാഷിങ്ടനിൽ ആര് അധികാരത്തിൽ വന്നാലും ഉത്തരകൊറിയയ്‌ക്കെതിരായ നയം മാറില്ലെന്നും വ്യക്തമാക്കി.
English Summary: Trump Offered Kim Jong Un A "Lift" On Air Force One 2 Years Ago: Report