‘നാഷണലിസ്റ്റ് കോൺഗ്രസ് കേരള’: പുതിയ പാർട്ടി പ്രഖ്യാപിച്ച് മാണി സി. കാപ്പൻ
Mail This Article
തിരുവനന്തപുരം∙ പാലാ സീറ്റിന്റെ പേരിൽ എൻസിപി വിട്ട മാണി സി.കാപ്പൻ പുതിയ പാർട്ടി രൂപീകരിച്ചു. നാഷണലിസ്റ്റ് കോൺഗ്രസ് കേരള (എൻസികെ) എന്നാണ് പാർട്ടിയുടെ പേര്. മാണി സി. കാപ്പനാണ് പ്രസിഡന്റ്. ബാബു കാർത്തികേയനാണ് വർക്കിങ് പ്രസിഡന്റ്.
സുൾഫിക്കർ മയൂരിയും പി.ഗോപിനാഥുമാണ് വൈസ് പ്രസിഡൻറുമാർ. സിബി തോമസ് ട്രഷറർ. 11 ജില്ലാ പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചു. എൻസിപിയിൽനിന്നുള്ള നേതാക്കളാണു തന്നോടൊപ്പമുള്ളതെന്നു മാണി സി.കാപ്പൻ പറഞ്ഞു. യുഡിഎഫിനോട് ഘടകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് അംഗീകരിക്കുമെന്നാണു പ്രതീക്ഷ. പാലാ ഉള്‍പ്പെടെ 3 സീറ്റ് യുഡിഎഫിനോട് ആവശ്യപ്പെടും.
തന്നോട് എൽഡിഎഫ് കാണിച്ചത് കനത്ത അനീതിയാണെന്നു കാപ്പൻ പറഞ്ഞു. 3 തിരഞ്ഞെടുപ്പിൽ മാണിയെ നേരിട്ട താൻ അദ്ദേഹത്തിന്റെ ഭൂരിപക്ഷം താഴ്ത്തി. ലോക്സഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റും നഷ്ടപ്പെട്ട് എൽഡിഎഫ് വെൻറിലേറ്ററിൽ കിടക്കുമ്പോഴാണ് പാലാ താൻ തിരിച്ചു പിടിക്കുന്നത്. അത് തന്റെ മാത്രം നേട്ടമല്ല, എൽഡിഎഫിന്റെ കൂട്ടായ നേട്ടമാണ്.
യുഡിഎഫിലേക്ക് വരണമെങ്കിൽ കോൺഗ്രസിൽ ചേരണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി പറഞ്ഞത് കോൺഗ്രസ് കുടുംബത്തിലേക്കു തന്നെ കൊണ്ടുവരാൻ താൽപര്യമുള്ളതുകൊണ്ടായിരിക്കുമെന്നു മാണി സി.കാപ്പൻ പറഞ്ഞു. തന്നോട് വ്യക്തിപരമായി താൽപര്യം ഉള്ളതുകൊണ്ട് അദ്ദേഹം ആഗ്രഹം പറഞ്ഞതാകും. ഘടകക്ഷിയായേ വരാൻ പറ്റൂ എന്നു പറഞ്ഞിട്ടുണ്ട്. മുല്ലപ്പള്ളിയുമായി ഇക്കാര്യം സംസാരിച്ചിരുന്നതായും കാപ്പന്‍ പറഞ്ഞു.
English Summary - Mani C Kappan announces new pary name - Nationalist Congress Kerala (NCK)