ഉദ്യോഗാർഥികളുടെ സമരപ്പന്തലിലേക്ക് രാഹുലിനെ എത്തിക്കാൻ നീക്കം: തിരക്കിട്ട ചർച്ച
Mail This Article
കൊച്ചി∙ സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ്‍സി ഉദ്യോഗാർഥികളുടെ സമരപ്പന്തലിലേക്ക് രാഹുൽ ഗാന്ധി എംപിയെ എത്തിക്കാനൊരുങ്ങി കോൺഗ്രസ് നേതാക്കൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിന് രാഹുൽ ഗാന്ധി തിരുവനന്തപുരത്ത് എത്തുന്നുണ്ട്. ഈ സമയം സമരപ്പന്തലിലേക്കു കൂടി അദ്ദേഹത്തെ എത്തിക്കുന്നതിനാണ് ശ്രമം. എംപിയെ സമരക്കാർക്കിടയിൽ എത്തിക്കുന്നതിനുള്ള ചർച്ചകൾ യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് ശംഖുമുഖം കടപ്പുറത്ത് ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനം. ഇതിനായി രാഹുൽ രാവിലെതന്നെ തിരുവനന്തപുരത്തെത്തുമെന്നാണ് വിവരം.
രാഹുൽ സമരപ്പന്തൽ സന്ദർശിക്കുന്നതോടെ തലസ്ഥാനത്ത് സർക്കാരിനെതിരെ നടക്കുന്ന ഉദ്യോഗാർഥികളുടെ സമരം ദേശീയ ശ്രദ്ധയിലേക്ക് എത്തിക്കാൻ സാധിക്കുമെന്നാണ് പ്രതിപക്ഷം പ്രതീക്ഷിക്കുന്നത്. നിലനിൽക്കുന്ന സുരക്ഷാ സാഹചര്യങ്ങൾ കൂടി വിലയിരുത്തിയ ശേഷമായിരിക്കും അദ്ദേഹത്തിന്റെ സമരപ്പന്തൽ സന്ദർശനമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വരും ദിവസങ്ങളിൽ രാഹുലിനെ തെക്കൻ കേരളത്തിൽ കൂടുതൽ പരിപാടികളിൽ പങ്കെടുപ്പിക്കാനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്.
ഉദ്യോഗാർഥികളുമായി കഴിഞ്ഞ ദിവസം അഡീഷനൽ ചീഫ് സെക്രട്ടറിയും എഡിജിപിയും ചർച്ച നടത്തിയെങ്കിലും സമരം അവസാനിപ്പിക്കാം എന്ന നിലപാടിലേക്ക് എത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ രാഹുൽ ഗാന്ധി എത്തുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ. ചർച്ചയിലെ തീരുമാനങ്ങൾ ഉത്തരവായി പുറത്തിറങ്ങും വരെ സമരം തുടരുന്നതിനാണ് ഉദ്യോഗാർഥികളുടെ തീരുമാനം. ദേശീയ ഗെയിംസിൽ മെഡൽ നേടിയ താരങ്ങളെ ചർച്ചയിൽ പങ്കെടുപ്പിക്കാതിരുന്നതിൽ മെഡൽ നേടിയ താരങ്ങളും എയ്‍ഡഡ് പ്രൈമറി അധ്യാപകരും കഴിഞ്ഞ ദിവസം പ്രതിഷേധം അറിയിച്ചിരുന്നു.
English Summary: Rahul Gandhi likely to visit PSC Rank Holders