ADVERTISEMENT

ന്യൂഡല്‍ഹി∙ ഇന്ധനവില കുതിച്ചുയരുന്നതിനെതിരെ സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാധ്‌ര. പ്രധാനമന്ത്രി നരേന്ദ്ര മോദി ശീതീകരിച്ച കാറുകളില്‍നിന്നു പുറത്തിറങ്ങി ജനങ്ങള്‍ ഏതു തരത്തിലാണു ക്ലേശം അനുഭവിക്കുന്നതെന്ന് കാണണമെന്ന് വാധ്‌ര പറഞ്ഞു. അങ്ങിനെയാണെങ്കില്‍ ഇന്ധന വില കുറയ്ക്കാന്‍ പ്രധാനമന്ത്രി തയാറാകും. എല്ലാത്തിനും മുന്‍ സര്‍ക്കാരുകളെ പഴിക്കുക മാത്രമാണ് മോദി ചെയ്യുന്നതെന്നും വാധ്‌ര പറഞ്ഞു. 

സ്യൂട്ടും ഹെല്‍മറ്റും ധരിച്ച് ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റിലുള്ള തന്റെ ഓഫിസിലേക്ക് രണ്ടു പേര്‍ക്കൊപ്പമാണ് വാധ്‌ര സൈക്കിള്‍ യാത്ര നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വിറ്ററില്‍ പങ്കുവച്ചു. പൊലീസുകാര്‍ ട്രാഫിക്ക് നിയന്ത്രിക്കുന്നതും ചിത്രത്തിലുണ്ട്. 

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഇന്ധനവില വര്‍ധനയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടത്തിയത്. പമ്പുകളിലെത്തി പെട്രോള്‍ അടിക്കുമ്പോള്‍ മീറ്റര്‍ അതിവേഗം മാറുന്നത് കാണുന്ന നിങ്ങള്‍ ക്രൂഡ് വില ഉയരുകയല്ല കുറയുകയാണ് ചെയ്തിരിക്കുന്നതെന്ന് ഓര്‍ക്കണമെന്ന് രാഹുല്‍ പറഞ്ഞു. പെട്രോള്‍ വില ലീറ്ററിന് 100 രൂപയായി. മോദി സര്‍ക്കാര്‍ നിങ്ങളുടെ പോക്കറ്റ് ചോര്‍ത്തി അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ പോക്കറ്റ് നിറയ്ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. 

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് എംഎല്‍എമാരായ പി.സി ശര്‍മ, ജീതു പട്‌വാരി, കുനാല്‍ ചൗധരി എന്നിവരും പ്രതിഷേധസൂചകമായി സൈക്കിലിലാണ് നിയമസഭയിലെത്തിയത്. 

പന്ത്രണ്ട് ദിവസത്തെ വിലവര്‍ധനയ്ക്കു ശേഷം ഇന്ന് പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ തുടര്‍ന്നു.  ഡല്‍ഹിയില്‍ പെട്രോള്‍ ലീറ്ററിന് 90.58 രൂപയും ഡീസലിന് 80.97 രൂപയുമാണ്. കഴിഞ്ഞയാഴ്ച രാജസ്ഥാനിലെ ഗംഗാനഗറില്‍ പെട്രോള്‍ ലീറ്ററിന് 101.22 രൂപ എത്തിയിരുന്നു.

English Summary: "Come Out Of AC Car": Robert Vadra, On Bicycle, Slams PM Over Fuel Price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com