ജയലളിത ജയന്തിയിൽ ശശികല വരുമോ?; അമ്മ സ്മാരകത്തിൽ കനത്ത സുരക്ഷ
Mail This Article
ചെന്നൈ∙ തിരഞ്ഞെടുപ്പ് അരികിൽ എത്തിയതോടെ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജന്മവാർഷികം ആഘോഷമാക്കാൻ അണ്ണാഡിഎംകെയും, അമ്മ മക്കൾ മുന്നേറ്റ കഴകവും. ജയലളിതയുടെ ജന്മദിനമായ 24നു സംസ്ഥാനത്തുടനീളം പൊതു പരിപാടികൾ സംഘടിപ്പിക്കാൻ ഇരു പാർട്ടികളും അണികൾക്കു നിർദേശം നൽകി. ടി.ടി.വി.ദിനകരന്റെ മണ്ഡലമായ ആർകെ നഗറിൽ നടക്കുന്ന പൊതു പരിപാടിയിൽ മുഖ്യമന്ത്രി എടപ്പാടി പളനിസാമി പങ്കെടുക്കുമെന്ന് അണ്ണാഡിഎംകെ നേതൃത്വം അറിയിച്ചു. ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം ബോഡിനായ്കന്നൂരിലെ പൊതു പരിപാടിയിൽ പങ്കെടുക്കും. താംബരത്തു നടക്കുന്ന പൊതുയോഗത്തിൽ ടി.ടി.വി.ദിനകരൻ പങ്കെടുക്കും.
24 മുതൽ 28 വരെ സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും ജന്മവാർഷിക ആഘോഷം സംഘടിപ്പിക്കുമെന്ന് അണ്ണാഡിഎംകെ അറിയിച്ചു. മാർച്ച് ഒന്നു മുതൽ 3 വരെ പുതുച്ചേരി, കർണാടക എന്നിവിടങ്ങളിലും പൊതു പരിപാടികൾ നടത്തും. അതേസമയം തിരുനെൽവേലി, മധുര, തിരുച്ചിറപ്പള്ളി, ആർകെ നഗർ എന്നിവിടങ്ങളിൽ വൻ ജനാവലിയെ പങ്കെടുപ്പിച്ച് ജന്മവാർഷികാഘോഷം നടത്താനുള്ള തയാറെടുപ്പിലാണ് അമ്മ മക്കൾ മുന്നേറ്റ കഴകം. ശശികല പൊതുയോഗങ്ങളിൽ പങ്കെടുക്കുമോ എന്ന കാര്യം പാർട്ടി വെളിപ്പെടുത്തിയിട്ടില്ല.
അണ്ണാഡിഎംകെ മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികല ജയിൽമോചിതയായതിനു പിന്നാലെ മറീനയിലെ ജയലളിത സ്മാരകം സർക്കാർ അടച്ചിട്ടിരുന്നു. ജയലളിതയുടെ 73–ാം ജന്മവാർഷികത്തിൽ സ്മാരകം തുറക്കുമോ എന്നാണ് അറിയാനുള്ളത്. സ്മാരകം തുറന്നാൽ ശശികലയും, അമ്മ മക്കൾ മുന്നേറ്റ കഴകം പ്രവർത്തകരും സന്ദർശനം നടത്തിയേക്കുമെന്നാണു സൂചന. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ മറീനയിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചു.
English Summary: Security up at Jayalalithaa memorial