ആകെ 11 വിദേശ യാത്രയെന്ന് സ്പീക്കറുടെ ഓഫിസ്; ദുബായിൽ എത്തിയത് 21 തവണ: രേഖ
Mail This Article
തിരുവനന്തപുരം∙ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ വിദേശയാത്രകളുടെ കണക്കില്‍ അവ്യക്തത. ആകെ 11 വിദേശയാത്രകളെന്ന് സ്പീക്കറുടെ ഓഫിസ് എണ്ണമിട്ടു പറയുമ്പോള്‍, 21 തവണ സ്പീക്കര്‍ ദുബായില്‍ മാത്രം എത്തിയിട്ടുണ്ടെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കി.
2016 ല്‍ സ്പീക്കറായി ചുമതലയേറ്റശേഷം 9 തവണ ഗള്‍ഫ് രാജ്യങ്ങളിലേക്ക് ശ്രീരാമകൃഷ്ണന്‍ പറന്നു. ലണ്ടന്‍, ഉഗാണ്ട എന്നിവിടങ്ങളിലേക്ക് ഒരോ തവണയും. വിവരാവകാശ അപേക്ഷയ്ക്ക് അദ്ദേഹത്തിന്റെ ഓഫിസ് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പതിനൊന്നില്‍ രണ്ടുതവണ സ്വകാര്യ ആവശ്യത്തിനാണ് പോയതെന്നും അതിന്റെ തുക കൈയില്‍ നിന്ന് ചിലവാക്കിയെന്നും വിവരാവകാശരേഖയിൽ പറയുന്നു.
എന്നാല്‍, ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിൽനിന്നുള്ള കണക്കുപ്രകാരം സ്പീക്കര്‍ ദുബായില്‍ മാത്രം എത്തിയത് 21 തവണ. ഇതില്‍ മൂന്നെണ്ണം മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിനിടയില്‍ ഇറങ്ങിയതാണെന്നും വിവരാവകാശ രേഖ പറയുന്നു. 4 യാത്രകള്‍ക്കായി 9,05,787 രൂപ ഖജനാവില്‍ നിന്നു ചെലവിട്ടു. ബാക്കിയുള്ള യാത്രകളുടെ ചിലവിനെക്കുറിച്ച് വിശദീകരണമില്ല.
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ സ്പീക്കറുടെ വിദേശയാത്രകളുടെ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ പരിശോധിച്ചിരുന്നതായി വിവരമുണ്ട്.
English Summary: Suspicious about the foreign trips by Speaker