ADVERTISEMENT

തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെയുള്ള ഇഡിയുടെയും കസ്റ്റംസിന്റെയും സ്വർണക്കടത്തു കേസ് അന്വേഷണം ഇഴയുന്നതെന്താണെന്നു മനസിലാകുന്നില്ലെന്നു രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

എല്ലാം ശരിയാക്കുമെന്ന് ജനങ്ങൾക്കു വേണ്ടിയാണോ പാർട്ടിക്കുവേണ്ടിയാണോ എൽഡിഎഫ് പറയുന്നതെന്നു രാഹുൽ ഗാന്ധി ചോദിച്ചു. ഇടതു പാർട്ടിയിലാണെങ്കിൽ മാത്രം ജോലി ലഭിക്കുകയും പാർട്ടി കൊടിപിടിച്ചാൽ സ്വർണക്കടത്ത് അനുവദിക്കുകയും ചെയ്യുന്ന സാഹചര്യമാണ്. സർക്കാരിന്റെ ഭാഗമാണെങ്കിൽ സ്വർണക്കടത്ത് ജോലി മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്നും ചെയ്യാൻ കഴിയും.

പക്ഷേ, സാധാരണക്കാരായ ചെറുപ്പക്കാർക്കു ജോലി വേണമെങ്കിൽ സെക്രട്ടേറിയറ്റിനു മുന്നിൽ അവകാശങ്ങൾക്കായി പ്രതിഷേധിക്കേണ്ടിവരും. അവർ‌ നിരാഹാരം കിടന്നാലും മുഖ്യമന്ത്രി ചർച്ച നടത്തില്ല. കാരണം അവർ ഇടതു പ്രവര്‍ത്തകരല്ല. ഇടതു പ്രവർത്തകരായിരുന്നെങ്കിൽ മുഖ്യമന്ത്രി സെക്രട്ടേറിയറ്റിനു മുന്നിലെത്തി ചർച്ച നടത്തുമായിരുന്നെന്നും രാഹുൽഗാന്ധി പറഞ്ഞു.

ജനങ്ങൾക്ക് അടിസ്ഥാന വേതനമൊരുക്കുന്ന ന്യായ് പദ്ധതി പ്രകടന പത്രികയിൽ ഉണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സീറ്റുകൾ തൂത്തുവാരി സർക്കാരുണ്ടാക്കുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

ഒരു സർക്കാരും ഇത്രയും അഴിമതി നടത്തിയിട്ടില്ലെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം പറഞ്ഞ ഓരോ അഴിമതിയും സത്യമാണെന്നു തെളിഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ അഴിമതിക്കാരെ വിലങ്ങുവയ്ക്കും. കടലിനെ വിൽക്കാൻ ശ്രമിച്ച സർക്കാരിനോട് കടലിന്റെ മക്കൾ ക്ഷമിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.

പത്തു വോട്ടിനു വേണ്ടി വര്‍ഗീയത പരത്താൻ ശ്രമിക്കുന്ന സിപിഎമ്മിനും ബിജെപിക്കുമുള്ള ശക്തമായ താക്കീതാണ് യോഗത്തിലെ വലിയ ജനക്കൂട്ടമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. വർഗീയത പരത്താനുള്ള ശ്രമത്തിന് എൽഡിഎഫ് വലിയ വിലകൊടുക്കേണ്ടി വരും. ജനമനസ് യുഡിഎഫിനു പിന്നില്‍ അണിനിരന്നിരിക്കുകയാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

aishwarya-kerala-yatra-end
ഐശ്വര്യ കേരള യാത്രയുടെ സമാപന സമ്മേളനത്തിൽനിന്ന്. ചിത്രം: ആർ.എസ്.ഗോപൻ

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തെ കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷയോടെയാണ് കാണുന്നതെന്നും, ആ നേതൃത്വത്തിനു കീഴിൽ നിയമസഭാ തിര‍ഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ യുഡിഎഫിനു കഴിയുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ബിജെപിയുടെയും സിപിഎമ്മിന്റെയും ലക്ഷ്യം കോൺഗ്രസിനെ തകർക്കലാണെന്നും അതിന് കേരള ജനത തിരഞ്ഞെടുപ്പിൽ മറുപടി പറയുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. യുവാക്കളുടെ ആവശ്യം എന്താണ്, അവർക്ക് എന്തു തൊഴിൽ പരിശീലനം കൊടുക്കണം എന്നതിനെക്കുറിച്ച് ചിന്തിക്കുന്ന രാഷ്ട്രീയമാണ് വേണ്ടതെന്നു ശശി തരൂർ പറഞ്ഞു.

യുഡിഎഫ് കൺവീനർ എം.എം.ഹസൻ സ്വാഗതം പറഞ്ഞു. ഘടകക്ഷി നേതാക്കൾ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. ജനുവരി 31ന് മഞ്ചേശ്വരത്തുനിന്ന് ആരംഭിച്ച യാത്ര തിങ്കളാഴ്ച പാറശാലയിലാണ് സമാപിച്ചത്.

English Summary: Rahul Gandhi on Gold Smuggling Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com