ട്രംപിന് ഉണ്ടായതിനേക്കാള്‍ മോശം ദുര്‍വിധി മോദിയെ കാത്തിരിക്കുന്നു: മമതാ ബാനര്‍ജി
Mail This Article
കൊല്‍ക്കത്ത∙ തന്റെ അനന്തരവനായ അഭിഷേക് ബാനര്‍ജി എംപിയുടെ ഭാര്യയ്‌ക്കെതിരെ കല്‍ക്കരി തട്ടിപ്പില്‍ സിബിഐ കേസെടുത്ത സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും എതിരെ രൂക്ഷവിമര്‍ശനവുമായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി രംഗത്ത്്. ധന്‍ഗാബാസ് (കലാപകാരി), ദയിത്യ (അസുരന്‍) എന്നിങ്ങനെയാണ് നരേന്ദ്ര മോദിയെ മമത വിശേഷിപ്പിച്ചത്. ഹൂഗ്ലിയില്‍ തൃണമൂല്‍ റാലിയ അഭിസംബോധന ചെയ്യുകയായിരുന്നു മമത.
രാജ്യത്തെ ഏറ്റവും വലിയ കലാപകാരി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്നു മമത പറഞ്ഞു. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന് ഉണ്ടായതിനേക്കാള്‍ മോശമായ ദുര്‍വിധിയാണ് നരേന്ദ്ര മോദിക്കു വരാനിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഞാനായിരിക്കും ഗോള്‍ കീപ്പര്‍. ബിജെപിക്ക് ഒരു ഗോള്‍ പോലും അടിക്കാന്‍ കഴിയില്ല. നിങ്ങള്‍ക്ക് എന്നെ കൊല്ലാം, അടിക്കാം പക്ഷേ എന്റെ മരുമകളെ അപമാനിക്കാന്‍ കഴിയുമോ. അവളെ കല്‍ക്കരി കള്ളി എന്നു വിളിക്കാമോ?. നിങ്ങള്‍ ഞങ്ങളുടെ അമ്മമാരെയും മക്കളെയും കല്‍ക്കരി മോഷ്ടാക്കള്‍ എന്നു വിളിക്കുകയാണ്. - മമത പറഞ്ഞു.
'അസുരന്മാരാണ് രാജ്യം ഭരിക്കുന്നത്. അവര്‍ നമ്മുടെ നട്ടെല്ല് തകര്‍ക്കാന്‍ ശ്രമിക്കും. ബംഗാള്‍ പിടിച്ചെടുക്കും. പക്ഷെ നിങ്ങള്‍ എന്താണു ചെയ്യേണ്ടത്. ബിജെപി എന്തു ചെയ്താലും ബംഗാള്‍ ബംഗാളായി തുടരണം. ബംഗാളിനെ ഒരിക്കലും ഗുജറാത്ത് ഭരിക്കില്ല.' - മമത പൊട്ടിത്തെറിച്ചു.
കല്‍ക്കരി തട്ടിപ്പു കേസില്‍ കഴിഞ്ഞ ദിവസം അഭിഷേകിന്റെ ഭാര്യ രുചിര ബാനര്‍ജിയെ സിബിഐ അവരുടെ വീട്ടില്‍ ചോദ്യം ചെയ്തിരുന്നു. കല്‍ക്കരി മാഫിയയില്‍നിന്ന് കൈക്കൂലി വാങ്ങിയെന്നതാണ് കേസ്.
നിയമവിരുദ്ധ ഖനനവും കല്‍ക്കരി മോഷണവും നടത്തുന്ന മന്‍ജിത് എന്ന വ്യക്തിക്കെതിരെ കഴിഞ്ഞ നവംബറിലാണ് സിബിഐ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ജനറല്‍ മാനേജര്‍ അമിത് കുമാര്‍ ധര്‍, ജയേഷ് ചന്ദ്ര റായ്, തന്‍മയ് ദാസ്, ധനഞ്ജയ് ദാസ്, ദേബാശിഷ് മുഖര്‍ജി എന്നിവര്‍ക്കെതിരെ കേസെടുത്തു. കോടിക്കണക്കിന് രൂപയുടെ കല്‍ക്കരി വില്‍പന നടത്തിയെന്നാണ് കേസ്. തൃണമൂല്‍ പാര്‍ട്ടി നേതാവ് വിനയ് മിശ്ര വഴി അഭിഷേക് കോഴ വാങ്ങിയെന്നാണു ബിജെപി ആരോപിക്കുന്നത്.
English Summary: Mamata Banerjee Says "Fate Worse Than Trump Await Modi''