ADVERTISEMENT

കോട്ടയം ∙ പാലാ – കേരള നിയമസഭാ തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും വീറുറ്റ പോരാട്ടത്തിനു കളമൊരുങ്ങുന്ന മണ്ഡലം. 52 വർഷം കെ.എം.മാണിയുടെ തട്ടകമായിരുന്ന മണ്ഡലം, അദ്ദേഹത്തിന്റെ മരണത്തെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പിടിച്ചെടുത്ത മാണി സി.കാപ്പനെ നേരിടാൻ രംഗത്തിറങ്ങുന്നത് മാണിയുടെ മകൻ ജോസ് കെ.മാണി. കെ.എം.മാണിയല്ലാതെ പാലായുടെ എംഎൽഎയാകുന്ന ആദ്യ വ്യക്തിയെന്ന വിശേഷണം സ്വന്തമാക്കിയ കാപ്പനെതിരെ മാണിയുടെ മകൻ തന്നെ പോരാട്ടത്തിനിറങ്ങുമ്പോൾ പാലായുടെ രാഷ്ട്രീയ കാലാവസ്ഥാമാപിനി തിളച്ചുമറിയുമെന്നുറപ്പ്.

യുഡിഎഫ് പക്ഷത്തുനിന്ന് ഇടതുപാളയത്തിലേക്കുള്ള ജോസ് കെ.മാണിയുടെ ചുവടുമാറ്റത്തിനു ലഭിച്ച ഉറപ്പുകളിലൊന്ന് പാലാ സീറ്റായിരുന്നു. മാണിയുടെ മരണശേഷം ഉപതിരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട സീറ്റ് തിരിച്ചു പിടിക്കുകയെന്നതാണ് ജോസിന്റെ പ്രധാന ദൗത്യം. അതേസമയം, പൊരുതി ജയിച്ച സീറ്റ് നിഷേധിക്കുമെന്നുറപ്പായതോടെ എൽഡിഎഫിനെ വിട്ട് യുഡിഎഫിനൊപ്പം ചേർന്ന കാപ്പനും പാലായിൽ വിജയത്തിൽ കുറഞ്ഞൊന്നും ചിന്തിക്കാനാവില്ല.

പി.ജെ.ജോസഫുമായുള്ള തർക്കത്തെ തുടർന്ന് രണ്ടില ചിഹ്നം ലഭിക്കാതെ വന്നതോടെ പൈനാപ്പിൾ ചിഹ്നത്തിലാണ് പാലാ ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്(എം) സ്ഥാനാർഥി ജോസ് ടോം മത്സരിച്ചത്. പടലപ്പിണക്കം തുടർന്ന സാഹചര്യത്തിൽ നടന്ന പോരാട്ടത്തിൽ മാണി സി.കാപ്പനിലൂടെ എൽഡിഎഫ് പാലാ പിടിച്ചെടുത്തു. പാലാ പിടിക്കാനായി കാപ്പന്റെ നാലാം മത്സരമായിരുന്നു അത്. എന്നാൽ ഏറെ വൈകാതെ ജോസ് വിഭാഗം ഇടതുപാളയത്തിലേക്കു ചേക്കേറി. 

1200-kappan-ramesh-oommen-chandy
ഐശ്വര്യ കേരള യാത്ര പാലായിൽ എത്തിയപ്പോൾ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണത്തിൽ മാണി. സി. കാപ്പൻ എംഎൽഎ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കൊടിക്കുന്നില്‍ സുരേഷ് എന്നിവർ. ചിത്രം: ഗിബി സാം∙മനോരമ.

പിന്നാലെ, ഡിസംബറിൽ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പാലാ നിയോജകമണ്ഡലത്തിൽ പതിനായിരത്തിലേറെ വോട്ടിന്റെയും കടുത്തുരുത്തിയിൽ 15,000 നു മേൽ വോട്ടിന്റെയും ഭൂരിപക്ഷം നേടി. ഇതോടെ ജോസ് കടുത്തുരുത്തിയിൽ മത്സരിക്കുന്നതു സംബന്ധിച്ച് പാർട്ടിയിൽ ആലോചനകൾ നടന്നു. പാലായിൽ യുഡിഎഫ് സ്ഥാനാർഥിയായി മാണി സി.കാപ്പനെ ഐശ്വര്യ കേരള യാത്രയ്ക്കിടെ രമേശ് ചെന്നിത്തല പ്രഖ്യാപിച്ചതോടെ ജോസ് കെ. മാണിക്ക് മറ്റൊരു മണ്ഡലത്തിലേക്കു മാറുന്ന കാര്യം ആലോചിക്കുക എളുപ്പമല്ലാതായി.

പാലാ ഒഴിവാക്കി കടുത്തുരുത്തിയിലേക്കു മാറിയാൽ കാപ്പനെ ഭയന്നു മണ്ഡലം മാറിയെന്ന് രാഷ്ട്രീയ എതിരാളികൾ പ്രചരിപ്പിക്കുമെന്ന ആശങ്കയും ജോസ് കെ. മാണിയെ പാലായിൽത്തന്നെ രംഗത്തിറങ്ങാൻ പ്രേരിപ്പിച്ച ഘടകമാണ്. പതിറ്റാണ്ടുകളായി യുഡിഎഫിന്റെ കോട്ടയാണ് പാലാ മണ്ഡലം. കേരള കോൺഗ്രസ് (എം) മുന്നണി മാറിയെങ്കിലും യുഡിഎഫിന്റെ കരുത്ത് ചോർന്നിട്ടില്ലെന്നു തെളിയിക്കാൻ കോൺഗ്രസിനു പാലായിൽ ജയം അനിവാര്യമാണ്. ജോസ് കെ. മാണിക്ക് ഒത്ത എതിരാളി മാണി സി.കാപ്പനാണെന്നു തിരിച്ചറിഞ്ഞ കോൺഗ്രസ്, പാലാ സീറ്റ് അദ്ദേഹത്തിനായി മാറ്റിവച്ചതും അതുകൊണ്ടുതന്നെയാണ്. 

1200-palai-jose-k-mani
പാലായിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് ജോസ് കെ മാണി നടത്തിയ പദയാത്ര.

യുഡിഎഫ് വിട്ട് എൽഡിഎഫിലേക്കു പോവുക എന്ന നിർണായക രാഷ്ട്രീയ തീരുമാനമെടുത്ത ജോസ് കെ. മാണിക്ക്, കേരള കോൺഗ്രസ് എമ്മിന്റെ ഉറച്ച മണ്ഡലമാണ് പാലായെന്നു തെളിയിക്കാൻ അവിടെ ജയിച്ചേതീരൂ. പതിറ്റാണ്ടുകളായി കെ.എം.മാണി മാത്രം ജയിച്ചിരുന്ന മണ്ഡലം തിരിച്ചു പിടിക്കുക എന്നതു ജോസ് കെ. മാണിക്കു വ്യക്തിപരമായ ദൗത്യം കൂടിയാണ്. ഘടക കക്ഷികളെ പിണക്കിയും സ്വന്തം സീറ്റുകൾ ത്യജിച്ചും കേരള കോൺഗ്രസിനെ (എം) ഇടതുപാളയത്തിലെത്തിച്ച സിപിഎമ്മിനും അഭിമാനപ്പോരാട്ടമാണ് പാലായിലേത്.

English Summary: Exciting battle on cards in Pala: Mani C Kappan and Jose K Mani take on each other

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com