ADVERTISEMENT

ഇടയ്ക്കൊന്നു ‘ബ്ലോക്ക്’ ചെയ്തശേഷം ഓസ്ട്രേലിയയെ വീണ്ടും ഫ്രണ്ട്സ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുകയാണ് ഫെയ്സ്‌ബുക്. മാധ്യമ സ്ഥാപനങ്ങൾക്കു വാർത്തകൾക്കു പ്രതിഫലം നൽകണമെന്ന നിയമം ഓസ്ട്രേലിയൻ സർക്കാർ തയാറാക്കിയതോടെയാണു ഫെയ്സ്ബുക് കഴിഞ്ഞയാഴ്ച മുതൽ വാർത്തകൾ ഷെയർ ചെയ്യുന്നതു നിർത്തിവച്ചത്. ഇതേത്തുടർന്ന് ഓസ്ട്രേലിയൻ സർക്കാരിന്റെ അറിയിപ്പുകളും കോവിഡ് മുന്നറിയിപ്പുകളും പോലും ഫെയ്സ്ബുക്കിൽനിന്ന് അപ്രത്യക്ഷമായി. സർക്കാരുമായി ധാരണയിലെത്തിയതിനെത്തുടർന്നു വാർത്തകൾ പങ്കിടുന്നതു ഫെയ്സ്ബുക് പുനഃരാരംഭിക്കുകയായിരുന്നു

വാർത്തകളിലൂടെ ഫെയ്സ്ബുക്കും ഗൂഗിളും കോടിക്കണക്കിനു രൂപയാണ് നേടുന്നത്. എന്നാൽ, ഈ വാർത്തകൾ തയാറാക്കുന്ന പ്രസാധകർക്ക് (മാധ്യമങ്ങൾ, ഏജൻസികൾ തുടങ്ങിയവ) ഇതിന്റെ മെച്ചം ലഭിക്കുന്നില്ല. വാർത്ത തയാറാക്കുന്നവർക്കും ലാഭത്തിന്റെ ഒരു വിഹിതം ലഭിക്കുന്ന രീതിയിൽ ഫ്രാൻസ്, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങൾ സമാന നടപടി നേരത്തേ ആരംഭിച്ചെങ്കിലും ലോകത്താദ്യമായി ഇത്തരമൊരു നിയമം കൊണ്ടുവരുന്നത് ഓസ്ട്രേലിയയാണ്. ഫെയ്സ്ബുക്കിന്റെ ഏറ്റവും വലിയ ഉപയോക്താവായ ഇന്ത്യയിൽ ഇതു സംബന്ധിച്ച ആലോചനകളുണ്ടോ? ഉണ്ടെന്നാണു പുറത്തുവരുന്ന സൂചനകൾ.

ഓസ്ട്രേലിയയിലെ നിയമം

കഴിഞ്ഞ ഡിസംബറിലാണ് ഓസ്ട്രേലിയൻ സർക്കാർ പാർലമെന്റിൽ ന്യൂസ് മീഡിയ ആൻഡ് ഡിജിറ്റൽ പ്ലാറ്റ്ഫോംസ് മാൻഡേറ്ററി ബാർഗെയിനിങ് കോഡ് ബിൽ 2020 അവതരിപ്പിച്ചത്. ഈ മാസം 17ന് പ്രതിനിധി സഭ ബിൽ അംഗീകരിച്ചു. സെനറ്റിന്റെ അംഗീകാരം കൂടി ലഭിച്ചാൽ ഇത് ഉടൻ നിയമമാകും. ഗൂഗിൾ, ഫെയ്‌സ്ബുക് പോലുള്ള വൻകിട കമ്പനികൾ വാർത്തകൾ നൽകുമ്പോൾ മാധ്യമ സ്ഥാപനങ്ങൾക്ക് പ്രതിഫലം നൽകണമെന്നാണ് ബില്ലിലെ പ്രധാന നിർദേശം.

(Photo by Lionel BONAVENTURE / AFP)
(Photo by Lionel BONAVENTURE / AFP)

നിലവിൽ, ലോകമെമ്പാടുമുള്ള വാർത്താ പ്രസാധകരുടെ കണ്ടന്റ് വൻതോതിൽ ഫെയ്സ്ബുക്കും ഗൂഗിളും വിൽക്കുന്നുണ്ട്. അതിൽനിന്ന് അവർക്കു പരസ്യവരുമാനവും ലഭിക്കുന്നു. ഈ വരുമാനത്തിലെ ചെറിയൊരു വിഹിതം മാത്രമാണ് പ്രസാധകർക്കു തിരികെ നൽകുന്നത്. എന്നാൽ ഈ വരുമാനം സുസ്ഥിരമല്ല. മാത്രമല്ല, രണ്ടു പ്ലാറ്റ്ഫോമുകളുടെയും അൽഗോരിതത്തെ ആശ്രയിച്ചിരിക്കും ഇത്. ഫെയ്സ്ബുക് പോലുള്ളവ സ്ഥിരമായി അവരുടെ അൽഗോരിതത്തിൽ മാറ്റം വരുത്തുന്ന കമ്പനികളാണ്.

ഇതു വാർത്തകൾ ഉപയോക്താക്കളിൽ എത്തുന്നതിനെയും മാധ്യമസ്ഥാപനങ്ങൾക്കു ലഭിക്കുന്ന വരുമാനത്തെയും ബാധിക്കും. ബില്ലിനു പിന്നാലെ, നിയമത്തോട് ഫെയ്സ്ബുക്കിന്റെ അതേ എതിർപ്പുള്ള ഗൂഗിൾ, സെർച്ച് എൻജിനിൽ വാർത്തകൾ കാണിക്കുന്നതിന് സെവൻ വെസ്റ്റ് മീഡിയയുമായി മൂന്നു കോടി ഓസ്ട്രേലിയൻ ഡോളറിന്റെ കരാർ ഒപ്പിടുകയും ചെയ്തു. ദി ഓസ്ട്രേലിയൻ, ദ് ഡെയ്‌ലി ടെലഗ്രാഫ്, ദ് ഹെറാൾഡ് സൺ എന്നിവയുടെ ഉടമ, മാധ്യമ ചക്രവർത്തി റുപെർട്ട് മർഡോക്കിന്റെ കമ്പനിയുമായും ഗൂഗിൾ കരാർ ഒപ്പിട്ടു കഴിഞ്ഞു.

scott-morrisson-modi
സ്‌കോട്ട് മോറിസണ്‍, നരേന്ദ്ര മോദി

ഫെയ്സ്ബുക്കും ഇനി ഈ പാത പിന്തുടരുമെന്നാണ് സൂചന. ഓസ്ട്രേലിയൻ സർക്കാരുമായി ധാരണയിലെത്തിയ ഫെയ്സ്‌ബുക്, ഓരോ മാധ്യമസ്ഥാപനവുമായി കരാർ ഉണ്ടാക്കാമെന്നാണു സമ്മതിച്ചിട്ടുള്ളത്. എന്നാൽ കരാറിനു വിരുദ്ധമായി ഓസ്ട്രേലിയൻ സർക്കാർ പുതിയ നിയമം പിന്നീട് അടിച്ചേൽപ്പിച്ചാൽ രാജ്യത്തുനിന്നുള്ള ‘പിന്മാറ്റം’ വീണ്ടുമുണ്ടാകുമെന്ന മുന്നറിയിപ്പും ഫെയ്‌സ്ബുക് നൽകിയിട്ടുണ്ട്.

ഇപ്പോൾ സംഭവിച്ചത്...

നിയമത്തിൽ നാല് പുതിയ ഭേദഗതി കൊണ്ടുവരാൻ ഓസ്ട്രേലിയൻ സർക്കാർ തീരുമാനിച്ചതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. മാധ്യമ സ്ഥാപനവുമായി കരാർ ഉണ്ടാക്കാമെന്ന ഫെയ്‌സ്ബുക്കിന്റെ സമ്മതം നടപ്പിലാക്കിയാൽ നിയമത്തിൽനിന്ന് കമ്പനിയെ ഒഴിവാക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയതായും സൂചനയുണ്ട്. ഇതിനായി രണ്ടു മാസത്തെ സമയം അനുവദിക്കുകയും ചെയ്തു. ആശങ്കകൾ പരിഹരിക്കാൻ ഓസ്ട്രേലിയൻ സർക്കാർ കാണിച്ച സന്നദ്ധതയിൽ സംതൃപ്തിയുണ്ടെന്നായിരുന്നു ഫെയ്സ്ബുക്കിന്റെ പ്രതികരണം.

മോദിയും മോറിസണും

ഫെയ്സ്ബുക് ‘അൺഫ്രണ്ട്’ ചെയ്തതിനു പിന്നാലെ ഓസ്‌ട്രേലിയയിൽനിന്നു വന്ന ആദ്യ വാർത്തകളിൽ ഒന്ന്, പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നിലവിലെ സ്ഥിതിഗതികള്‍ വിശദമായി ചർച്ച ചെയ്തെന്നാണ്. ഓസ്ട്രേലിയയ്ക്ക് നരേന്ദ്ര മോദി പൂർണ പിന്തുണ ഉറപ്പു നൽകിയെന്നും മോറിസൺ പറഞ്ഞു. ഓസ്ട്രേലിയയുടെ അതേ പാത പിന്തുടരാനാണ് ഇന്ത്യയുടെ ഉദ്ദേശ്യം എന്നു വ്യക്തമാക്കുന്നതായിരുന്നു ഈ ചർച്ച.

whatsapp-facebook

സമീപകാലത്ത്, സമൂഹമാധ്യമങ്ങളും മറ്റു ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി അത്ര നല്ല ബന്ധത്തിൽ അല്ല ഇന്ത്യയിലെ സർക്കാരും ബിജെപിയും. അതിൽ ഫെയ്‌സ്ബുക്കും ട്വിറ്ററും വാട്സാപ്പും എല്ലാം ഉൾപ്പെടും. ഫെയ്സ്ബുക്കിന്റെ ഭാഗമായ വാട്സാപ്പിന്റെ പുതിയ സ്വകാര്യതാ നയം സംബന്ധിച്ച് കടുത്ത ഭിന്നതയാണ് കേന്ദ്രസർക്കാരിനുള്ളത്. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്. വാട്സാപ്പിന്റെ നയംമാറ്റം കേന്ദ്രത്തിന് ആശങ്കയുണ്ടാക്കുന്നുവെന്നും ഉപയോക്താക്കളുടെ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ അനുവദിക്കരുതെന്നുമാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയിൽ പറഞ്ഞത്.

ഭിന്നതകൾ മാറ്റിവച്ചാലും, കാലങ്ങളായി മാധ്യമസ്ഥാപനങ്ങളുടെ വാർത്തകൾ ഉപയോഗിച്ച് കോടികൾ കൊയ്യുന്ന വമ്പന്മാരെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് എല്ലാവരും ഒരുപോലെ കരുതുന്നു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി– ഏൺസ്റ്റ് ആൻഡ് യങ് 2020ലെ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിലെ 30 കോടി പേരാണ് ഓൺലൈൻ വാർത്താ മാധ്യമങ്ങൾ ഉപയോഗിക്കുന്നത്. ഇതു രാജ്യത്തെ മൊത്തം ഇന്റർനെറ്റ് ഉപയോക്താക്കളിൽ ഏകദേശം 46 ശതമാനവും ഇന്ത്യയിലെ സ്മാർട്ട്‌ഫോൺ ഉപയോക്താക്കളിൽ 77 ശതമാനവും വരും (2019ലെ കണക്കുപ്രകാരം). ആകെയുള്ള വാർത്താ ഉപഭോഗത്തിൽ ചൈനയ്ക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

‘ബ്ലോക്ക്’ വരുമോ?

ഫെയ്‌സ്ബുക്കിന് ഓസ്ട്രേലിയയിൽ സംഭവിച്ച മനംമാറ്റം സമാനനിയമങ്ങൾ പരീക്ഷിക്കാൻ ഒരുങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ക്കു പ്രതീക്ഷ നൽകുന്നതാണ്. ഗൂഗിളും ഫെയ്സ്ബുക്കും വാർത്തകളിൽ ഏറെ ഇടപെടലുകൾ നടത്തുന്ന ഇക്കാലത്ത് പ്രത്യേകിച്ച്. ഒടിടി പ്ലാറ്റ്ഫോമുകളെ ഉൾപ്പെടെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന സർക്കാർ പക്ഷേ ഫെയ്സ്‌ബുക്–ഗൂഗിൾ വാർത്താ വിതരണ വിഷയത്തിൽ പെട്ടെന്നു തീരുമാനം എടുത്തേക്കില്ലെന്നാണറിയുന്നത്. എന്നാൽ ഭാവിയിൽ, ഗുണം ചെയ്യുന്ന നിയമം പൂർണമായി ഉപേക്ഷിക്കാനും സർക്കാർ തയാറായേക്കില്ല. ഓസ്ട്രേലിയയിൽ ഇനി നടക്കുന്ന സംഭവവികാസങ്ങൾ സസൂക്ഷ്മം നിരീക്ഷിച്ചായിരിക്കും ഇന്ത്യയുടെ നീക്കം.

mark-zuckerberg-narendra-modi-1200
ഫെയ്സ്ബുക് സിഇഒ മാർക് സുക്കർബർഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി

English Summary: Facebook is restoring News Sharing in Australia; Will it make any impact in India?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com