നിർമാണ പെർമിറ്റ് ലഭിച്ച വസ്തു വിറ്റാൽ പെർമിറ്റിന് എന്തു സംഭവിക്കും?
Mail This Article
തിരുവനന്തപുരം ∙ ഒരു വ്യക്തിക്കു തന്റെ വസ്തുവിലെ നിർമാണത്തിനു പെർമിറ്റ് ലഭിച്ച ശേഷം വസ്തു വിൽക്കുന്ന അവസരത്തിൽ അക്കാര്യം പഞ്ചായത്ത് അല്ലെങ്കിൽ നഗരസഭ സെക്രട്ടറിയെ അറിയിക്കണമോ? നിർമാണം തുടരാൻ സെക്രട്ടറിയിൽ നിന്ന് അനുമതി ലഭിക്കണോ? നിർമാണ പെർമിറ്റ് ലഭിച്ച ശേഷം ആ വസ്തു വിൽക്കാൻ തീരുമാനിച്ചവരും ആ വസ്തു വാങ്ങുന്നവരും തീർച്ചയായും അറിയേണ്ട കാര്യമാണിത്.
പെർമിറ്റ് ലഭിച്ച ശേഷം ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുൻപ് പുരയിടം വിൽക്കുന്നു എങ്കിൽ കെട്ടിടനിർമാണ ചട്ട പ്രകാരം പുരയിടം വാങ്ങുന്ന ആളുകളുടെ പേരും മേൽവിലാസവും പഞ്ചായത്ത് അഥവാ നഗരസഭാ സെക്രട്ടറിയെ അറിയിക്കണം. പുരയിടം വാങ്ങുന്ന ആൾ പെർമിറ്റ് കൈമാറ്റം ചെയ്തു വാങ്ങുകയും വേണം.
ഇനി അംഗീകൃത പ്ലാനിൽ ഉൾപ്പെട്ട നിർമാണ സ്ഥലത്തിന്റെ ഒരു ഭാഗം വിൽക്കുന്നതു മൂലം ആ നിർമാണത്തിനു ലഭിച്ച അനുമതി റദ്ദാക്കുന്ന അവസ്ഥ ഉണ്ടാകുമോ എന്നതും ചിലർക്കുള്ള സംശയമാണ്. ഇക്കാര്യവും പഞ്ചായത്ത് അല്ലെങ്കിൽ നഗരസഭാ സെക്രട്ടറിയെ അറിയിക്കണമെന്നു കെട്ടിട നിർമാണചട്ടം വ്യക്തമാക്കുന്നു. ഇങ്ങനെ അറിയിച്ചില്ലെങ്കിൽ പെർമിറ്റ് അസാധുവാകും.
കെട്ടിടനിർമാണത്തിന് ഏതെങ്കിലും ലൈസൻസിയെ ഏൽപ്പിക്കുകയാണല്ലോ പൊതുവേ ചെയ്യുക. പെർമിറ്റ് ലഭിക്കുന്ന സമയത്തു പ്ലാനിലെ ഒപ്പ് രേഖപ്പെടുത്തിയ ലൈസൻസിക്കു നിർമാണസമയത്തു നിർമാണം പെർമിറ്റ് അനുസരിച്ചാണോ എന്നു പരിശോധിക്കേണ്ട ഉത്തരവാദിത്തം ഉണ്ടെന്ന് എത്ര പേർക്ക് അറിയാം. കെട്ടിടനിർമാണം ഉടമസ്ഥന്റെയും ലൈസൻസിയുടെയും ഉത്തരവാദിത്തമാണ്. ഇതിനായി ലൈസൻസിയുടെ സേവനം ഒക്യുപ്പൻസി സർട്ടിഫിക്കറ്റ് ലഭിക്കുന്നതു വരെ ആവശ്യമാണ്. കൂടാതെ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനു മുൻപ് ലൈസൻസിയെ മാറ്റുന്നു എങ്കിൽ, ഈ വിവരം പഞ്ചായത്ത് അല്ലെങ്കിൽ നഗരസഭാ സെക്രട്ടറിയെ ഉടമസ്ഥൻ രേഖാമൂലം അറിയിക്കണം. ഇതു വെള്ളക്കടലാസിൽ എഴുതി സമർപ്പിച്ചാൽ മതി. പ്രത്യേക ഫോം ഇല്ല.
കെട്ടിടനിർമാണ ചട്ടങ്ങൾ സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള ഇത്തരം ഒട്ടേറെ സംശയങ്ങൾ തീർക്കാൻ ഇപ്പോൾ കൈപ്പുസ്തകം തയാറായി. പൊതുവായി ഉന്നയിക്കപ്പെടുന്ന സംശയങ്ങളും വ്യാഖ്യാനങ്ങളും ഉൾപ്പെടുത്തിയുള്ള കൈപ്പുസ്തകം സംസ്ഥാന സർക്കാരിനു കീഴിലുള്ള ടൗൺ ആൻഡ് കൺട്രി പ്ലാനിങ് വിഭാഗമാണു തയാറാക്കിയത്. കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടം -2019, കേരള പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടം -2019 എന്നിവയെ ആസ്പദമാക്കിയാണ് ഇതു തയാറാക്കിയിട്ടുള്ളത്.
കെട്ടിട നിർമാണ അനുമതി, കെട്ടിട നിർമാണ അപേക്ഷ, സെറ്റ് ബാക്ക്, കെട്ടിടത്തിന്റെ ഉപയോഗവും ഉപയോഗമാറ്റവും, പ്ലോട്ട് സബ്ഡിവിഷൻ, കെട്ടിടത്തിന്റെ ഉയരം, ഒക്യുപൻസി, കവറേജ്, വഴി വീതി, പാർക്കിങ്, സാനിറ്ററി സൗകര്യം, സ്റ്റെയർകേസും ലിഫ്റ്റും പുറത്തേക്കുള്ള കവാടത്തിന്റെ വീതിയും തുടങ്ങിയ അധ്യായങ്ങളിലായി ഒട്ടേറെ സംശയങ്ങളും അവയ്ക്കുള്ള ഉത്തരവുമാണു പുസ്തകത്തിൽ.
നിർമാണ മേഖലയിലെ വിദഗ്ധർ, വ്യാപാര സംരംഭകർ, ജനപ്രതിനിധികൾ, ലൈസൻസികൾ, തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണു പുസ്തകത്തിൽ. ചട്ടങ്ങൾ വ്യാഖ്യാനിക്കുന്നതിൽ ഉള്ള ആശയക്കുഴപ്പം പരിഹരിക്കുന്നതിന് കൈപ്പുസ്തകം സഹായിക്കും. മന്ത്രി എ.സി.മൊയ്തീൻ ചീഫ് ടൗൺ പ്ലാനർ ജിജി ജോർജിനു നൽകി കൈപ്പുസ്തകം പ്രകാശനം ചെയ്തു. ചടങ്ങിൽ ചീഫ് ടൗൺ പ്ലാനർ (പ്ലാനിങ്) കെ.എസ്.ഗിരിജ, സീനിയര്‍ ടൗണ്‍ പ്ലാനര്‍ പി.എന്‍ രാജേഷ്, ടൗൺ പ്ലാനർ കെ.ബൈജു എന്നിവർ പങ്കെടുത്തു. പുസ്തകം വിൽപനയ്ക്കായി തയാറായി വരികയാണ്. വില നിശ്ചയിച്ചിട്ടില്ല.
English Summary: Handbook relased on Building permit, plot subdivision, building laws