ടൂൾകിറ്റ് കേസ്: ശാന്തനു മുളുകിനെ മാർച്ച് 9 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി കോടതി
Mail This Article
ന്യൂഡൽഹി∙ ടൂൾകിറ്റ് കേസിൽ പുണെ ആസ്ഥാനമായ എൻജിനീയർ ശാന്തനു മുളുകിനെ മാർച്ച് 9 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി കോടതി. അഡീഷനൽ സെഷൻസ് ജഡ്ജി ധർമേന്ദർ റാണയാണ് വിധി പറഞ്ഞത്. മുളുകിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിശദ മറുപടി സമർപ്പിക്കുന്നതിനു മുന്നോടിയായി കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്ന ഡൽഹി പൊലീസിന്റെ നിലപാടിനെത്തുടർന്നാണ് തൽക്കാലം അറസ്റ്റ് പാടില്ലെന്ന് കോടതി പറഞ്ഞത്.
കേസിൽ പരിസ്ഥിതി പ്രവർത്തക ദിശ രവിയെ മാത്രമാണ് അറസ്റ്റ് ചെയ്തിരുന്നത്. പിന്നീട് ഇവർക്ക് ജാമ്യം നൽകുകയും ചെയ്തു. ഖലിസ്ഥാൻ അനുകൂല സംഘടനകളുമായി ചേർന്ന് ഇന്ത്യയെ ആഗോളതലത്തിൽ അവഹേളിക്കുകയായിരുന്നു ടൂൾ കിറ്റിന്റെ ലക്ഷ്യമെന്നു വാദിച്ചാണ് ദിശയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. എന്നാൽ, ടൂൾ കിറ്റ് നിരുപദ്രവകരമാണെന്നും അതു തയാറാക്കിയതു കുറ്റകരമല്ലെന്നും കോടതി തീർത്തു പറഞ്ഞു.
ഇതിനിടെ, കേസിൽ പ്രതിപ്പട്ടികയിലുള്ള മലയാളി അഭിഭാഷക നികിത ജേക്കബ്, ശാന്തനു മുളുക് എന്നിവരെ പൊലീസ് സൈബർ സെൽ കഴിഞ്ഞദിവസം ചോദ്യം ചെയ്തു. പൊലീസ് ആവശ്യപ്പെട്ട പ്രകാരം ഡൽഹിയിൽ ചോദ്യം ചെയ്യലിനു ഹാജരാവുകയായിരുന്നു. ഇരുവർക്കും ബോംബെ ഹൈക്കോടതി കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
English Summary: Toolkit Case: Delhi Court Grants Protection From Arrest To Shantanu Muluk Till March 9