ADVERTISEMENT

തിരുവനന്തപുരം ∙ മലയാളത്തിലെ പ്രശസ്ത കവി വിഷ്ണു നാരായണൻ നമ്പൂതിരി (81) അന്തരിച്ചു. തിരുവനന്തപുരത്ത് തൈക്കാട്ടെ വസതിയിലായിരുന്നു അന്ത്യം.. പൂർണ മറവി രോഗം ബാധിച്ചതിനാൽ ഒരു വർഷമായി വിശ്രമത്തിലായിരുന്നു. അധ്യാപകൻ, പത്രാധിപർ തുടങ്ങിയ നിലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു. 2014 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. കേന്ദ്ര – കേരള സാഹിത്യ അക്കാദമി അവാർഡുകളും എഴുത്തച്ഛൻ പുരസ്കാരവും ഉൾപ്പെടെ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

1939 ജൂൺ രണ്ടിന് തിരുവല്ലയിലാണ് വിഷ്ണു നാരായണൻ നമ്പൂതിരി ജനിച്ചത്. പിതാവ് വിഷ്ണു നമ്പൂതിരി, മാതാവ് അദിതി അന്തർജനം.
സാമ്പ്രദായിക രീതിയിൽ മുത്തച്ഛനിൽനിന്ന് സംസ്കൃതവും വേദവും പുരാണങ്ങളും പഠിച്ചു. കൊച്ചുപെരിങ്ങര സ്കൂൾ, ചങ്ങനാശേരി എസ്ബി കോളജ്, കോഴിക്കോട് ദേവഗിരി കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. പെരിങ്ങര സ്കൂളിൽ കുറച്ചുകാലം കണക്ക് അധ്യാപകനായിരുന്നു. എംഎയ്ക്ക്ശേഷം മലബാർ ക്രിസ്ത്യൻ കോളജിൽ ഇംഗ്ലിഷ് അധ്യാപകനായി. കൊല്ലം എസ്എൻ കോളജിലും വിവിധ സർക്കാർ കോളജുകളിലും അധ്യാപകനായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് ഇംഗ്ലിഷ് വകുപ്പ് അധ്യക്ഷനായി വിരമിച്ചു. അതിനുശേഷം മൂന്നു വർഷം തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്നു.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഓഫിസറും ഗ്രന്ഥാലോകം മാസികയുടെ പത്രാധിപരുമായിരുന്നു. കേരള സാഹിത്യ അക്കാദമി, പ്രകൃതി സംരക്ഷണസമിതി, കേരളകലാമണ്ഡലം തുടങ്ങിയവയുടെ ഭാരവാഹിയായും പ്രവർത്തിച്ചു.

കുട്ടിക്കാലം മുതൽ കവിതകൾ സ്വയമുണ്ടാക്കിച്ചൊല്ലുമായിരുന്നു. 1956 ൽ എസ്ബി കോളജ് മാഗസിനിലും 1962 ൽ വിദ്യാലോകം മാസികയിലും കവിതകൾ പ്രസിദ്ധീകരിച്ചു. പിന്നീട് എഴുത്തിൽ സജീവമായി. ഭാരതീയ ദർശനങ്ങളും വൈദിക പാരമ്പര്യവുമായിരുന്നു എഴുത്തിന്റെ അടിസ്ഥാനമെങ്കിലും ആധുനികതകയുടെ ഭാവുകത്വം കവിതയിൽ സന്നിവേശിപ്പിക്കാൻ അദ്ദേഹത്തിനായി.

1200-Vishnu-Narayanan-Namboothiri-madhusoodanan-nair
വിഷ്ണുനാരായണൻ നമ്പൂതിരി മധുസൂദനൻ നായർക്കൊപ്പം (ഫയൽ ചിത്രം)

യാത്രകളും പ്രിയമായിരുന്ന കവി അമേരിക്ക, ഇംഗ്ലണ്ട്, അയർലൻഡ്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. എട്ടുതവണ ഹിമാലയത്തിലേക്കു പോയി.

സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു ഗീതം, പ്രണയഗീതങ്ങൾ, ഭൂമിഗീതങ്ങൾ, ഇന്ത്യയെന്ന വികാരം, മുഖമെവിടെ?, അതിർത്തിയിലേക്ക് ഒരു യാത്ര, ആരണ്യകം, അപരാജിത, ഉജ്ജയിനിയിലെ രാപകലുകൾ, പരിക്രമം, ശ്രീവല്ലി, ഉത്തരായനം, തുളസീദളങ്ങൾ, രസക്കുടുക്ക, വൈഷ്ണവം (കവിത), കവിതയുടെ ഡിഎൻഎ, അസാഹിതീയം, അലകടലുകളും നെയ്യാമ്പലുകളും (ലേഖനസമാഹാരം). ഗാന്ധി, സസ്യലോകം, ഋതുസംഹാരം (വിവർത്തനം), കുട്ടികളുടെ ഷേക്സ്പിയർ (ബാലസാഹിത്യം), പുതുമുദ്രകൾ, വനപർവം, സ്വതന്ത്ര്യസമരഗീതങ്ങൾ, ദേശഭക്തി കവിതകൾ (സമ്പാദനം) തുടങ്ങിയവയാണ് പ്രധാന കൃതികൾ.

ഭൂമിഗീതങ്ങൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡ് (1979), മുഖമെവിടെയ്ക്ക് ഓടക്കുഴൽ അവാർഡ് (1983), ഉജ്ജയിനിയിലെ രാപകലുകൾക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1994,) ആശാൻ പുരസ്കാരം (1996), കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനാ പുരസ്കാരം (2004), മാതൃഭൂമി സാഹിത്യ പുരസ്കാരം (2010), വള്ളത്തോൾ പുരസ്കാരം (2010), വയലാർ അവാർഡ് (2010), ചങ്ങമ്പുഴ പുരസ്കാരം (1989) ഉള്ളൂർ അവാർഡ് (1993), സാഹിത്യകലാനിധി സ്വർണമുദ്ര, വീണപൂവ് ശതാബ്ദി പുരസ്കാരം (2008), എഴുത്തച്ഛൻ പുരസ്കാരം (2014) തുടങ്ങിയ അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഭാര്യ; സാവിത്രി, മക്കൾ: അദിതി, അപർണ

English Summary: Vishnu Narayanan Namboothiri passes-away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com