ADVERTISEMENT

ചെന്നൈ ∙ തമിഴ്നാട്ടിൽ തേർതൽ തിരുവിഴായ്ക്കു തുടക്കമിട്ടു കഴിഞ്ഞപ്പോൾ, സ്ഥാനാർഥികളെ ക്ഷണിക്കുമ്പോൾത്തന്നെ തുടങ്ങുന്നു സ്ഥാനമോഹികളുടെ പോക്കറ്റ് കാലിയാകൽ. ആകെ 234 സീറ്റുകളിലാണ് തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ‌ അണ്ണാ ഡിഎംകെയ്ക്കു ലഭിച്ച അപേക്ഷകളുടെ എണ്ണം ഇരുപത്തയ്യായിരത്തിൽ കൂടുതലാണ്. പുതുച്ചേരിക്കായി 332 അപേക്ഷകളും േകരളത്തിലേക്കായി 208 അപേക്ഷകളുമാണ് ലഭിച്ചത്. ഇത്തവണയും ഡിഎംകെയും അണ്ണാഡിഎംകെയും മക്കൾ നീതി മയ്യവുമൊക്കെ സ്ഥാനമോഹികളുടെ അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. 

എഐഎഡിഎംകെയുടെ അപേക്ഷാ സ്വീകരണത്തിനുള്ള നടപടികൾ ജയലളിതയുടെ പിറന്നാൾ ദിനമായ ഫെബ്രുവരി 24 നാണ് ആരംഭിച്ചത്. ചെന്നൈയിലെ പാർട്ടി ആസ്ഥാനത്ത് രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെ അപേക്ഷ സമർപ്പിക്കാം. തമിഴ്നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളിലേക്ക് യഥാക്രമം 15000, 5000, 2000 രൂപ വീതമാണ് അപേക്ഷാ ഫീസ്. അധികാരത്തിൽ തിരിച്ചുവരുമെന്ന ചില സർവേ ഫലങ്ങളുടെ ബലത്തിൽ ആത്മവിശ്വാസത്തിലായ ഡിഎംകെയുടെ അപേക്ഷാ ഫീസ് 25000 രൂപയാണ്. സംവരണ മണ്ഡലങ്ങളിലേക്ക് 15000 രൂപ മതി. സീറ്റ് മുന്നണിയിലെ മറ്റു കക്ഷികൾക്കു നൽകുകയാണെങ്കിൽ അപേക്ഷിച്ചയാൾക്കു പണം തിരിച്ചു നൽകുമെന്നും ഡിഎംകെ പറയുന്നു.

വിജയ്കാന്തിന്റെ ഡിഎംഡികെയും സ്ഥാനമോഹികളുടെ പട്ടിക തയാറാക്കുകയാണ്. ജനറൽ സീറ്റുകളിലേക്ക് 15000 രൂപയും സംവരണ മണ്ഡലങ്ങളിലേക്ക് 10000 രൂപയുമാണ് അപേക്ഷാഫീസ്. മത്സരിക്കാൻ ആ​ഗ്രഹിക്കുന്നവരിൽനിന്ന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചാണ് ഉലകനായകൻ കമൽ ഹാസന്റെ മക്കൾ നീതി മയ്യം വ്യത്യസ്തമായത്. സ്ഥാനാര്‍ഥിയാവാന്‍ ആഗ്രഹിക്കുന്നവരെ പാർട്ടി പ്രവർത്തകനല്ലെങ്കിലും പരിഗണിക്കുമെന്ന പ്രത്യേകതയുമുണ്ട്. 25,000 രൂപ നല്‍കി അപേക്ഷ വാങ്ങി പൂരിപ്പിച്ചു നല്‍കുന്നവർക്ക് പാർട്ടി ടിക്കറ്റിൽ മത്സരിക്കാനാവും. ബ്ലോക്ചെയിൻ ടെക്നോളജിയാണ് ആപ്ലിക്കേഷൻ സ്വീകരണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. അപേക്ഷകൾ നേരിട്ടും നൽകാം. നോൺ– റീഫണ്ടബിൾ ആയ അപേക്ഷാ ഫീസ് തിരഞ്ഞെടുപ്പു ചെലവുകളിലേക്കാവും ഉപയോഗിക്കുകയെന്നു കമൽ പറഞ്ഞു.

English Summary: Fee for MLA ticket application in Tamil Nadu Assembly Elections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com