ബൈഡന്റെ നിർദേശം; കിഴക്കൻ സിറിയയിൽ വ്യോമാക്രമണം നടത്തി യുഎസ് സൈന്യം
Mail This Article
വാഷിങ്ടൻ ∙ കിഴക്കൻ സിറിയയിൽ വ്യോമാക്രമണം നടത്തി യുഎസ്. ഇറാഖ് അതിർത്തിയോടു ചേർന്നായിരുന്നു ആക്രമണം. ഈ മാസമാദ്യം ഇറാഖിൽ സഖ്യസേനയ്ക്കു നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിനു തിരിച്ചടി നൽകിയതാണെന്നു പെന്റഗൺ അറിയിച്ചു. പ്രസിഡന്റായി ജോ ബൈഡൻ ചുമതലയേറ്റ് 36 ദിവസം പിന്നിടുമ്പോഴാണു യുഎസ് സിറിയയിൽ ബോംബിട്ടത്. നിരവധി ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
അമേരിക്കക്കാർക്കു പരുക്കേറ്റ ഫെബ്രുവരി 15ലെ ആക്രമണത്തെപ്പറ്റി ഇറാഖ് അന്വേഷണം ആരംഭിച്ചിരുന്നു. ‘കിഴക്കൻ സിറിയയിലെ ഇറാൻ പിന്തുണയുള്ള ഭീകര സംഘത്തിനു നേരെയാണു പ്രസിഡന്റ് ബൈഡന്റെ നിർദേശപ്രകാരം വ്യോമാക്രമണം നടത്തിയത്’– പെന്റഗൺ വക്താവ് ജോൺ കിർബി പ്രസ്താവനയിൽ വ്യക്തമാക്കി. ആക്രമണത്തിൽ എന്തെല്ലാം നാശനഷ്ടങ്ങളാണു സംഭവിച്ചതെന്ന വിവരം പുറത്തുവന്നിട്ടില്ല. ഇറാനെതിരായ ശക്തമായ മുന്നറിയിപ്പാണു യുഎസ് ആക്രമണമെന്നാണു വിലയിരുത്തൽ.
English Summary: US carries out airstrikes against Iranian-backed militia facilities in Syria: Pentagon