തൃശൂരിലെ ഇടതു കോട്ട തകർക്കാൻ വലത്; ഗെയിം ചേഞ്ചർ ആകുമോ ബിജെപി?
Mail This Article
പൂരങ്ങളുടെ നാട് തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് ഉണരുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചുവപ്പു കുട നിവർത്തിയ ജില്ല, ഇത്തവണ കാത്തുവച്ചിരിക്കുന്ന വിസ്മയങ്ങൾ എന്തെല്ലാമാകും? മണ്ഡലങ്ങളുടെ എണ്ണത്തിൽ, സംസ്ഥാനത്തെ ആദ്യ അഞ്ച് ജില്ലകളിലൊന്നായ തൃശൂരിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കേണ്ടത് ഭരണത്തുടർച്ചാ മോഹമുള്ള എൽഡിഎഫിനും അധികാരത്തിലേക്കു തിരിച്ചുവരവിനു കൊതിക്കുന്ന യുഡിഎഫിനും ഒരുപോലെ പ്രധാനമാണ്. സംസ്ഥാന രാഷ്ട്രീയത്തിൽ കരുത്തു കാട്ടാൻ അവസരം കാത്തിരിക്കുന്ന ബിജെപിക്കും തൃശൂർ നിർണായകമാണ്. അതുകൊണ്ടു തന്നെ പോരാട്ടം കനക്കുമെന്ന് ഉറപ്പ്.
തൃശൂർ, നാട്ടിക, കയ്പമംഗലം, ഇരിങ്ങാലക്കുട, ചാലക്കുടി, പുതുക്കാട്, ചേലക്കര, കുന്നംകുളം, ഗുരുവായൂര്‍, മണലൂർ, വടക്കാഞ്ചേരി, ഒല്ലൂർ, കൊടുങ്ങല്ലൂർ എന്നിങ്ങനെ 13 മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. 2016 ലെ തിരഞ്ഞെടുപ്പിൽ ഇതിൽ 12 മണ്ഡലങ്ങളും ചുവന്നു. 43 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വടക്കാഞ്ചേരി ഒപ്പം നിന്നതു മാത്രമാണ് യുഡിഎഫിന്റെ ഏക ആശ്വാസം; അതും ഏറെ ആശങ്കകൾ സൃഷ്ടിച്ചശേഷം. 96 ലെ ഇടതു തരംഗത്തില്‍പ്പോലും 2 സീറ്റുകൾ നൽകിയ ജില്ലയിലാണ് യുഡിഎഫിന്റെ പ്രകടനം ദയനീയമായത്.
കെ. കരുണാകരന്റെ പ്രതാപകാലത്ത് കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു തൃശൂർ. പക്ഷേ പതിയെ കളംപിടിച്ച ഇടതുപക്ഷം തൃശൂരിൽ കരുത്തു നേടി. ജില്ലയിൽ ബിജെപിയുടെ സ്വാധീനം വർധിക്കുന്നു എന്നതാണ് തിരഞ്ഞെടുപ്പിനെ പ്രവചനാതീതമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്.
തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ല ഒപ്പം നിന്നതാണ് ഇടതുപക്ഷത്തിന്റെ പ്രതീക്ഷകൾക്കു കരുത്തേകുന്നത്. കേവലഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും കോർപറേഷൻ ഭരണം നിലനിർത്താനായി. ജില്ലാ പഞ്ചായത്തിലെ 29 ഡിവിഷനിൽ 24 എണ്ണം നേടി ആധിപത്യം ഉറപ്പിച്ചു. ഏഴിൽ അഞ്ചു നഗരസഭകളിൽ ഭരണം. 86 ഗ്രാമപഞ്ചായത്തിൽ 62 എണ്ണത്തിൽ കേവല ഭൂരിപക്ഷത്തോടെ അധികാരത്തിൽ. ലൈഫ് മിഷൻ അഴിമതി ആരോപണമുയർന്ന വടക്കാഞ്ചേരി നഗരസഭയിൽ പോലും കേവല ഭൂരിപക്ഷം നിലനിർത്താനായി.
ജില്ലയിൽ അടിത്തട്ടിലെ സ്വാധീനം ശക്തമാണെന്നും സംഘടനാ സംവിധാനങ്ങൾ കൃത്യതയോടെ പ്രവർത്തിക്കുന്നുണ്ടെന്നുമുള്ളതിന്റെ തെളിവായാണ് ഇടതുപക്ഷം ജില്ലയിലെ തദ്ദേശ ഫലത്തെ വിലയിരുത്തിയത്. പിണറായി മന്ത്രിസഭയിൽ മൂന്നു മന്ത്രിമാരാണ് ജില്ലയിൽ നിന്നുള്ളത്. ഇവരുടെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടായതായും മുന്നണി കരുതുന്നു. ഇതെല്ലാം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ നിലനിർത്താൻ അനുകൂലമായ സാഹചര്യം ഒരുക്കുമെന്നും നേതൃത്വം വിശ്വസിക്കുന്നു.
ഇടതു പാർട്ടികളുടെ സ്ഥാനാര്‍ഥി മാനദണ്ഡങ്ങൾ പ്രകാരം, മന്ത്രിമാരായ സി. രവീന്ദ്രനാഥ്, വി.എസ് സുനിൽ കുമാർ എന്നിവരെ ഇത്തവണ മത്സരംഗത്തുനിന്നു മാറ്റിനിർത്തണമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ജനകീയരായ ഇവരെ മാറ്റിനിർത്തി തിരഞ്ഞെടുപ്പിന് ഇറങ്ങിയാൽ സിറ്റിങ് സീറ്റ് നഷ്ടമാകുമോ എന്നതാണ് ആശങ്കയ്ക്കു കാരണം. ഭരണത്തുടർച്ച പ്രതീക്ഷിക്കുന്നതിനാൽ ഇക്കാര്യത്തിൽ ആലോചിച്ചേ തീരുമാനമെടുക്കാനാവൂ.
2016 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വോട്ടുവിഹിതത്തിലുണ്ടായ വർധന ചില മണ്ഡലങ്ങളിൽ എൽഡിഎഫ് വിജയത്തിനു സഹായമായി എന്നായിരുന്നു അന്നത്തെ വിലയിരുത്തൽ. എന്നാൽ അഞ്ചു വർഷങ്ങൾക്കിപ്പുറം, മാറിയ സാഹചര്യത്തിൽ ബിജെപിയുടെ സ്വാധീനം തിരഞ്ഞെടുപ്പിൽ എങ്ങനെ പ്രതിഫലിക്കുമെന്നത് എൽഡിഎഫിൽ ആശങ്ക സൃഷ്ടിച്ചേക്കാം. എങ്കിലും അതെല്ലാം മറികടന്ന് സാംസ്കാരിക തലസ്ഥാനത്തെ ചുവപ്പിച്ചു നിർത്താനുള്ള തീവ്ര ശ്രമമായിരിക്കും ഇടതുപക്ഷം നടത്തുക.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം കടുത്ത വെല്ലുവിളികളാണ് ജില്ലയിലെ കോൺഗ്രസ് നേതൃത്വത്തിനുണ്ടാക്കിയത്. മുതിർന്ന നേതാക്കൾക്കെതിരെ പത്മജ വേണുഗോപാൽ രംഗത്തു വന്നു. പ്രചാരണത്തിൽനിന്നു വിട്ടു നിന്ന മുതിർന്ന നേതാക്കൾ തോൽവിക്കു കാരണക്കാരായി എന്നതു മുതൽ വോട്ടു മറിച്ചു എന്നുവരെ ആരോപണങ്ങൾ ഉയര്‍ന്നു. ഗ്രൂപ്പ് പോര്, പരസ്യ പ്രതികരണങ്ങൾ, ആക്ഷേപങ്ങൾ, ആരോപണങ്ങൾ, പരസ്പരം പഴിക്കൽ എന്നിവ ജില്ലാ നേതൃത്വത്തെ പ്രതിരോധത്തിലാക്കി.
2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലുണ്ടായ യുഡിഎഫ് തരംഗം തൃശൂരിലും ശക്തമായിരുന്നു എന്നതിന്റെ ആവേശത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും കണക്കുകൂട്ടലുകൾ തെറ്റി. ജില്ലയിൽ ശക്തമായ തിരിച്ചുവരവ് നടത്താനാകുമെന്നു യുഡിഎഫ് പ്രതീക്ഷിച്ചെങ്കിലും ഒട്ടും ആശ്വാസം നൽകാത്ത ഫലമാണുണ്ടായത്. ചില ശക്തികേന്ദ്രങ്ങളിൽ വിജയം നേരിയ ഭൂരിപക്ഷത്തിലേക്ക് ചുരുങ്ങിയപ്പോൾ, ചിലത് നഷ്ടപ്പെടുകയും ചെയ്തു. നഗരസഭകളിൽ ചാലക്കുടിയിലേത് മാത്രമാണു മികച്ചതെന്നു പറയാവുന്ന പ്രകടനം. 2015 ലെ തദ്ദേശ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്താൽ കാര്യമായ നേട്ടമൊന്നും 2020 ൽ അവകാശപ്പെടാനുണ്ടായില്ല. സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ഉന്നയിച്ച പ്രധാന ആരോപണങ്ങളിൽ ഒന്നായിരുന്ന ലൈഫ് മിഷൻ അഴിമതി ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്ന് വടക്കഞ്ചേരിയിലെ തിരഞ്ഞെടുപ്പു ചിത്രം വ്യക്തമാക്കി.
പടലപിണക്കങ്ങളും ഗ്രൂപ്പ് പോരും വിമത സ്ഥാനാർഥികളുമെല്ലാം ജില്ലയിൽ കോൺഗ്രസിന് ഉണ്ടാക്കിയ തലവേദന വേറേ. വിമതൻ എം.കെ വർഗീസിനെ ഒപ്പം നിർത്തി കോർപ്പറേഷൻ ഭരണം നേടാൻ അവസാനം വരെ ശ്രമം നടത്തിയെങ്കിലും അതും പരാജയപ്പെട്ടു. ഇങ്ങനെ കോൺഗ്രസ്സിന്റെ സംഘടനാ ദൗർബല്യങ്ങൾ വിളിച്ചു പറയുന്നതായി തദ്ദേശ തിരഞ്ഞെടുപ്പ്.
ഇത്തരം പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും പ്രതീക്ഷയോടെയാണ് ജില്ലയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസ് ഒരുങ്ങുന്നത്. തിരിച്ചുവരവ് അസാധ്യമല്ലെന്നും ആഞ്ഞുപിടിച്ചാൽ പഴയ പ്രതാപം വീണ്ടെടുക്കാമെന്നും നേതൃത്വം കരുതുന്നു. അതുകൊണ്ടു തന്നെ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പും 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പും നൽകിയ തിരിച്ചടികളിൽനിന്നു പാഠം ഉൾകൊണ്ടാകും കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് ഇത്തവണ ജില്ലയിൽ അങ്കത്തിന് ഇറങ്ങുക.
ബിജെപിക്ക് ആശ്വാസത്തിനും ആശങ്കയ്ക്കും ഒരുപോലെ വക നൽകുന്നുണ്ട് തൃശൂർ. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതത്തിലുണ്ടായ വളർച്ച പ്രതീക്ഷിച്ചതിലും അധികമായിരുന്നു. 10 മണ്ഡലങ്ങളിലാണ് 25000 ന് മുകളിൽ വോട്ട് ലഭിച്ചത്. തുടർന്നു വന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും പ്രകടനം മെച്ചപ്പെടുത്താൻ ബിജെപിക്കായി. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ സുരേഷ് ഗോപിയെ സ്ഥാനാർഥിയാക്കി ശക്തമായ മത്സരം കാഴ്ചവച്ചപ്പോൾ രണ്ടു ലക്ഷത്തിനടുത്ത് വോട്ടുകളുടെ വർധനവാണ് ഉണ്ടായത്. നേതൃത്വത്തെയും അണികളെയും ആവേശത്തിലാക്കാൻ ഇത് സഹായിച്ചു. തുടർന്ന് വർധിച്ച ആത്മവിശ്വാസത്തോടെയാണ് തദ്ദേശ തിരഞ്ഞെടുപ്പിനിറങ്ങിയത്. തൃശൂർ കോർപറേഷൻ ഉൾപ്പെടെ ജില്ലയിലെ പല തദ്ദേശ സ്ഥാപനങ്ങളിലും അധികാരം പിടിക്കുമെന്ന് ഉറപ്പിച്ചായിരുന്നു പ്രചാരണം. എന്നാൽ ഫലം വന്നപ്പോൾ പ്രതീക്ഷകൾ താളം തെറ്റി.
കോർപറേഷനിൽ 55 ൽ ആറു ഡിവിഷനുകളിലാണ് വിജയിക്കാനായത്. മാത്രമല്ല മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയ സംസ്ഥാന നേതാവ് ബി. ഗോപാലകൃഷ്ണന്‍ സിറ്റിങ് സീറ്റിൽ പരാജയപ്പെടുകയും ചെയ്തു. അവിണിശ്ശേരി ഗ്രാമപഞ്ചായത്തിൽ ഭരണം നിലനിർത്തിയെങ്കിലും കൂടുതൽ സീറ്റുകൾ പിടിച്ചെടുക്കാനായില്ല. കേവല ഭൂരിപക്ഷമില്ലാതെയാണ് ഇവിടെ ഭരണം. കൂടുതൽ വാർഡുകളിൽ വിജയിച്ചു, വോട്ടു വിഹിതം കൂടി, ചില തദ്ദേശ സ്ഥാപനങ്ങളിൽ രണ്ടാമത്തെ വലിയ കക്ഷിയായി എന്നതിനപ്പുറം പ്രതീക്ഷിച്ചതു പോലെയൊരു വൻ മുന്നേറ്റം നടത്താനാവാതെ പോയത് നിരാശയായി. പാർട്ടിക്കുള്ളിലെ പടലപിണക്കങ്ങൾ പുറത്തുവരികയും അച്ചടക്ക നടപടികൾ ഉണ്ടാകുകയും ചെയ്തു.
ഇത്തരമൊരു സാഹചര്യത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിന് ബിജെപി ഒരുങ്ങുന്നത്. 2016 ലെ തിരഞ്ഞെടുപ്പിൽ 30,000 ത്തിൽ അധികം വേട്ടുകൾ നേടുകയും തദ്ദേശ തിരഞ്ഞെടുപ്പിൽ അമ്പരപ്പിക്കുന്ന മുന്നേറ്റം കാഴ്ചവെയ്ക്കുകയും ചെയ്ത കൊടുങ്ങല്ലൂർ ആണ് എൻഡിഎ പ്രതീക്ഷകളിൽ ഏറെ മുന്നിൽ. പല മണ്ഡലങ്ങളുടെയും വിധി നിർണയിക്കുക എൻഡിഎയുടെ പ്രകടനം ആകുമെന്നും വ്യക്തം. വെല്ലുവിളികളെ മറികടന്ന് വടക്കുംനാഥന്റെ മണ്ണിൽ വെന്നിക്കൊടി പാറിക്കാനാകും എന്ന കണക്കുകൂട്ടലിലാണ് നേതൃത്വം.
Content Highlights: Assembly Elections 2021, Thrissur politics