ADVERTISEMENT

‘ഒരേ രാജ്യത്തുള്ളവർക്ക് വിവാഹം കഴിക്കാം, ഒരേ മതവിഭാഗത്തിൽപ്പെട്ടവർക്ക് വിവാഹം കഴിക്കാം, ഒരേ കുടുംബത്തിൽപ്പെട്ടവർക്ക് വിവാഹം കഴിക്കാം. പക്ഷേ ഒരേ ലിംഗത്തിൽപ്പെട്ടവർക്കു മാത്രം വിവാഹം കഴിക്കാൻ സാധിക്കില്ല.’– സ്വവർഗ വിവാഹത്തെ എതിർത്തുകൊണ്ട് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടു സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ ഒരു പോസ്റ്റിലെ വരികളാണ് ഇവ. ഭാരതത്തിന്റെ സാംസ്കാരിക മൂല്യങ്ങൾക്കും പാരമ്പര്യത്തിനും നിരക്കുന്നതല്ലെന്ന വാദമുയർത്തിയാണ് കേന്ദ്രസർക്കാർ സ്വവർഗ വിവാഹത്തെ എതിർത്തത്. ഇതോടെ വിവാഹസങ്കൽപങ്ങളെക്കുറിച്ച് രാജ്യത്ത് വീണ്ടും ചർച്ചകളുയർന്നു.

കേന്ദ്രം പറഞ്ഞത്..

വിവാഹം രണ്ടു വ്യക്തികളുടെ കാര്യമായി മാത്രം കണക്കാക്കാവുന്നതല്ല. അത് പരമ്പരാഗത ആചാരങ്ങൾ, രീതികൾ, ശീലങ്ങൾ, സാംസ്കാരിക, സാമൂഹിക മൂല്യങ്ങൾ എന്നിവയുമായി അഭേദ്യമായ ബന്ധമുള്ളതാണ്. നിലവിലുള്ള ഭാര്യാഭർതൃസങ്കൽപവുമായി ചേർന്നുപോകുന്നതല്ല സ്വവർഗ വിവാഹങ്ങൾ. അത്തരം വിവാഹങ്ങൾക്ക് അംഗീകാരം വ്യാപകമാക്കാതിരിക്കുന്നതിൽ നിയമപരമായ താൽപര്യമുണ്ട്.

വ്യക്തിനിയമങ്ങളിലോ മറ്റു നിയമങ്ങളിലോ ഇത് അംഗീകരിക്കപ്പെട്ടിട്ടില്ല. നിയമനിർമാണ സഭകളാണ് ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത്.– കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു. വിവാഹം റജിസ്റ്റർ ചെയ്തു നൽകാത്തതിനെതിരായ ഒരു പറ്റം ഹർജികളിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്

ചരിത്രവും നിയമവും

ഇന്ത്യയിൽ സ്വവർഗ വിവാഹത്തിന് നിയമപരിരക്ഷ ഇല്ലെങ്കിലും ഇത്തരം വിവാഹങ്ങൾക്ക് മൂന്നു പതിറ്റാണ്ടിലേറെ ചരിത്രമുണ്ട്. 1987 ൽ ഇന്ത്യയിലെ രണ്ടു വനിതാ പൊലീസ് ഉദ്യോഗസ്ഥർ തമ്മിൽ വിവാഹം കഴിച്ചതായി നാഷനൽ പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. റൂത്ത് വനിതയും സലിം കിദ്വായിയും ചേർന്ന് എഡിറ്റ് ചെയ്ത് 2000 ത്തിൽ പുറത്തിറങ്ങിയ ‘സെയിം സെക്സ് ലവ് ഇൻ ഇന്ത്യ: റീഡിങ്സ് ഫ്രം ലിറ്ററേച്ചർ ആൻഡ് ഹിസ്റ്ററി’ എന്ന പുസ്തകത്തിൽ ഇന്ത്യയിലെ സ്വവർഗവിവാഹങ്ങളുടെ ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

പ്രമുഖ ഫാഷൻ ഡിസൈനർ വെൻഡെൽ റോഡ്രിക്സ് 2002 ൽ ഗോവയിലെ ഫ്രഞ്ച് നിയമപ്രകാരം തന്റെ പങ്കാളി ജെറോം മാരലിനെ വിവാഹം കഴിച്ചത് സ്വവർഗ വിവാഹത്തിലെ സെലിബ്രിറ്റി ഏടായിരുന്നു. 2018 ൽ ആഗ്രയിൽ രണ്ടു യുവതികളുടെ വിവാഹം വിവാദമാകുകയും ചെയ്തു. ഒരാൾ പുരുഷനായി വേഷം ധരിച്ചായിരുന്നു വിവാഹം. ഇതു ബന്ധുക്കൾ കണ്ടെത്തിയതോടെ സംഭവത്തിൽ പൊലീസ് ഇടപെട്ടു.

ഇന്ത്യയിൽ വിവാഹം റജിസ്റ്റർ ചെയ്യുന്നതിൽ വ്യത്യസ്ത നിയമങ്ങളാണ് നിലനിൽക്കുന്നത്. ഒരേ മതത്തിലുള്ളവർ തമ്മിലുള്ള വിവാഹം അവർക്കു ബാധകമായ വ്യക്‌തിനിയമ പ്രകാരവും വ്യത്യസ്‌ത മതവിഭാഗത്തിലുള്ളവർ തമ്മിലുള്ള വിവാഹം 1954ലെ സ്‌പെഷൽ മാര്യേജ് ആക്‌ട് അനുസരിച്ചുമാണ് റജിസ്‌റ്റർ ചെയ്യേണ്ടത്. ക്രിസ്ത്യൻ മാര്യേജ് ആക്ട്, ഹിന്ദു മാര്യേജ് ആക്ട്, പാഴ്സി മാര്യേജ് ആക്ട്, ആനന്ദ് മാര്യേജ് ആക്ട്, മുസ്‌ലിം വ്യക്തി നിയമം തുങ്ങിയവ അനുസരിച്ചാണ് ഒരേ മതവിഭാഗത്തിലുള്ളവർ തമ്മിലുള്ള വിവാഹം റജിസ്റ്റർ ചെയ്യുന്നത്.

lgbt-gay
പ്രതീകാത്മക ചിത്രം

സ്പെഷൽ മാര്യേജ് നിയമപ്രകാരം വിവാഹിതരാകാൻ ആഗ്രഹിക്കുന്നവരെക്കുറിച്ച് 30 ദിവസം മുമ്പ് നോട്ടിസ് പരസ്യപ്പെടുത്തണമെന്നു വ്യവസ്ഥയുണ്ട്. ഇതിനെതിരെയും നിയമപോരാട്ടം ന‍ടക്കുകയാണ്. നോട്ടിസ് പരസ്യപ്പെടുത്തണമെന്നു നിർബന്ധിക്കുന്നതു സ്വകാര്യതയ്ക്കും സ്വാതന്ത്ര്യത്തിനുമുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് അലഹാബാദ് ഹൈക്കോടതി ജനുവരിയിൽ വിധിക്കുകയും ചെയ്തിരുന്നു.

ഹിന്ദു വിവാഹ നിയമപ്രകാരം വധുവെന്നതിന്റെ വിവക്ഷയിൽ ട്രാൻസ്‌വുമണും ഉൾപ്പെടുമെന്നു 2019 ൽ മദ്രാസ് ഹൈക്കോടതിയും ചരിത്രവിധിയിൽ വ്യക്തമാക്കി. വധുവെന്നതു കൊണ്ട് അർഥമാക്കുന്നത് സ്ത്രീയെയാണെന്നും ട്രാൻസ്‌വുമണിനെ ഇതിൽ പരിഗണിക്കാനാവില്ലെന്നുമുള്ള വാദം കോടതി തള്ളി. നിയമത്തിനു മുന്നിൽ എല്ലാ പൗരന്മാരും തുല്യരാണെന്നും ട്രാൻസ്‌വുമണിനു മാത്രമായി അതു നിഷേധിക്കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ട്രാൻസ്ജെൻഡറുകളുടെ വിവാഹം സംബന്ധിച്ച സുപ്രീംകോടതിയുടെ അനുകൂല വിധി ഹിന്ദു വിവാഹ നിയമത്തിൽ മാത്രം ബാധകമാകാതിരിക്കുന്നതെങ്ങനെ എന്നും കോടതി ചോദിച്ചു.

സ്വവർഗ ലൈംഗിക ബന്ധം, വിവാഹം

2021 ജനുവരി വരെ 29 രാജ്യങ്ങളിലാണ് സ്വവർഗവിവാഹം നിയമപരമായിട്ടുള്ളത്. അർജന്റീന, ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ബ്രസീൽ, കാനഡ, കൊളംബിയ, കോസ്റ്റാറിക്ക, ഡെൻമാർക്, ഇക്വഡോർ, ഫിൻ‌ലൻ‌ഡ്, ഫ്രാൻസ്, ജർമനി, ഐസ്‌ലൻഡ്, അയർലൻഡ്, ലക്സംബർഗ്, മാൾട്ട, മെക്സിക്കോ, നെതർലൻഡ്സ്, ന്യൂസീലൻഡ്, നോർവേ, പോർച്ചുഗൽ, ദക്ഷിണാഫ്രിക്ക, സ്പെയിൻ, സ്വീഡൻ, തയ്‌വാൻ, യുകെ, യുഎസ്, ഉറുഗ്വേ എന്നീ രാജ്യങ്ങളിലാണ് ഇവ.

സ്വവർഗബന്ധം ഉൾപ്പെടെ, പ്രായപൂർത്തിയായവർ തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ഏതുതരം ൈലംഗിക ബന്ധവും കുറ്റകരമല്ലെന്ന് ഇന്ത്യയിലെ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് 2018 സെപ്റ്റംബറിൽ ഏകകണ്ഠമായി വിധിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377–ാം വകുപ്പിൽ ‘പ്രകൃതിവിരുദ്ധ’ ലൈംഗികബന്ധത്തെ കുറ്റകരമാക്കുന്ന വ്യവസ്ഥകൾ ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിച്ചു റദ്ദാക്കിയാണ് സുപ്രീം കോടതിയുടെ ചരിത്രപ്രധാനമായ വിധി. 158 വർഷമായി നിലവിലുള്ള വ്യവസ്ഥകളാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.

സന്താനോൽപാദന ഉദ്ദേശ്യമില്ലാത്ത ലൈംഗികബന്ധം പ്രകൃതിവിരുദ്ധമാണെന്ന കാഴ്ചപ്പാട് സാമൂഹിക സദാചാരത്തിന്റെ ഭാഗമായിരിക്കാം, ഭൂരിപക്ഷ അഭിപ്രായവുമായിരിക്കാം. പക്ഷേ, അതു ഭരണഘടനാധിഷ്ഠിത സദാചാരത്തിനു നിരക്കുന്നതല്ല. ലൈംഗിക താൽപര്യം വ്യക്തികേന്ദ്രീകൃതമാണ്, വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അന്തസ്സിന്റെയും ഭാഗമാണ്, സ്വകാര്യമാണ്. അതിൽ ഭരണകൂടം തലയിടേണ്ടതില്ലെന്നായിരുന്നു വിധി പ്രസ്താവിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ വാക്കുകൾ.

lesbian-couple-same-sex

ഇതുസംബന്ധിച്ച് പ്രത്യേക നിലപാടില്ലെന്നും കോടതിയുടെ വിവേകത്തിനു വിടുന്നുവെന്നുമായിരുന്നു വാദത്തിനിടെ കേന്ദ്രസർക്കാർ വ്യക്തമാക്കിയത്. എന്നാൽ സ്വവർഗ വിവാഹത്തിന്റെ കാര്യം വന്നപ്പോൾ കേന്ദ്രം ‘പ്ലേറ്റ്’ മാറ്റി. രാജ്യത്തിന്റെ സംസ്കാരവും നിയമവും സ്വവർഗ വിവാഹം അംഗീകരിക്കുന്നില്ലെന്നു കഴിഞ്ഞ വർഷം തന്നെ കേന്ദ്രം ‍ഡൽഹി ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഹിന്ദു വിവാഹ നിയമപ്രകാരം പുരുഷനും സ്ത്രീയും തമ്മിലുള്ള വിവാഹത്തിനാണു സാധുതയെന്നും സോളിസിറ്റർ ജനറൽ(എസ്ജി) തുഷാർ മേത്ത വാദിച്ചു.

രാജ്യത്തെ സംസ്കാരമാണു നിയമത്തിൽ ക്രോഡീകരിച്ചിട്ടുള്ളത്. അനുവദനീയമല്ലാത്ത ബന്ധങ്ങൾ, ഭാര്യയ്ക്കുള്ള പ്രത്യേക അവകാശങ്ങൾ, പ്രായപരിധികൾ, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498–എ വകുപ്പിലൂടെ ഭാര്യയ്ക്കു നൽകുന്ന പ്രത്യേക പരിരക്ഷ തുടങ്ങിയവ ഇത്തരത്തിലുള്ളതാണ്. നിയമത്തിലില്ലാത്തത് അനുവദിക്കാൻ കോടതിക്കാവില്ല. 2018ൽ നവതേജ് സിങ് ജോഹർ കേസിലെ വിധിയിലൂടെ ഉഭയസമ്മതത്തോടെയുള്ള സ്വവർഗ ലൈംഗിക ബന്ധം ക്രിമിനൽ കുറ്റമല്ലാതാക്കുക മാത്രമാണു സുപ്രീം കോടതി ചെയ്തത്– എസ്ജി വാദിച്ചു.

ഇനി എന്ത്?

സ്വവർഗ വിവാഹത്തിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം സത്യവാങ്മൂലത്തിലൂടെ സമർപ്പിച്ചെങ്കിലും നിയമപോരാട്ടം അവസാനിക്കുന്നില്ല. ഡൽഹി ഹൈക്കോടതി കേന്ദ്രത്തിന്റെ അഭിപ്രായം ആരാഞ്ഞപ്പോൾ സർക്കാർ അതു വ്യക്തമാക്കിയെന്നു മാത്രം. മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497 ാം വകുപ്പും ക്രിമിനൽ നടപടി ചട്ടത്തിലെ 198(2) വകുപ്പും ഭരണഘടനാവിരുദ്ധമെന്നു സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാബെഞ്ച് 2018 ഏകകണ്ഠമായി വിധിച്ചത് കേന്ദ്രസർക്കാരിന്റെ വാദം തള്ളിയായിരുന്നു.

വിവാഹേതര ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നവരിൽ പുരുഷന്റെ മാത്രമല്ല, സ്ത്രീയുടെ നടപടിയും കുറ്റകരമാക്കണമെന്നാണു കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വാദിച്ചത്. വിവാഹേതര ബന്ധം കുറ്റമല്ലാതാക്കുന്നതു വിവാഹത്തിന്റെ പവിത്രത ഇല്ലാതാക്കുമെന്നും ചൂണ്ടിക്കാട്ടി. എന്നാൽ വിവാഹ ബന്ധത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞുകൊണ്ടുതന്നെ, ശിക്ഷാവകുപ്പുകളെ ലിംഗനിഷ്പക്ഷമാക്കുന്നതിനോടു കോടതി വിയോജിച്ചു.

സ്വവർഗ വിവാഹം കൂടാതെ സ്വവർഗ പങ്കാളികൾക്കു കുഞ്ഞുങ്ങളെ ദത്തെടുത്തു വളർത്താനുള്ള അവകാശം, പിന്തുടർച്ചാവകാശം തുടങ്ങിയ കാര്യങ്ങളിലും കോടതിയിൽനിന്ന് എൽജിബിടി വ്യക്തികൾ നീതി പ്രതീക്ഷിക്കുന്നു. പുരോഗമനപരമായും പ്രായോഗികമായും ഭരണഘടനയെ വ്യാഖ്യാനിക്കേണ്ടതുണ്ടെന്നാണു 377–ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് രണ്ടുവർഷം മുൻപു സുപ്രീം കോടതി പറഞ്ഞത്. ഈ വാക്കുകൾ തന്നെയാണ് ഇപ്പോഴത്തെ പ്രതീക്ഷയുടെ കാരണവും.

lgbt

English Summary: Same Sex Marriage in India

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com