ഹാട്രിക് അടിക്കാൻ ദീദി; ഭരണം പിടിക്കാൻ ബിജെപി: ചൂടേറും ബംഗാൾ പോരാട്ടം
Mail This Article
2016 ലെ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍, ഭരണവിരുദ്ധവികാരത്തോടും കോണ്‍ഗ്രസ് - ഇടതു സഖ്യത്തോടും പൊരുതി ജയിച്ച് അധികാരത്തിലേറിയ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ഇത്തവണയും അത് ആവര്‍ത്തിക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. പക്ഷേ, ഇത്തവണ കോണ്‍ഗ്രസ്-ഇടതു സഖ്യത്തോടുമാത്രമല്ല, ബിജെപിയോടും മമതയ്ക്ക് പോരാടേണ്ടിയിരിക്കുന്നു. ബംഗാളിനെ കാവി പുതപ്പിക്കാനുള്ള നീക്കം മോദി-അമിത് ഷാ ബ്രാന്‍ഡിനു കീഴില്‍ തകൃതിയായി നടക്കുമ്പോള്‍, കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ചു പോകാതെ നോക്കുക മമതയ്ക്ക് പ്രധാനമാണ്. മൂന്നാം തവണയും ബംഗാള്‍ ഭരിക്കാനൊരുങ്ങുന്ന ‘ദീദി’യുടെ ആഗ്രഹം നടക്കില്ലെന്നു ബിജെപി ആവര്‍ത്തിക്കുന്നുമുണ്ട്.
34 വര്‍ഷത്തെ ഇടതുഭരണത്തിനു വിരാമമിട്ട് 2011ല്‍ അധികാരത്തിലേറിയ തൃണമൂല്‍ കോണ്‍ഗ്രസിന് നിലവിലെ സാഹചര്യങ്ങള്‍ അനുകൂലമല്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. രാഷ്ട്രീയ ജീവിതത്തില്‍ മമതയുടെ വലംകൈയായിരുന്ന സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കും ശാരദ ചിട്ടിതട്ടിപ്പു കേസും തൃണമൂലിനെ ക്ഷീണത്തിലാക്കിയിട്ടുണ്ട്. 2011 ല്‍ 184 സീറ്റുകള്‍ നേടിയ പാര്‍ട്ടി 2016 ല്‍ 211 സീറ്റുകള്‍ നേടിയിരുന്നു. പക്ഷേ, 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 34 സീറ്റു നേടിയിരുന്ന തൃണമൂല്‍ കോണ്‍ഗ്രസിന് 2019 ല്‍ 22 എണ്ണത്തിലേ വജയിക്കാനായുള്ളൂ.
രണ്ടില്‍നിന്ന് 18 ലേക്കുയര്‍ന്ന 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു ഫലത്തിലാണ് ബിജെപിയുടെ പ്രതീക്ഷ. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 3 സീറ്റില്‍ വിജയിച്ച ബിജെപി 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടി. അതേസമയം, 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പു തോല്‍വിക്കു ശേഷം പരുങ്ങലിലാണ് സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ സ്ഥിതി. 2011 ല്‍ സിപിഎം 40 ഉം സിപിഐ രണ്ടും സീറ്റുകളാണ് നേടിയത്. 2016 ലെ തിരഞ്ഞെടുപ്പില്‍ സിപിഎം 26, സിപിഐ 1. കോണ്‍ഗ്രസിന്റേതും ദയനീയ പ്രകടനമാണ്. 2011ല്‍ കോണ്‍ഗ്രസ് 42, 2016 ല്‍ 44. 2016 ലേതു പോലെ ഇത്തവണയും കോണ്‍ഗ്രസ്–ഇടതുസഖ്യം ഒരുമിച്ചാണ് മത്സരിക്കുന്നത്.
ആര്‍എസ്പി, ഗൂര്‍ഖ ജനമുക്തി, സമാജ് വാദി പാര്‍ട്ടി, ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടി, സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളുടെ വിജയവും തിരഞ്ഞെടുപ്പില്‍ സ്വധീനിച്ചേക്കാം. ഇത്തവണ അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയും സംസ്ഥാനത്ത് മത്സരിക്കുന്നുണ്ട്.
2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 294 അംഗ നിയമസഭയില്‍ 211 സീറ്റുകളാണു തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത്. സഖ്യമുണ്ടാക്കിയിട്ടും കോണ്‍ഗ്രസിനും ഇടതുസഖ്യത്തിനും നേടാനായത് 76 സീറ്റുകള്‍ മാത്രം. സിപിഎം 26 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസ് 44 സീറ്റും ബിജെപി മൂന്നു സീറ്റും നേടി.
∙ 2016 ലെ ആകെ സീറ്റ് നില:
തൃണമൂല്‍- 211
കോണ്‍ഗ്രസ് – 44
സിപിഎം – 26
ബിജെപി – 3
ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് - 2
ആര്‍എസ്പി – 3
സിപിഐ – 1
ഗൂര്‍ഖ ജനമുക്തി മോര്‍ച്ച –03
സ്വതന്ത്രര്‍ – 01
∙ 2011 ലെ സീറ്റ് നില:
തൃണമൂല്‍ - 184
കോണ്‍ഗ്രസ് – 42
സിപിഎം – 40
ബിജെപി – 0
ഓള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക് - 11
ആര്‍എസ്പി – 7
സിപിഐ – 2
ഗൂര്‍ഖ ജനമുക്തി – 3
സ്വതന്ത്രര്‍ – 2
സമാജ് വാദി പാര്‍ട്ടി - 1
ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് പാര്‍ട്ടി - 1
സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ - 1
∙ 2014, 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം:
ആകെ 42 ലോക്‌സഭാ മണ്ഡലങ്ങളാണ് ബംഗാളിൽ. സംസ്ഥാനത്ത് ബിജെപിയുടെ കടന്നുകയറ്റത്തിന്റെ ചിത്രമായിരുന്നു 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം. 2014 ലെ തിരഞ്ഞെടുപ്പില്‍ വെറും 2 സീറ്റു നേടിയ ബിജെപി 2019 ല്‍ 18 സീറ്റുകള്‍ നേടി. 2014 ല്‍ 34 സീറ്റു നേടിയ തൃണമൂല്‍ കോണ്‍ഗ്രസിന് 2019 ല്‍ 22 എണ്ണമേ നേടാനായുള്ളു. 2014 ല്‍ കോണ്‍ഗ്രസ് 4 സീറ്റ് നേടിയെങ്കില്‍ 2019 ല്‍ അത് 2 ആയി കുറഞ്ഞു. 2014 ലും 2019 ലും സിപിഎം രണ്ടു സീറ്റുകളിൽ മാത്രമേ വിജയിച്ചുള്ളൂ.
Content Highlight: West Bengal Lok Sabha, Assembly Elections