ഒമാൻ ഉൾക്കടലിൽ ഇസ്രയേലി കപ്പലിലെ സ്ഫോടനം: പിന്നിൽ ഇറാനെന്ന് റിപ്പോർട്ട്
Mail This Article
ടെഹ്റാൻ∙ ഒമാൻ കടലിടുക്കിൽ വ്യാഴാഴ്ച ഇസ്രയേലി ചരക്കുകപ്പലിലുണ്ടായ സ്ഫോടനത്തിനു പിന്നിൽ ഇറാനാണെന്ന് റിപ്പോർട്ട്. ഇറാൻ ദിനപത്രമായ ‘കെയാൻ’ ആണ് സ്ഫോടനത്തിന് പിന്നിൽ ഇറാനും സഖ്യകക്ഷികളുമാണെന്ന് വെളിപ്പെടുത്തിയത്.
ഇസ്രയേൽ അയച്ച ചാരക്കപ്പലാണ് തകർത്തതെന്നാണ് ഇറാന്റെ വാദം. പേർഷ്യൻ ഗൾഫ്, ഒമാൻ കടൽ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയായിരുന്നു കപ്പലെന്നും പത്രം പറയുന്നു. ഒമാനിൽനിന്ന് ഹോർമുസ് കടലിടുക്കിന് തെക്ക് ഭാഗത്ത് വ്യാഴാഴ്ച രാത്രിയാണ് സ്ഫോടനം നടന്നത്.
സൗദി തുറമുഖത്തുനിന്ന് സിംഗപ്പൂരിലേക്ക് പോകുകയായിരുന്ന എംവി ഹെലിയോസ് റേ എന്ന ചരക്കുക്കപ്പലാണ് സ്ഫോടനത്തിൽപ്പെട്ടതെന്നാണ് ലണ്ടൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ദ്രയാദ് ഗ്ലോബൽ മാരിടൈ സെക്യൂരിറ്റി ഗ്രൂപ് അറിയിച്ചത്. കപ്പലിനു കേടുപാടുകൾ സംഭവിച്ചു. ഒന്നര മീറ്ററോളം വ്യാസമുള്ള രണ്ട് ദ്വാരങ്ങൾ കാണാം. ആളപായമില്ല.
English Summary : Iran, allies could be behind Israeli ship blast: Report